ഭാര്യയേയും രണ്ട് മക്കളേയും വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊല; പ്രതി മുങ്ങിയിട്ട് 6 വർഷം

malappuram-criminal3
SHARE

അരീക്കോട് ആലുക്കലിൽ ഭാര്യയെയും 2 മക്കളെയും വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ചീക്കോട് വാവൂര് മുഹമ്മദ് ശരീഫി(39)നെ 6 വർഷമായിട്ടും കണ്ടെത്താനാകാതെ പൊലീസ്. ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (5), ഫാത്തിമ നിത (2) എന്നിവരാണ് മരിച്ചത്.

2013 ജൂലൈ 23ന് ആണ് സംഭവം. ഹൈക്കോടതി ഉത്തരവു പ്രകാരം കേസിന്റെ വിചാരണ നടത്താൻ നടപടികൾ പൂർത്തിയാകുന്നതിനു തൊട്ടു മുൻപ് പ്രതി മുങ്ങുകയായിരുന്നു. 6 മാസത്തിനകം കേസ് വിചാരണ ചെയ്തു  പൂർത്തിയാക്കാൻ ആയിരുന്നു ഹൈക്കോടതി നിർദേശം. അന്നത്തെ സിഐ വി.എ.കൃഷ്ണദാസ് 800 പേജുള്ള കുറ്റപത്രം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളാണുണ്ടായിരുന്നത്.

കേസ് നീണ്ടുപോകുന്നതിനെതിരെ സാബിറയുടെ പിതാവ് ഒളവട്ടൂർ കാവുങ്ങൽ മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു വിചാരണ പൂർത്തിയാക്കാൻ ഉത്തരവ്. ഇതനുസരിച്ചു കോടതിയിൽ പ്രതിക്കു കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. തുടർന്നായിരുന്നു ജാമ്യത്തിൽ ഇറങ്ങി മുങ്ങിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 3 വർഷം മുൻപ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷിച്ചിട്ടും പ്രയോജനമുണ്ടായില്ല.

തന്റെ ആഭരണങ്ങൾ സാബിറ തിരിച്ചുചോദിച്ചതിനെ തുടർന്നുണ്ടായ വിരോധവും മറ്റൊരു വിവാഹം കഴിക്കാനുള്ള പ്രതിയുടെ ആഗ്രഹവുമാണു കൊലയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. പെരുന്നാളിനു പുതുവസ്ത്രം വാങ്ങാൻ പോയി തിരിച്ചുവരുമ്പോൾ ആലുക്കലിൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് കേസ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...