ജാഗ്രത: സിന്തറ്റിക് ഡ്രഗ് സജീവം, ലൈംഗികചൂഷണത്തിനു ‘ലൗ പിൽ’, പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും

drug-mafiya
SHARE

കോഴിക്കോട് നഗരത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാനായി കൊണ്ടുവന്ന എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം യുവാവിനെ അറസ്റ്റ് ചെയ്തു. മടവൂർ പുല്ലാളൂർ മേലെ മഠത്തിൽ ഉഷസ് നിവാസിൽ രജിലേഷ് എന്ന അപ്പുവിനെ (27വയസ്സ്) നെയാണു ടൗൺ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ആന്റി നർകോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ പി.സി.ഹരിദാസന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻറി നർകോട്ടിക് സെൽ സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്നു റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇന്റർനാഷനൽ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തത്.

വിൽപനയ്ക്കായി കൊണ്ടുവന്ന 6 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ യും 35 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നു കണ്ടെടുത്തു. ഇയാൾക്കു ലഹരിമരുന്ന് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ചും ഇയാളിൽ നിന്നു വാങ്ങിക്കുന്നവരെക്കുറിച്ചുള്ള സൂചനകൾ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. എഎസ്ഐ സുബ്രഹ്മണ്യൻ, സീനിയർ സിപിഒ പ്രകാശൻ, സിപിഒ മാരായ ഷബീർ, ശ്രീലിൻസ്, സജീഷ് ഡൻസാഫ് അംഗങ്ങളായ എം.മുഹമ്മദ് ഷാഫി, എം.സജി, കെ.അഖിലേഷ്, കെ.എ.ജോമോൻ, എൻ.നവീൻ, പി.സോജി, രതീഷ്, എം.കെ.രജിത്ത് ചന്ദ്രൻ, എം.ജിനേഷ്, എ.വി.സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.

വഴി ഇങ്ങനെ 

ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണു സിന്തറ്റിക് ഡ്രഗ്സ് നഗരത്തിലെത്തുന്നത്. ഡിജെ പാർട്ടികളിലും നിശാ പാർട്ടികളിലും പങ്കെടുക്കാൻ പോകുന്നവരിൽ ചിലർ അവിടെ വച്ചു സിന്തറ്റിക് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകും. ‘അടിപൊളി ലൈഫി’നായി പെട്ടെന്നു പണം ഉണ്ടാക്കാനുള്ള മാർഗമായാണ് പലരും ഏജന്റുമാരായി മാറുന്നത്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ പാർട്ടികളിൽ നിന്നു പരിചയപ്പെടുന്ന പ്രധാന വിതരണക്കാരനിൽ നിന്നു ലഹരിമരുന്നു ചെറിയ അളവിൽ മൊത്തമായി വാങ്ങി നഗരത്തിൽ കൊണ്ടു വരികയാണ്. ഇവിടെ പുതുതലമുറക്കാരെയും വിദ്യാർഥികളെയുമാണ് ലക്ഷ്യമിടുന്നത്.

പുതുതലമുറക്കാർക്കായി നഗരത്തിൽ പലേടത്തും പാർട്ടികൾ നടത്തുന്നുണ്ടെന്നു പൊലീസിൽ വിവരം ഉണ്ട്. ഇത്തരം പാർട്ടികളിൽ വച്ചു ചെറിയ തോതിൽ സിന്തറ്റിക് ലഹരി വിതരണം ചെയ്യും. അതിനായി പ്രത്യേക പാക്കേജാണ്. പുതുമുഖങ്ങൾക്കു ചെറിയ തുകയ്ക്കു പ്രവേശനം അനുവദിക്കും. തുക നൽകിയാൽ പാർട്ടിയിൽ പാടിയും ആടിയും രസിക്കാം. ഒപ്പം ലഹരിയും നുകരാം. ആവശ്യപ്പെടുന്ന ലഹരിയുടെ അളവ് അനുസരിച്ചു പ്രവേശന ഫീസ് വർധിക്കും. ഇത്തരം പാർട്ടികളിൽ പെൺകുട്ടികളും പങ്കെടുക്കുന്നുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.

ഒന്നോ രണ്ടോ തവണ പാർട്ടിയിൽ പങ്കെടുക്കുന്നവർ അതിന്റെ അടിമകളായി മാറും. അവർ പിന്നീട് എവിടെ പാർട്ടി നടന്നാലും പണമുണ്ടാക്കി പങ്കെടുക്കും. ഇത്തരം പാർട്ടികൾ ഒരേ സ്ഥലത്തു തുടർച്ചയായി നടക്കാറില്ലത്രെ. സ്ഥലം മാറ്റിക്കൊണ്ടിരിക്കും. അതിന്റെ വിശദാംശങ്ങൾ സ്ഥിരം അംഗങ്ങളെ യഥാസമയം അറിയിക്കും. സ്ഥിരം അഗങ്ങളിലൂടെയാണു പുതിവർക്കു പ്രവേശനം. പുതിയ അംഗങ്ങളെ കൊണ്ടു വരുന്നവർക്കു ചില ‘ആനുകൂല്യങ്ങളും’ പാർട്ടിയിൽ ലഭിക്കും. ലഹരി ഉപയോഗിച്ചു ആടി പാടി രസിക്കാം എന്നതിലപ്പുറം ഒന്നും അനുവദിക്കില്ല. പാർട്ടി നടത്തിപ്പുകാർ മൊത്തമായി ഗോവയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമൊക്കെ എത്തിക്കുന്ന ലഹരിമരുന്നു പാർട്ടികളിൽ നൽകുന്നതിനു പുറമെ നഗരത്തിലെ വിദ്യാർഥികൾക്കും പാർട്ടികളിലെത്താത്ത പുതുതലമുറക്കാർക്കും നൽകാൻ ചെറിയ ഏജന്റുമാർ ഉണ്ട്. അത്തരത്തിലുള്ള ഏജന്റാകാം ഇന്നലെ പിടിയിലായ രജിലേഷ് എന്ന അപ്പു.

ഫലം

സിന്തറ്റിക് ഡ്രഗ് ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും അതു തേടി പോകും. ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ചുറ്റുപാടുകളെ മറന്നു പ്രവർത്തിക്കും. ഇത്തരക്കാർ ഏറെയും ബൈക്ക് അമിത വേഗത്തിൽ ഓടിച്ചു ആഹ്ലാദം കണ്ടെത്തുന്നവരാണ്. ബൈക്ക് ഓടിക്കുമ്പോൾ വേഗം കൂട്ടുന്നതിൽ മാത്രമായിരിക്കും ശ്രദ്ധ. അപകടങ്ങളെക്കുറിച്ചു ബോധമുണ്ടാകില്ല. മാഡ് റൈഡിങ് എന്നാണു ഇത്തരം പ്രതിഭാസം അറിയപ്പെടുന്നത്. കുറച്ചു കാലം ഉപയോഗിക്കുന്നതോടെ ആത്മഹത്യ പ്രവണത, അക്രമ സ്വഭാവം തുടങ്ങിയവയും ഉണ്ടാകും. കൂടുതൽ കാലം ഉപയോഗിക്കുന്നതോടെ ആന്തരികാവയവങ്ങൾ തകരാറിലാകുകയും ചെയ്യും

രക്ഷിതാക്കൾ ശ്രദ്ധിക്കുക

മക്കളിൽ അത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും അസ്വാഭികമായ പെരുമാറ്റം കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോൾ സാധാരണപോലെ ഉന്മേഷം ഇല്ലായ്മ, പെട്ടെന്നു ദേഷ്യം പിടിക്കുക, ഭയന്നു നിൽക്കുന്ന അവസ്ഥ തുടങ്ങിയ കണ്ടാൽ ഉടനെ കൗൺസലിങിനു വിധേയമാക്കണം. ഇത്തരം ലക്ഷണങ്ങൾ സിന്തറ്റിക് ഡ്രഗ് ഉപയോഗത്തിന്റേതാണ്. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ലൗ പിൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എംഡിഎംഎ ഉപയോഗിക്കുന്നുണ്ട്. കൂടിയ അളവിൽ സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കും.

പൊലീസ് സജീവം

നഗരത്തിലെ ലഹരി മരുന്നിന്റെ ഉപയോഗവും വിൽപനയും തടയുന്നതിനായി സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ഡൻസാഫ് പ്രവർത്തനസജ്ജമാണ്. നഗരത്തിലെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചു നിശാപാർട്ടികൾ നടക്കുന്നതായും അതുവഴി ലഹരിമരുന്നിന്റെ ഉപയോഗം വർധിച്ചു വരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നു ടൗൺ സിഐ ഉമേഷ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ലോഡ്ജുകളിൽ റെയ്ഡ് നടത്തും. വ്യക്തമായ തിരിച്ചറിയൽ രേഖ ഇല്ലാതെ മുറികൾ നൽകുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...