യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം; തിരച്ചില്‍

lasargodu-lady-death
SHARE

കാസർകോട് വിദ്യാനഗറിൽ യുവതിയെ കൊലപെടുത്തി പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം. ഓട്ടോറിക്ഷ ഡ്രൈവർ സിൽജോയാണ് ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയിൽ ഉപേക്ഷിച്ചതായി പൊലീസിന് മൊഴി നൽകിയത്. മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പ്രമീളയുടെ മൃതദേഹത്തിനായി നാളേയും തിരച്ചില്‍ തുടരും. 

കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതൽ കാണാതായതെന്നാണ് ഭർത്താവിന്റെ മൊഴി. തൊട്ടടുത്ത ദിവസം സിൽജോ തന്നെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വിദ്യനഗർ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രമീളയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സിൽജോയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഭർത്താവിനെ വിദ്യാനഗർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കിൽ പാലത്തിന് സമീപം ചന്ദ്രഗിരിപ്പുഴയിൽ കല്ലുകെട്ടി താഴ്ത്തിയെന്ന് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പുഴയിൽ തിരച്ചിൽ നടത്തി .ഫയർഫോഴ്സിന്റെയും, പൊലീസിന്റെയും, മുങ്ങൽ വിദഗ്ദ്ധരുടേയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ. നാട്ടുകാരും  പങ്കെടുത്തു.

ദേശീയപാത അറുപത്തിയാറിന്റെ ഭാഗമായ തെക്കില്‍ പാലത്തില്‍ നിന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മൃതദേഹം എങ്ങിനെ പുഴയിലെറിഞ്ഞു എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സിൽജോയും, കൊല്ലം സ്വദേശിനിയായ പ്രമീളയും വർഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സില്‍ജോയ്ക്ക് മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന. സില്‍ജോയുടെ വനിതസുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവദിവസം രാത്രി വൈകി സില്‍ജോയുടെ ഓട്ടോറിക്ഷ തെക്കില്‍പാലത്തിന്റെ ഭാഗത്തേയ്്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിയെങ്കിലും സാധിച്ചില്ലെന്നും സില്‍ജോ മൊഴി നല്‍കിയിട്ടുണ്ട്. പുഴയിലെ അടിയൊഴുക്കും, ആഴവുമാണ് തിരച്ചിലിന് തടസമാകുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം തിരച്ചിലും ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.

MORE IN Kuttapathram
SHOW MORE
Loading...
Loading...