സ്വാമി ചിന്മയാന്ദിനെതിരായ പീഡനപരാതി; ഇരയായ പെണ്‍കുട്ടി കൂടുതൽ തെളിവു കൈമാറി

chinmayandh-2
SHARE

ബിജെപി നേതാവ് സ്വാമി ചിന്മയാന്ദിനെതിരെ പീഡനപരാതി ഉന്നയിച്ച പെണ്‍കുട്ടി അന്വേഷണസംഘത്തിന് തെളിവ് കൈമാറി. നാല്‍പത്തിമൂന്ന് വീഡിയോ ദൃശ്യങ്ങളടങ്ങുന്ന പെന്‍ഡ്രൈവാണ് പ്രത്യേകഅന്വേഷണസംഘത്തിന് കൈമാറിയത്. പെന്‍ഡ്രൈവ് കാണാനില്ലെന്ന് പെണ്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. 

ചിന്മയാനന്ദിനെതിരായ നിര്‍ണായക തെളിവുകളാണ് പെണ്‍കുട്ടി അന്വേഷണസംഘത്തിന് കൈമാറിയത്. രഹസ്യമായി ചിത്രീകരിച്ച 43 വീഡിയോ ദൃശ്യങ്ങളാണ് പെന്‍ഡ്രൈവിലുള്ളത്. പെണ്‍കുട്ടിയുടെ മൊഴിയും തെളിവുകളും ലഭിച്ചിട്ടും ചിന്മയാനന്ദിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ട് എന്നാണ് പൊലീസ് ഭാഷ്യം. അതേസമയം,  ഈ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ചിന്‍മയാന്ദിന്റെ അഭിഭാഷകന്റെ വാദം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച അന്വേഷണസംഘം ഏഴ് മണിക്കൂറോളം ചിന്മയാനന്ദിനെ ചോദ്യംചെയ്തിരുന്നു. പരാതിയുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന ആശ്രമത്തിലെ മുറി ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം സീല്‍ ചെ്തു. 

താന്‍ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നും വര്‍ഷങ്ങളോളം ശാരീരികമായി ചൂഷണം ചെയ്തുവെന്നും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെണ്‍കുട്ടിയും കുടുംബവും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വാജ്പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ സംരക്ഷണം ഒരുക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ചിന്മയാനന്ദിന്‍റെ ഉടമസ്ഥതയിലുള്ള ലോ കോളേജിന്‍റെ പ്രിന്‍സിപ്പല്‍, സെക്രട്ടറി എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...