അമ്മയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ റിമാന്‍ഡില്‍

കൊല്ലം കൊട്ടാരക്കരയില്‍ അമ്മയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ റിമാന്‍ഡില്‍. വീടും സ്ഥലം തന്റെ പേരില്‍ എഴുതി തരാഞ്ഞതാണ് പകയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. മകന്റെ ആക്രമണത്തില്‍ കഴുത്തിന് സാരമായി പരുക്കേറ്റ അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരമാണ് കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ അനില്‍ അമ്മയെ വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടിയത്. ശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തു. വീടും വസ്തുവും തന്റെ പേരിലേക്കു മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് അമ്മയുമായി അനില്‍ സ്ഥിരം വഴക്കിടാറുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധാനാഴ്ച്ചയും ഇതു ആവര്‍ത്തിച്ചു. തര്‍ക്കത്തിനൊടുവില്‍ മദ്യലഹരിയിലായിരുന്ന അനില്‍ അമ്മയെ വെട്ടുകയായിരുന്നു. കഴുത്തിന് സാരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അമ്മ അപകടനില തരണം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.