കെവിൻ വധക്കേസ്; നീനുവിന് നീതി ലഭിക്കുമോ? വിധിയ്ക്കായി ഒരു പകൽ ദൂരം

kevin-muder14
SHARE

നാടിനെ നടുക്കിയ കെവിന്‍വധക്കേസിന്‍റെ വിചാരണ കോട്ടയം അഡീഷനല്‍ സെഷന്‍സ് മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദുരഭിമാനക്കൊലയായി പരിഗണിക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ കേസ് കൂടിയാണിത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പിതാവും സഹോദരനും ഉള്‍പ്പെടെ കേസിലെ പതിനാല് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കും. 

കേരളത്തിലെ ആദ്യത്തെ ദുരഭിമാനകൊലക്കേസെന്ന നിലയിലാണ് കെവിന്‍വധക്കേസ് പരിഗണിക്കപ്പെടുന്നത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോയാണ് കേസിലെ ഒന്നാംപ്രതി.  പിതാവ് ചാക്കോ അഞ്ചാം പ്രതിയും. സാനുവിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 14 പ്രതികളാണ് വിചാരണ നേരിടുന്നത്.  2018 മെയ് 27നാണ് കെവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ മാന്നാനത്തെ വീട് ആക്രമിച്ച് കെവിനെയും ബന്ധു അനീഷിനെയും പതിമൂന്നംഗ അക്രമി സംഘം രണ്ട് കാറുകളിലായി തട്ടിക്കൊണ്ടുപോയി. 

സംഭവമറിഞ്ഞ് നാട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. രാവിലെ കെവിന്‍റെ പിതാവ് ജോസഫും ഭാര്യ നീനുവും പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാനോ അന്വേഷിക്കാനോ ഗാന്ധിനഗര്‍ എസ്ഐ തയ്യാറായില്ല. രാവിലെ 11 മണിയോടെ അനീഷിനെ അക്രമിസംഘം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു രണ്ടര കിലോമീറ്റർ അകലെ സംക്രാന്തിയിൽ ഇറക്കിവിട്ടു. ക്രൂരമായ പീഡനത്തിനിരയായ അനീഷിന്‍റെ മൊഴിയില്‍ പൊലീസ് കേസെടുത്തെങ്കിലും കെവിനെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല. ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് എസ്ഐ എം.എസ്. ഷിബു അന്വേഷണം വൈകിപ്പിച്ചത്. നീതിനിഷേധത്തിന്‍റെ വാര്‍ത്ത മനോരമ ന്യൂസ് പുറത്തുവിട്ടതോടെ പൊലീസ് ഉണര്‍ന്നു. 

മുഖ്യമന്ത്രിയും ഇടപ്പെട്ടതോടെ അന്വേഷണത്തിന്‍റെ വേഗത കൂടി. പരിശോധന തുടരുന്നതിനിടെ 28ാം തീയതി രാവിലെ തെന്‍മല ചാലിയക്കര തോട്ടില്‍  കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളും യുവജനപ്രസ്ഥാനങ്ങളും പ്രതിഷേധവുമായി ഇരച്ചെത്തി. ഇതോടെ സംഭവം വിവാദമായി. കോട്ടയം എസ്പിക്കും ഡിവൈഎസ്പിക്കും മണിക്കൂറുകള്‍ക്കം സ്ഥാനത്തു നിന്ന് മാറ്റി. ഗാന്ധിനഗര്‍ എസ്ഐ, എഎസ്ഐ, രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. 

കേസിലെ രണ്ടാംപ്രതി ഡിവൈഎഫ്ഐ നേതാവ് നിയാസ് ഉള്‍പ്പെടെ മൂന്ന് പേരെ ആദ്യഘട്ടത്തില്‍ പിടികൂടി. ഒളിവില്‍ പോയ ഒന്നാം പ്രതി സാനു ചാക്കോയും പിതാവ് ചാക്കോയും പിന്നീട് കണ്ണൂരിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഒരാഴ്ചക്കകം കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടി. കെവിന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. തലയിലും ജനനേന്ദ്രീയത്തിലും ക്ഷതങ്ങളുണ്ടായതായി കണ്ടെത്തി. തെന്‍മലയില്‍ എത്തിച്ച് പുറത്തിറക്കി കിടത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെട്ട് തോട്ടില്‍ വീണുവെന്നായിരുന്നു പ്രതികളുടെ മൊഴി. 85 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കെവിനെ സാനുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടുപോയി ചാലിയേക്കരയ്ക്കു സമീപം തോട്ടിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. നീനുവും അക്രമികള്‍ കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷും  കേസിൽ മുഖ്യസാക്ഷിയായി. ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്‍റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10–ാം പ്രതി വിഷ്ണു എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. സംഭവശേഷം കെവിന്‍റെ കുടുബത്തോടൊപ്പമാണ് നീനുവിന്‍റെ താമസം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...