വിട്ടുപിരിയുമോ എന്ന ഭയം സന്തോഷിനെ ക്രൂരനാക്കി, ഭാര്യയെ വെട്ടിക്കൊന്ന് സ്വയം ജീവനൊടുക്കി

cherpulassery-murder
SHARE

ചെർപ്പുളശ്ശേരി: ഭാര്യ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ രാവിലെ 10.30നും 11നും ഇടയിലാണു നാടിനെ നടുക്കിയ സംഭവം. നെല്ലായ പഞ്ചായത്തിലെ പേങ്ങാട്ടിരി കാട്ടുകുളത്തുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെ 10.30ഓടെ  തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രഞ്ജുഷ (23) ആണു വെട്ടേറ്റു കൊല്ലപ്പെട്ടത്. 

അൽപ സമയത്തിനു ശേഷം ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തെ പുരയ്ക്കൽ ചാമിയുടെ മകൻ സന്തോഷിനെ (33) വാടകവീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മുണ്ടനാംകുർശ്ശിയിൽ ആളൊഴിഞ്ഞ വളപ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.വാടകവീട്ടിൽവച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഉടൻ സന്തോഷ് തന്റെ ബൈക്കിൽ മുണ്ടനാംകുർശ്ശിയിൽ എത്തി തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസ് നൽകുന്ന സൂചന. 

സന്തോഷ് ഉപയോഗിച്ചിരുന്ന ബൈക്ക് സമീപത്തു കണ്ടെത്തി. ഒരു വർഷമായി കാട്ടുകുളത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു സന്തോഷും രഞ്ജുഷയും. 5 വർഷം മുൻപായിരുന്നു വിവാഹം. കുട്ടികളില്ല. നിർമാണ തൊഴിലാളിയായ സന്തോഷിന്റെ രണ്ടാം വിവാഹമാണിത്. നാലു ദിവസമായി സന്തോഷ് ഭാര്യയുമൊത്ത് ഓട്ടുപാറയിലെ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ 9.30ഓടെ കാട്ടുകുളത്തെ വാടകവീട്ടിലെത്തിയ ശേഷമായിരുന്നു കൊലപാതകം. 

കഴുത്തിലും കൈയ്ക്കും വെട്ടേറ്റു രക്തത്തിൽ കുളിച്ചായിരുന്നു രഞ്ജുഷ കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പി എൻ.പി.മുരളീധരൻ, ചെർപ്പുളശ്ശേരി സിഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. 

ഭാര്യ വിട്ടുപിരിയുമോ എന്ന ഭയം സന്തോഷിനെ ക്രൂരനാക്കി

കുടുംബകലഹമാണ് പേങ്ങാട്ടിരി കാട്ടുകുളത്തുണ്ടായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.  സന്തോഷും ഭാര്യ രഞ്ജുഷയും തമ്മിൽ വാടകവീട്ടിൽ വഴക്കിടാറുണ്ടെന്നു രഞ്ജുഷയുടെ സഹോദരീ ഭർത്താവ് സുബീഷ് പറഞ്ഞു. രഞ്ജുഷയുടെ സഹോദരിയും ഭർത്താവും ഇവിടെ നിന്ന് അൽപം മാറി വാടകയ്ക്ക് താമസിക്കുന്നുണ്ട്.

സംഭവം നടക്കുമ്പോൾ ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യ തന്നെ വിട്ടുപിരിയുമോ എന്ന ഭയം സന്തോഷിനെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നതായി പറയുന്നു. ഇത് പറഞ്ഞു തീർക്കാൻ കൂടിയാണ് ഇരുവരും നാലു ദിവസം മുൻപ് ഓട്ടുപാറയിൽ പോയതെന്നാണു സൂചന. 

എല്ലാം പറഞ്ഞുതീർത്ത് സന്തോഷത്തോടെയാണ് ഇരുവരും ഓട്ടുപാറയിൽ നിന്നു ബൈക്കിൽ കാട്ടുകുളത്തെ വാടക വീട്ടിലെത്തിയത്.എന്നാൽ എല്ലാം ഒരു നിമിഷത്തിൽ മാറിമറിയുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. ആദ്യ ഭാര്യയിൽ നിന്നുണ്ടായ ദുരനുഭവം ആവർത്തിക്കുമോ എന്ന ഭയം സന്തോഷിനെ വല്ലാതെ വേട്ടയാടിയിരുന്നുവെന്ന് സന്തോഷിന്റെ സുഹൃത്തുക്കൾ പറയുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...