വാളയാറിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാർ തീയിട്ടു; ദുരൂഹത

walayar-car-attack-1
SHARE

പാലക്കാട് വാളയാറിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാർ തീയിട്ടു നശിപ്പിച്ചത് കോൺഗ്രസുകാർ തന്നെയെന്ന് സൂചന. ക്ഷീരസംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. അക്രമത്തിന് പിന്നിൽ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. 

പാലക്കാട് പുതുശ്ശേരി മേഖലയിലെ കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കും സംഘർഷവും തുടരുന്നതിനിടെയാണ് കാർ കത്തിക്കൽ വിവാദമാകുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വാളയാർ ചന്ദ്രാപുരത്തായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് പുതുശ്ശേരി മണ്ഡലം പ്രസിഡന്റും എ ഗ്രൂപ്പുകാരനായ എസ്.സനൂപിന്റെ കാറാണ് കത്തിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ സനൂപിന്റെ വീടിനു നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കാർ കത്തിച്ചത്. കല്ലു വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ എഴുനേറ്റെങ്കിലും  ബൈക്കിലെത്തിയ അക്രമി സംഘം രക്ഷപ്പെട്ടു. വീടിന്റെ ജനൽ ചില്ലുകളും തകർന്നു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി മേഖലയിൽ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് പ്രവർത്തകർ തമ്മിൽ തർക്കം നിലനിൽക്കുകയാണ്. 

വാളയാർ ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല വിഭാഗത്തെ തോൽപ്പിക്കാൻ കോൺഗ്രസിലെ തന്നെ മറ്റൊരു വിഭാഗം ഭരണത്തിലുണ്ടായിരുന്ന കർഷക മുന്നണിയുമായി രഹസ്യ ധാരണയിലെത്തിയെന്നും വോട്ടു മറിച്ചെന്നുമാണ് ആരോപണം. ഭരണപക്ഷ വിരുദ്ധ പാനലിനു ചുക്കാൻ പിടിച്ചതു സനൂപായിരുന്നു. കൂടാതെ ഐ ഗ്രൂപ്പ് കാരനായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഒരു വിഭാഗം കയ്യേറ്റം ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനു മുന്നിലും ദേശീയപാതയിലേക്കും സംഘർഷം നീളുന്ന സ്ഥിതിവരെയുണ്ടായി. ഇതിനിടെ വീടു കയറിയുളള ആക്രമണം സ്ഥിതി ഗുരുതരമാക്കിയെന്നാണ് സൂചന. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന്  വാളയാർ പൊലീസ് അറിയിച്ചു

MORE IN Kuttapathram
SHOW MORE
Loading...
Loading...