10 വർഷം മുൻപ് മരിച്ച വിദ്യാർഥിയുടെ കുഴിമാടം തുറന്നു, ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു

തിരുവനന്തപുരം ഭരതന്നൂരിൽ പത്ത് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദർശ് വിജയൻ എന്ന വിദ്യാർഥിയുടെ  കുഴിമാടം തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മുങ്ങിമരണമെന്ന കരുതിയ സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ തുടർ അന്വേഷണത്തിനായാണ് ക്രൈംബ്രാഞ്ച് നടപടി. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം 

പറഞ്ഞു. 

പത്ത് വർഷവും ആറ് മാസവും മുൻപ് മുങ്ങി മരിച്ചതെന്ന ധാരണയിൽ ആദർശ് വിജയനെന്ന പതിനാലുകാരനെ അടക്കിയ മണ്ണ് വീണ്ടും കുഴിച്ചു. കൊലയാളിയിലേക്കുള്ള ശാസ്ത്രീയ തെളിവുകൾ തേടി. പോസ്റ്റുമോർട്ടം മുതൽ തെളിവ് ശേഖരണത്തിൽ വരെ ആദ്യഘട്ടത്തിൽ അട്ടിമറി നടന്ന കേസിൽ വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ തുടർ പരിശോധത് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി.

മെഡിക്കൽ കോളജിലെക്ക് മാറ്റിയ ശരീരഭാഗങ്ങൾ ഉടൻ പൊസറ്റുമോർട്ടത്തിനും പിന്നീട് ഡി.എൻ. എ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കും. മർദനമേറ്റുള്ള മരണമെന്ന് കണ്ടെത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ പല വിവരങ്ങളും ഉൾപ്പെടുത്താത്തതിനാലാണ് റീ പൊസ്റ്റുമോർട്ടം. പീഡനം നടന്നിട്ടുണ്ടോയെന്നതിനുൾപ്പെടെ തെളിവ് തേടിയാണ് മറ്റ് പരിശോധനകൾ. മകന്റെ മരണത്തിന് ഉത്തരമാകുമെന്ന പ്രതീക്ഷയിലാണ് പത്ത് വർഷമായി നിയമ പോരാടം തുടരുന്ന  മാതാപിതാക്കൾ . ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം