ബാർ ജീവനക്കാരനെ ആക്രമിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കെതിരെ നടപടിയില്ല

bar-attack-16
SHARE

തൊടുപുഴ  നഗരത്തിലെ ബാർ ഹോട്ടലിൽ ജീവനക്കാരനെ  ആക്രമിച്ച് പണം കവര്‍ന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്.  സംഭവം നടന്ന് 4 ദിവസമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

ബാർ ഹോട്ടലിൽ വെള്ളിയാഴ്ച്ച  പുലർച്ചെ ഒന്നേ മുക്കാലോടെ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ള 4 അംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. ബാറിൽ എത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാതെ ഇരുന്നതാണ് തർക്കത്തിൽ കലാശിച്ചത്. ഇതെ തുടർന്ന് ഇവർ ജീവനക്കാരനായ ബോണിയെ കയ്യേറ്റം ചെയ്യുകയും പോക്കറ്റിൽ നിന്നു 22000 രൂപ അപഹരിക്കുകയും ചെയ്തു എന്നാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. 

എന്നാല്‍ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അറസ്റ്റ് നീട്ടി കേസ് തേച്ചു മായ്ച്ചു കളയാൻ ‌ഭരണ കക്ഷി നേതൃത്വത്തിൽ ശ്രമം ആരംഭിച്ചതായാണ്  ആക്ഷേപം ഉയരുന്നത്. ഡിവൈഎഫ്ഐ മുതലക്കോടം മേഖല യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, ലിജോ തെക്കുംഭാഗം , ഗോപീകൃഷ്ണൻ എന്നിവർക്കെതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജിത്തുവിനെയും മാത്യൂസ് കൊല്ലപ്പള്ളിയെയും ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു. 

നഗരത്തിൽ ഒട്ടേറെ ആക്രമണ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു മാസം മുൻപ് നഗരത്തിലെ തിയറ്ററിലുണ്ടായ ആക്രമണം  മാത്യൂസ് കൊല്ലപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു .സംഭവത്തിൽ തിയറ്റർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റെങ്കിലും കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല. 

പ്രതികൾ എവിടെ ഉണ്ടെന്ന്  അറിയാമെങ്കിലും പാർട്ടി നേതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന ഇത്തരക്കാരെ അറസ്റ്റ് ചെയ്യാൻ  പൊലീസ് തയാറാകു്നില്ലെന്നും ആരോപണമുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...