കുടുംബം മുഖ്യമന്ത്രിയെ കണ്ടു; കോൺഗ്രസ് നേതാവിന്റെ കൊല അന്വേഷിക്കാന്‍ പുതിയ സംഘം

Noushad
SHARE

ചാവക്കാട് പുന്നയില്‍ എസ്.ഡി.പി.ഐക്കാര്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷിക്കാന്‍ പുതിയ സംഘത്തെ പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി: എസ്.ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തിലാകും അന്വേഷണം. മുഴുവന്‍ പ്രതികളേയും പിടികൂടാത്തതിനാല്‍ നൗഷാദിന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി പറഞ്ഞതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.

തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.: സുദര്‍ശന്‍റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുക. ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവായിരുന്നു കൊല്ലപ്പട്ട നൗഷാദ്. ആറു പ്രതികളെയാണ് ഇതുവരെ ലോക്കല്‍ പൊലീസ് പിടികൂടിയത്. രണ്ടുഡസന്‍ പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. ഇവരാകട്ടെ ഒളിവിലും. ലോക്കല്‍ പൊലീസിന്‍റെ ദൈനംദിന തിരക്കുകള്‍ക്കിടയില്‍ കൊലക്കേസ് അന്വേഷണം നേരായ വഴിയില്‍ പോകുന്നില്ലെന്നായിരുന്നു പരാതി. 

ഇക്കാര്യം, മുഖ്യമന്ത്രി പിണറായി വിജയനേയും ഡി.ജി.പി: ലോക്നാഥ് ബെഹ്റയേയും നേരിട്ട് നൗഷാദിന്‍റെ കുടുംബം ധരിപ്പിച്ചു. കൊലക്കേസ് അന്വേഷിച്ച് വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരേയാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. വരുംദിവസങ്ങളില്‍ അന്വേഷണ സംഘം പ്രത്യേക യോഗം ചേര്‍ന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തും. ഒന്നര മാസം മുമ്പായിരുന്നു നൗഷാദിനെ ബൈക്കുകളില്‍ എത്തിയ സംഘം വെട്ടിക്കൊന്നത്. കോണ്‍ഗ്രസിന്‍റെ മേധാവിത്വം തകര്‍ക്കാന്‍ എസ്.ഡി.പി.ഐ. നേതാക്കള്‍ ആസൂത്രിതമായി നടത്തിയ കൊലപാതമാണെന്നായിരുന്നു ആരോപണം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...