തട്ടിപ്പിന്റെ തുടക്കം അമ്മയ്ക്കു വേണ്ടി; ‘എസ്പി’യ്ക്കു സല്യൂട്ടിനു പകരം കൈവിലങ്ങ്

vipin-fake-ips
SHARE

‘എസ്പി’ ചമഞ്ഞു പൊലീസുകാരുടെ സല്യൂട്ട് സ്വീകരിച്ചിരുന്ന വിപിൻ കാർത്തിക് പൊലീസിനൊപ്പം നിന്നതു കയ്യിൽ വിലങ്ങുമായി. പൊലീസ് ചോദ്യങ്ങൾക്കു വിപിൻ, വർഷവും സ്ഥലവും സമയവും തെറ്റിക്കാതെ ഉത്തരം നൽകി. മുൻപ് ഒരു തവണ ജയിൽശിക്ഷ അനുഭവിച്ചെന്ന് ഡിഐജി മാധ്യമപ്രവർത്തകരോടു പറഞ്ഞപ്പോൾ 3 തവണയെന്നു വിപിൻ  തിരുത്തി. വിപിൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു കടന്നുകളയാൻ പണത്തിനു വിളിച്ചതിൽ ഡിഐജിയുടെ സുഹൃത്തിന്റെ സുഹൃത്തും ഉണ്ടായതാണു വെട്ടിലാക്കിയത്. 

സുഹൃത്തിൽ നിന്നു വിവരം ലഭിച്ച ഡിഐജി എസ്. സുരേന്ദ്രൻ വിപിനെ വിളിച്ചുവരുത്താൻ കൈമാറുകയായിരുന്നു. പാലക്കാട്ടെ ചിറ്റൂരിൽ പണം കൈമാറാമെന്നു ബുധനാഴ്ച രാത്രി എട്ടോടെ നിർദേശം വച്ചു.തൃശൂരിൽ നിന്നു പൊലീസ് ചിറ്റൂരിലെത്തുമ്പോഴേക്കും വിപിൻ വന്നു മടങ്ങുമെന്നു മനസ്സിലാക്കിയ ഡിഐജി പാലക്കാട് ഡിവൈഎസ്പിയെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശാനുസരണം 8 പേരടങ്ങുന്ന പൊലീസ് വിപിനെ കാത്തു നിന്നു.

കൈക്കൂലി വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക ടീമിലെ അംഗമെന്നു പറഞ്ഞ് ടാക്സിയിലാണു വിപിൻ ചിറ്റൂരിലെത്തിയത്. യാത്ര രഹസ്യമായിരിക്കണമെന്നും വാഹന പരിശോധനയുണ്ടായാൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു വയ്ക്കണമെന്നും വിപിൻ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. രാത്രി 11ന് ആണു ചിറ്റൂരിലെത്തിയത്. കൂടുതൽ പേരെ കണ്ടപ്പോൾ ഓടി. അര കിലോമീറ്ററോളം ഓടി തത്തമംഗലത്ത് എത്തിയപ്പോൾ പൊലീസ് സംഘം ‘ കീഴ്പ്പെടുത്തി.

തട്ടിപ്പിന്റെ തുടക്കം അമ്മയ്ക്കു വേണ്ടി 

ദേവസ്വം ബോർഡിൽ ജീവനക്കാരിയായിരുന്ന അമ്മയ്ക്കു ജോലി സ്ഥലത്തു സമർപ്പിക്കുന്നതിനാണ് ആദ്യമായി വിപിൻ  വ്യാജ രേഖ ചമച്ചതെന്നാണു പൊലീസിനു കിട്ടിയ വിവരം. ഈ സംഭവത്തിൽ ഇരുവർക്കുമെതിരെ കേസ് ഉണ്ട്. ഇതിനു ശേഷം  സ്വന്തം പേരിലും  വ്യാജരേഖകൾ ഉണ്ടാക്കാൻ തുടങ്ങി. ഗുരുവായൂരിലേക്കു താമസം മാറ്റിയ ശേഷം ഇവിടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഐപിഎസുകാർക്ക് പൊലീസിൽ നിന്നു കിട്ടുന്ന സ്വീകാര്യതയാണു പുതിയ വഴിക്കു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ബാങ്കുകളിലും മറ്റും വിശദമായ പരിശോധന ഉണ്ടാവില്ല എന്നതും ഐപിഎസ് തിരഞ്ഞെടുക്കാൻ കാരണമായി.

ഐപിഎസുകാരുടെ വേഷവും മറ്റും കൃത്യമായി മനസ്സിലാക്കി അവ തയ്പിച്ചെടുക്കുന്നതിനൊപ്പം ആവശ്യമായ രേഖകൾ ഉണ്ടാക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. ബാങ്ക് വായ്പ തീർത്ത് ഹൈപൊതിക്കേഷൻ റദ്ദ് ചെയ്തതായി ആർടിഒ ഓഫിസിലേക്കു ബാങ്കിന്റെ രേഖ വ്യാജമായി നിർമിച്ചു നൽകും. തുടർന്നാണു വാഹനം വിൽക്കുക. ഈ രേഖ നൽകിയാലും ബാങ്ക് വായ്പാ തിരിച്ചടവു മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. ബാങ്കിൽ നല്ല ഇടപാടുകാരനായി തുടരാനും മറ്റു വായ്പകൾ കിട്ടാനുമാണ് ഇത്. ബാങ്ക് മാനദണ്ഡമാക്കുന്ന സിബിൽ സ്കോർ ഉയർത്താനും വിപിൻ ശ്രദ്ധിച്ചിരുന്നു.

വഞ്ചന തുടങ്ങുന്നത് വഞ്ചനയ്ക്ക് ഇരയായപ്പോൾ 

2008ൽ ഓൾ ഇന്ത്യാ എൻജിനീയറിങ് എൻട്രൻസിൽ 68ാം റാങ്കുകാരനായിരുന്നുവെന്നാണ്  വിപിൻ കാർത്തിക് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. 2 വർഷം കോഴിക്കോട് എൻഐടിയിൽ ബി ടെക് വിദ്യാർഥിയായിരുന്ന ഇയാൾ തുടർന്ന് ക്രിക്കറ്റ് ഹരം മൂത്ത് ഹാജർ ഇല്ലാതെ വന്നപ്പോൾ ക്ലാസിൽ നിന്നു പുറത്താക്കപ്പെടുകയായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു ചേർന്നെങ്കിലും അതും പൂർത്തിയാക്കാനായില്ല.

ചില ഐടി സ്ഥാപനങ്ങളിൽ‌ പലപ്പോഴായി ജോലി നോക്കിയിട്ടുണ്ട്. അമേരിക്കയിലേക്കു വീസയ്ക്ക് 11 ലക്ഷം രൂപ അടച്ച വിപിനെ ആ സ്ഥാപനം വഞ്ചിച്ചു. പുതിയ വായ്പക്കു വേണ്ടിയുള്ള അന്വേഷണമാണു വഞ്ചനയുടെ സാധ്യതകളിലേക്കു വഴി തുറന്നത്. കെഎസ്എഫ്ഇയിൽ നിന്ന് വായ്പ എടുക്കാൻ അമ്മയുടെ ശമ്പള സാക്ഷ്യപത്രം വ്യാജമായി ഉണ്ടാക്കിയതു പിടികൂടി.

തുടർന്നാണു പഴുതുകൾ അടച്ചു ശമ്പള സാക്ഷ്യപത്രം ഉണ്ടാക്കാൻ ആരംഭിക്കുന്നത്. വഞ്ചനാക്കുറ്റത്തിനും ലാപ്ടോപ് മോഷണത്തിനുമാണു 3 തവണ ജയിൽശിക്ഷ അനുഭവിച്ചത്.എൽഐ,സി ഹൗസിങ് ഫിനാൻസിലെ വായ്പ തിരിച്ചടയ്ക്കാത്തതിനാൽ 2015ൽ വീടു ജപ്തി ചെയ്തു. അവിടെ നിന്നു കിട്ടിയ 55,000 രൂപയുമായി ഗുരുവായൂരിൽ എത്തിയ ശേഷമാണ് ഐപിഎസ് ഓഫിസർ ചമഞ്ഞുള്ള തട്ടിപ്പ്.

തട്ടിപ്പിനു വഴി വച്ചത്.

വായ്പയ്ക്കു സമർപ്പിക്കുന്ന ശമ്പള സാക്ഷ്യപത്രം അതത് സ്ഥാപനത്തിൽ അയച്ച് സ്ഥിരീകരിക്കണമെന്ന നിയമം ബാങ്ക് അധികൃതർ പാലിച്ചില്ല.ബാധ്യത തീർന്നതായി ബാങ്കുകൾ നൽകുന്ന സാക്ഷ്യപത്രം ബാങ്കിലയച്ച് സ്ഥിരീകരിക്കണമെന്ന നിയമം ആർടിഒ ഉദ്യോഗസ്ഥരും പാലിച്ചില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...