സഹോദരിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്ക് സി.പി.എം നേതാവിന്റെ ക്രൂര മര്‍ദനം;വിഡിയോ

bike-attack
SHARE

സഹോദരിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിക്ക് സി.പി.എം നേതാവിന്റെ ക്രൂര മര്‍ദനം. കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് ബസാറിലെ ആസിഫ് അലിക്കും സഹോദരിക്കുമാണ് മര്‍ദനമേറ്റത്. ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സി.പി.എം പ്രാദേശിക നേതാവ് റഫീഖ് പുറ്റേനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ആശുപത്രിയിലെത്തി പണം നല്‍കി കേസ് ഒതുക്കാന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ സി.പി.എം നേതാവ് ശ്രമിച്ചതായും പരാതിയുണ്ട്. 

ഈങ്ങാപ്പുഴ വില്ലേജ് ഓഫിസിന് സമീപത്തായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ സഹോദരിയെയും കൂട്ടി പെട്രോള്‍ പമ്പിലേക്ക് പോകുകയായിരുന്നു ആസിഫ് അലി. വാഹനത്തെ മറികടന്നയുടന്‍ റഫീഖ് ആസിഫിനെ അസഭ്യം പറഞ്ഞു. പിന്നാലെ ആസിഫ്  വാഹനം നിര്‍ത്തി കാര്യം തിരക്കി. വാഹനം നിര്‍ത്തിയിറങ്ങിയ റഫീഖ് കയര്‍ത്തുകൊണ്ട് മര്‍ദിക്കുകയായിരുന്നു. തറയില്‍ വീണ ആസിഫിനെ നിലത്തിട്ട് തൊഴിച്ചു. പിടിച്ചുമാറ്റാനെത്തിയ സഹോദരിക്കും മര്‍ദനമേറ്റു. തടഞ്ഞുനിര്‍ത്തിയതില്‍ തുടങ്ങി പിന്നീടുണ്ടായത് സദാചാര പൊലീസിങായിരുന്നുവെന്ന് ആസിഫ് പറഞ്ഞു. 

കേട്ടാലറയ്ക്കുന്ന അസഭ്യമാണ് പറഞ്ഞത്. ഇതില്‍ മനംനൊന്താണ് വാഹനം നിര്‍ത്തി കാര്യം തിരക്കിയത്. പിന്നാലെ വല്ലാത്ത മര്‍ദനമുറകളായിരുന്നു. സഹോദരിയെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. നീ മറ്റൊരു പെണ്ണിനെയും കൂട്ടി കറങ്ങുന്നുവെന്നാണ് പറഞ്ഞത്. വീട്ടിലും വിളിച്ച് കാര്യം തിരക്കി. മാനസികമായി തളര്‍ത്തുന്ന മട്ടിലായിരുന്നു അവര്‍ പെരുമാറിയത് 

ആസിഫിനെയും സഹോദരിയെയും നാട്ടുകാര്‍ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയത്താണ് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ സി.പി.എം നേതാവ് രണ്ടായിരം രൂപ നല്‍കി കേസില്ലാതെ ഒതുക്കിത്തീര്‍ത്താന്‍ ശ്രമിച്ചത്. 

മുഴുവന്‍ തെറ്റും എന്റെ ഭാഗത്താണെന്നായിരുന്നു റഫീഖ് പറഞ്ഞത്. നിനക്കും മക്കളും സഹോദരിമാരുമില്ലേ എന്ന് ഞാന്‍ ചോദിച്ചു. പിന്നാലെയാണ് സി.പി.എം നേതാവ് രണ്ടായിരം രൂപ കൊണ്ടുവന്ന് തന്നത്. കേസിനൊന്നും പോകേണ്ട. ബാക്കിയെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് ആവര്‍ത്തിച്ചു. ഞാന്‍ പണം വാങ്ങിയില്ല. ഞങ്ങള്‍ക്ക് ഈ നാടിനെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അുതകൊണ്ടാണ് കേസിന് പിന്നാലെ പോകേണ്ടതില്ലെന്ന് ആദ്യം വിചാരിച്ചത്. പക്ഷേ പിന്നീട് ആക്രമിക്കുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇനി മറ്റൊരു മക്കള്‍ക്കും ഈ ഗതി വരരുത് 

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇരുവരെയും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്താണ് സമീപത്തെ കടയില്‍ നിന്ന് ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതോടെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. റഫീഖിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. മേപ്പാടി സ്വദേശികളായ സുബൈദയും കുടുംബവും അടുത്തിടെയാണ് പുതുപ്പാടിയിലെ വാടക വീട്ടില്‍ താമസമാക്കിയത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...