സൗഹൃദം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി നഗ്നദൃശ്യം പകർത്തും; ഹണീട്രാപ് സംഘം കുടുങ്ങി

honeytrap
SHARE

കടയ്ക്കാവൂരിൽ ഹണിട്രാപ്പിൽ ആൾക്കാരെ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള നാലംഗസംഘത്തെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റു ചെയ്തു.  വക്കം പാട്ടപുരയിടം വീട്ടിൽ ജാസ്മിൻ(30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ്(20), വക്കം ചക്കൻവിള വീട്ടിൽ നസീംഷാ(22), വക്കം എസ്എസ് മൻസിലിൽ ഷിബിൻ(21) എന്നിവരെയാണു ആറ്റിങ്ങൽ ഡിവൈെസ്പി വിദ്യാധരന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സിഐ ശ്രീകുമാർ, എസ്ഐ വിനോദ് വിക്രമാദിത്യൻ, ജിഎസ്ഐ അജയകുമാർ, എസ് സിപിഒമാരായ ഡീൻ, ബിനു, മുരളി, സന്തോഷ്, മഹേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം പിടികൂടിയത്.  

ആളുകളെ ഫോണിലൂടെയും നേരിട്ടും പരിചയപ്പെടുകയും സൗഹൃദം നടിച്ചു  വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി നഗ്നചിത്രം വിഡിയോയിൽ പകർത്തിയശേഷം വാട്സ്ആപ് അടക്കം സോഷ്യൽ മീഡിയാകളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞു പണം കൈക്കലാക്കുകയുമായിരുന്നു നാലംഗസംഘത്തിന്റെ രീതിയെന്നു എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു. വഴങ്ങിയില്ലെങ്കിൽ പ്രതികളായ യുവാക്കളെ ഉപയോഗിച്ചു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയാണ് രീതി.

ഇക്കഴിഞ്ഞ ദിവസമാണു കേസിനാസ്പദമായ സംഭവം നടന്നത്.  ആറ്റിങ്ങൽ ആലംകോട് സ്വദേശി പൗൾട്രിഫാം ഉടമയായ മധ്യവയസ്കനെ ഇറച്ചിവാങ്ങാനെന്ന ഭാവേന ഒന്നാം പ്രതിയായ യുവതി ഫാമിൽചെന്നു പരിചയപ്പെട്ടു. തുടർന്നു മണനാക്കിലാണു താമസിക്കുന്നതെന്നും വീട്ടിൽ കാറ് വിൽപ്പനയ്ക്കായി കിടക്കുന്നതായും അറിയിച്ചു വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. കൂട്ടാളികളായ യുവാക്കളെ കുളിമുറിയിൽ ഒളിപ്പിച്ചശേഷം വന്നയാളെ വീട്ടിൽ വിളിച്ചിരുത്തി യുവാക്കളെക്കൊണ്ടു  കത്തികാട്ടി  ഭീഷണിപ്പെടുത്തി  വിവസ്ത്രനാക്കി വിഡിയോ റെക്കോർഡ് ചെയ്തു.

ഇതേസമയം പൗൾട്രിഫാം ഉടമയുടെ കൈയ്യിലുണ്ടായിരുന്ന 17,000 രൂപയും കഴുത്തിലണിഞ്ഞിരുന്ന മൂന്നുപവന്റെ സ്വർണമാലയും ജാസ്മിൻ ഊരിയെടുത്തു. തുടർന്നു രണ്ടുലക്ഷം രൂപ നൽകിയില്ലെങ്കിൽ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു അറിയിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ പണമെത്തിക്കാം എന്നറിയിച്ചു തന്ത്രപൂർവം പുറത്തിറങ്ങിയ പൗൾട്രിഫാം ഉടമ നേരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങൾ പൊലീസിനോടു വിവരിക്കുകയായിരുന്നു. മണനാക്കിൽ വീടുവാടകയ്ക്കെടുത്തു ഒറ്റയ്ക്കു താമസിച്ചുവന്നിരുന്ന ജാസ്മിൻ ഭർത്താവുമായി ഏറെക്കാലമായി  അകന്നുകഴിയുകയാണെന്നും പൊലീസ് പറഞ്ഞു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...