മനു കൊലക്കേസ്; രണ്ടടി കുഴിക്കാൻ പറഞ്ഞു; മദ്യലഹരിയിൽ ആറടികുത്തി; ‘ദൃശ്യം’ പൊളിഞ്ഞു

manu-murder-27
SHARE

ദൃശ്യം സിനിമയുടെ മാതൃകയിൽ കാകൻ മനുവിന്റെ മൃതദേഹം മാറ്റാൻ നാലാംപ്രതി പത്രോസ് ജോണിന്റെ പ്ലാൻ. എന്നാൽ, മൃതദേഹം ആഴത്തിൽ കുഴിച്ചിട്ടതും ആദ്യം തന്നെ പത്രോസ് പൊലീസിന്റെ പിടിയിലായതും കാരണം ‘ദൃശ്യം’ തുടക്കത്തിലേ പൊളിഞ്ഞു. പറവൂരിലെ ബാറിൽ തുടങ്ങിയ സംഘർഷം ഗലീലിയ കടപ്പുറത്ത് കാകൻ മനുവിന്റെ കൊലപാതകത്തിൽ അവസാനിച്ചപ്പോൾ നാലാം പ്രതി പത്രോസ് ജോണിനു(അപ്പാപ്പൻ പത്രോസ്) മറ്റൊരു പ്ലാൻ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിലാണു തെളിഞ്ഞത്.

മനു കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കേസിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനഞ്ഞത് പത്രോസ് ആയിരുന്നു. ബാറിലെയും പറവൂർ ജംക്‌ഷനിലെയും അടിപിടികൾ സംബന്ധിച്ചു പൊലീസിനു വിവരം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ പിടിക്കപ്പെട്ടാൽ അതുവരെയുള്ള സംഭവങ്ങൾ കൃത്യമായി പറയാനും പിന്നീടുള്ളതു പൊലീസിനു പിടികിട്ടാത്തവിധം കെട്ടിച്ചമയ്ക്കാനും തീരുമാനിച്ചതു പത്രോസ് ആണ്.

മൃതദേഹം കിട്ടിയില്ലെങ്കിൽ ഒരിക്കലും കൊലക്കുറ്റം ചുമത്താൻ പൊലീസിനു കഴിയില്ലെന്നു പത്രോസ് കരുതിയിരുന്നു. അതിനാൽ പിടിക്കപ്പെട്ടാൽ മൃതദേഹം കടലിലാണ് ഉപേക്ഷിച്ചതെന്നു പറയണമെന്നു പത്രോസ് സംഘാംഗങ്ങളെ ചട്ടംകെട്ടി. എന്നാൽ, ചോദ്യം ചെയ്യലിൽ ആരെങ്കിലും സത്യം പറഞ്ഞാൽ പിടിക്കപ്പെടാതിരിക്കാനാണ് പത്രോസ് ജോൺ ‘പ്ലാൻ ബി’ എന്ന രീതിയിൽ ‘ദൃശ്യം’ മാതൃകയിൽ മറ്റൊരു തന്ത്രം ആസൂത്രണം ചെയ്തത്.

അതിനായി തീരത്ത് കുഴിച്ചിടാനെത്തിയ സഹായികളോട് രണ്ടടി മാത്രം ആഴത്തിൽ മൃതദേഹം കുഴിച്ചിട്ടാൽ മതിയെന്നു പത്രോസ് നിർദേശിച്ചിരുന്നു. മദ്യത്തിന്റെ ലഹരിയിൽ പത്രോസിന്റെ നിർദേശം ആർക്കും മനസ്സിലായില്ല. മറ്റുള്ളവർ നല്ല ആഴത്തിൽ കുഴിച്ച് മൃതദേഹം മണ്ണിട്ടു മൂടുകയായിരുന്നു. എല്ലാവരും പോയ ശേഷം പിന്നീട് വിശ്വസ്തരെ മാത്രം കൂട്ടി മൃതദേഹം അവിടെ നിന്നു മാറ്റി മറ്റെവിടെയെങ്കിലും ഉപേക്ഷിക്ക‍ാനായിരുന്നു പത്രോസിന്റെ നീക്കം. 

അതോടെ ആരെങ്കിലും പൊലീസിനെ ഭയന്ന് ആദ്യം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുത്താലും പിടിക്കപ്പെടില്ലെന്നും മർദനം ഭയന്നാണ് അവർ ഏതെങ്കിലും സ്ഥലം കാണിച്ചതാണെന്ന് കോടതിയിൽ തെളിയിക്കാനാകുമെന്നും പത്രോസ് കരുതി.എന്നാൽ, ആഴത്തിൽ കുഴിച്ചിട്ട മൃതദേഹം പിന്നീട് പുറത്തെടുക്കുന്നത് പത്രോസിന് വെല്ലുവിളിയായി.  

മനുവിനെ കാണാതായ കേസിൽ രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പത്രോസ‍ിനെയും സൈമണിനെയും ആദ്യമെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പത്രോസിന്റെ പ്ലാൻ പൊളിഞ്ഞു. പിടിയിലായ അഞ്ചാം പ്രതി കൊച്ചുമോൻ മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനു കാണിച്ചുകൊടുക്കുകയും ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...