കവർച്ച കേസ് പ്രതിയും കൊടും ക്രിമിനലുമായ മഞ്ച രവി അറസ്റ്റിൽ

manja-ravi-arrest
SHARE

തളിപ്പറമ്പിലെ കച്ചവട സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതിയായ കൊടും ക്രിമിനൽ മഞ്ച രവി എന്ന മഞ്ചുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീരാജ്പേട്ടയിലെ ഒളിത്താവളത്തിൽ നിന്നാണ് തളിപ്പറമ്പ് എസ്.ഐ കെ.പി.ഷൈനും സംഘവും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കർണാടകയിൽ ഇരട്ട കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

ശ്രീകണ്ഠാപുരം ചെങ്ങളായിയിലാണ് കുറച്ചു നാളായി മഞ്ചുനാഥും സംഘവും താമസിച്ചിരുന്നത്. പഴയ സാധനങ്ങൾ പെറുക്കുന്ന സംഘമെന്ന വ്യാജേനയാണ് താമസം. തളിപ്പറമ്പിലെ മലബാർ ട്രേഡേർസ് എന്ന സ്ഥാപനത്തിൽ നിന്നാണ് പല ദിവസങ്ങളിലായി സാധനം കടത്തിയത്. പുലർച്ചെയായിരുന്നു മോഷണം. സാധനങ്ങളുടെ അളവിലുള്ള കുറവ് ശ്രദ്ധയിൽപ്പെട്ട ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം മനസിലായത്. 

തുടർന്ന് നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ കെ.പി.ഷൈനും സംഘവും മഞ്ചുനാഥിനെ കണ്ടെത്തുകയായിരുന്നു. ഇയാൾക്ക് പിന്നിലുള്ള സംഘത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൈസൂരുവിൽ മോഷണ ശ്രമത്തിനിടെ വൃദ്ധ ദമ്പതിമാരെ കൊന്ന കേസിൽ പ്രതിയാണ് ഇയാൾ. മറ്റൊരു കൊലപാതക ശ്രമ കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. മൈസൂരു ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം രക്ഷപെട്ടാണ് കേരളത്തിലെത്തിയത്.  തൊണ്ടിമുതലുകളിൽ കുറച്ച് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ബാക്കി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കർണാടക പൊലീസ് തിരയുന്ന കൊടും കുറ്റവാളിയെ പിടികൂടാനായത് തളിപ്പറമ്പ് പൊലീസിന് നേട്ടമായി.  കാറുകളുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തി വന്നിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് പൊലീസ് പിടിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...