ബക്കറ്റ് നിറയെ കൈകാലുകൾ; പുരുഷ ശരീരത്തിൽ സ്ത്രീയുടെ തല; ഞെട്ടിച്ച് വെളിപ്പെടുത്തൽ

മനുഷ്യ മാംസം നുറുക്കി കഷണങ്ങളാക്കി വിൽപന. യുഎസിലെ അരിസോണയിലുള്ള ബയോളജിക്കൽ റിസോഴ്സ് സെന്ററിൽ(ബിആർസി) പരിശോധനയ്ക്കെത്തിയ എഫ്ബിഐ ഏജന്റുമാർക്കു മുന്നിലാണ് ഈ നടുക്കുന്ന കാഴ്ച. ഈ കച്ചവടത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ പുറത്തുവിടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഒരു ബക്കറ്റ് നിറയെതലകൾ,, കൈകാലുകൾ, കൂളറിൽ നിറച്ചു വച്ചിരിക്കുന്ന പുരുഷ ലൈംഗികാവയവങ്ങൾ. ഒരു മുറിയിൽ കണ്ടത് പുരുഷ ശരീരത്തോട് ചേർത്തു വച്ചിരിക്കുന്ന സ്ത്രീയുടെ തല. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നൽകിയിരിക്കുന്ന വിവരങ്ങളാണ് ഇത്. 

ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുമെന്ന ഉറപ്പോടെ പല കുടുംബങ്ങളും കൈമാറിയ മൃതദേഹങ്ങളാണ് ഇത്. ഈ മൃതദേഹങ്ഹളാണ് നുറുക്കി കഷണങ്ങളാക്കി വിലയിട്ടിരിക്കുന്നത്. ഓരോ അവയവങ്ങൾക്കും പ്രത്യേകം വിലയിട്ടായിരുന്നു വിൽപന. 2013ലായിരുന്നു ബിആർസിയിൽ എഫ്ബിഐയുടെ റെയ്ഡ് നടന്നത്. തൊട്ടടുത്ത വർഷം സെന്റർ അടച്ചുപൂട്ടുകയും ചെയ്തു. അനധികൃതമായി കമ്പനി നടത്തിയതിന്, ഇതിന്റെ നടത്തിപ്പുകാരനായ സ്റ്റീഫൻ ഗോറിന്ന് തടവുശിക്ഷയും ഏകദേശം 82 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എന്നാൽ ബിആർസിക്കു മൃതദേഹം കൈമാറിയ 33 പേർ ചേർന്നു നൽകിയ കേസിൽ ഒക്ടോബർ 21ന് വാദം നടക്കാനിരിക്കുകയാണ്.

പല ബക്കറ്റുകളിലും ശരീരഭാഗങ്ങൾ നിറച്ച അവസ്ഥയിലായിരുന്നു. തലകളിൽ പലതും പുഴുവരിച്ച നിലയിലും. മൃതദേഹങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടന്നിരുന്നതായും സംശയിക്കുന്നു. വലിയൊരു പുരുഷന്റെ മൃതദേഹത്തിൽ യുവതിയുടെ ചെറിയ തല തുന്നിച്ചേർത്ത നിലയിലും കണ്ടെത്തി. പ്രശസ്ത നോവലായ ‘ഫ്രാങ്കൻസ്റ്റീനിലെ’ മൃതദേഹ പരീക്ഷണങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു അതെന്ന് റെയ്ഡിൽ പങ്കെടുത്ത മുൻ എഫ്ബിഐ എജന്റ് മാർക് സ്വെയ്നർ പറയുന്നു.

ചുമലുകളും തലയും ഇല്ലാത്ത ഒരു മൃതദേഹത്തിന് 2900 ഡോളർ (ഏകദേശം 2 ലക്ഷം രൂപയ്ക്കടുത്ത്) ആയിരുന്നു വിലയിട്ടിരുന്നതെന്ന് കമ്പനി രേഖകൾ വ്യക്തമാക്കുന്നു. മൊത്തം മൃതദേഹത്തിന് 3.4 ലക്ഷം രൂപ വരെയും. നട്ടെല്ല് മാത്രമായി വിറ്റതാകട്ടെ ഏകദേശം 65,000 രൂപയ്ക്കും. തല മാത്രമായി 20,000 രൂപയ്ക്കും ലഭിച്ചിരുന്നു. ഒരു കാലിന് വില 74,000 രൂപ. ഇടുപ്പും കാൽമുട്ടും കാൽപ്പാദവുമെല്ലാം 68,000 രൂപയ്ക്കു താഴെ വിലയ്ക്കു ലഭിക്കുമായിരുന്നെന്നും എഫ്ബിഐ റിപ്പോർട്ടിലുണ്ട്.