കൊലനടത്തി ഒഡീഷയ്ക്ക് മുങ്ങി; മണം പിടിച്ച് ‘ഹണി’ എത്തി; ഒടുവിൽ കുടുങ്ങി

police-dog-honey
SHARE

കൊടുങ്ങല്ലൂർ കട്ടൻ ബസാറിൽ യുവാവിനെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് പറമ്പിൽ തള്ളിയ കേസിൽ ഹണി എന്ന പൊലീസ് നായയുടെ മിടുക്കാണ് പൊലീസിനു രക്ഷയായത്. മൃതദേഹം കണ്ടെത്തിയ പറമ്പിൽ നിന്ന് മണം പിടിച്ചോടി ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തെത്തിയ ഹണിയുടെ മികവാണ് പ്രതികളെ കുടുക്കിയത്.

ഇരിങ്ങാലക്കുട കനൈൻ സ്ക്വാഡിന്റെ അഭിമാനമായ ഹണി സംഭവസ്ഥലത്ത് എത്തുന്നതുവരെ കട്ടൻ ബസാറിലെ കൊലപാതകക്കേസിൽ പൊലീസിന്റെ കൈവശം സംശയിക്കത്തക്ക വിധമുള്ള സൂചനകളൊന്നും ഉണ്ട‍ായിരുന്നില്ല. ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയെന്നതൊഴിച്ചാൽ പ്രതികളെക്കുറിച്ചു സൂചനകളേയില്ല. മൃതദേഹത്തെ പൊതിഞ്ഞ പുതപ്പിൽ കെട്ടിയിരുന്ന കയറിൽ മണംപിടിച്ചാണ് ഹണി ഓട്ടം തുടങ്ങിയത്. പറമ്പിന്റെ മൂലയിൽ വേലിക്കു താഴെ കണ്ട ഒരു ചെരിപ്പിൽ ഓട്ടം നിന്നു. കുറ്റവാളിയുടെ കാലിൽ നിന്ന് ഊരിപ്പോയതായിരുന്നു ചെരിപ്പ്. ഓട്ടം നിർത്താതെ മുന്നോട്ടുകുതിച്ച ഹണി, 50 മ‍ീറ്ററോളം അകലെ ഒരു വീടിന്റെ ശുചിമുറിയിലെത്തി. 

കുറ്റവാള‍ികൾ താമസിച്ച വീടായിരുന്നു അത്. കൃത്യത്തിനു ശേഷം അവർ രക്തക്കറ കഴുകിയത് ഈ ശുചിമുറിയിൽ. അവിടംകൊണ്ടും നിന്നില്ല. വീടിന്റെ മുൻവശത്തെത്തി കുറ്റവാളികൾ ഇരുന്ന സ്ഥലത്താണ് ഹണി ഓട്ടം നിർത്തിയത്.മൂന്നു വയസ്സേയുള്ളൂവെങ്കിലും ഇതിനകം ഹണി പിടികൂടിയത് മുപ്പത്തിയഞ്ചോളം കേസുകളാണ്. 

തുമ്പൂർ സെന്റ് ജോർജസ് പള്ളിയിലെ മോഷണക്കേസിൽ തുമ്പ് കണ്ടെത്തി 2 വർഷം മുൻപ് കന്നിദൗത്യം വിജയിപ്പിച്ചാണ് ഹണിയുടെ തുടക്കം. ചാലക്കുടിയിൽ ജ്വല്ലറി കവർച്ചയിലെ പ്രതികളെ കണ്ടെത്തിയതും ഹണിയുടെ മികവു തന്നെ. ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന തൂവാല ഹണി മണത്തു കണ്ടുപിടിച്ചു. ഈ തൂവാലത്തുമ്പിൽ പ്രതിയുടെ ഫോൺ നമ്പർ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...