ആദിവാസിബാലനെ മർദ്ദിച്ച സംഭവം; അയൽവാസി ഒളിവിൽ

childattackfollo-02
SHARE

കാസര്‍കോട് അട്ടേങ്ങാനത്ത് പാഷന്‍ ഫ്രൂട്ട് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലനെ മര്‍ദ്ദിച്ച അയല്‍വാസി ഒളിവില്‍. ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരനായ ഉമേശനാണ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അതേസമയം ശാരിരിക അസ്വസ്ഥതകളുണ്ടായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ചികിത്സക്ക് വിധേയനാക്കി.

കാസര്‍കോട് എസ്എംഎസ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. വിദ്യാര്‍ഥിയെ ആക്രമിച്ച അട്ടേങ്ങാനത്തെ ഉമേശന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയപ്പോള്‍ പ്രതി സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്തെങ്കിലും ഉമേശന്‍ എവിടെ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചില്ല. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി അറിയിച്ചു. വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നാണ് ഉമേശന്റെ വീട്ടുകാര്‍ 

പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചെങ്കിലും വിദ്യാര്‍ഥി വസ്ത്രമെടുക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയില്ല. 

അതേസമയം ഛര്‍ദ്ദിയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ  കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകീട്ടോടെ കുട്ടി ആശുപത്രി വിട്ടു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...