തേയില വാങ്ങാനെത്തി; 1 ലക്ഷം മോഷ്ടിച്ച് മടങ്ങി; സിസിടിവി കുടുക്കി

alappuzha-theft
SHARE

തേയില വാങ്ങാനെത്തിയയാൾ ആലപ്പുഴയില്‍ പട്ടാപകൽ തേയില വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരുലക്ഷം രൂപാ കവർന്നു.  സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

എരുവ സ്വദേശി  പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള  തേയില വ്യാപാര സ്ഥാപനത്തിലായിരുന്നു മോഷണം.  തേയില വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് മേശക്കുള്ളിൽ നിന്നും പണം കവരുകയായിരുന്നുവെന്ന് പ്രഭാകരൻ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവ സമയം കടയിലെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയതിനാല്‍ പ്രഭാകരൻ മാത്രമേ കടയിലുണ്ടായിരുന്നുള്ളു. കടയിലെത്തിയ യുവാവ് 50 ഗ്രാം തേയില വാങ്ങി 500 രൂപയുടെ നോട്ടു നൽകി. പ്രഭാകരൻ മേശ തുറന്നു ബാക്കി നൽകി. കടയിൽ നിന്നും പോയ യുവാവ് അൽപസമയത്തിനു ശേഷം മടങ്ങി വന്ന് 100 ഗ്രാം തേയില കൂടി ആവശ്യപ്പെട്ടു. ഇതെടുക്കാൻ പ്രഭാകരൻ ക്യാഷ് കൗണ്ടറിൽ നിന്നും എണീറ്റ് കടയുടെ ഒരു ഭാഗത്തേക്ക് മാറി. ഈ സമയം മോഷ്ടാവ് മേശ തുറന്ന് പണം എടുത്തു. ശേഷം ഒരു കിലോ തേയില വേണമെന്നും പോയിട്ടു ഉടൻ വരാമെന്നും പറഞ്ഞ് മോഷ്ടാവ് സ്ഥലം വിട്ടു. പണം കവരുന്നത് കണ്ട  എതിർവശത്തെ സ്ഥാപന ജീവനക്കാരൻ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. ഇവര്‍ പറഞ്ഞതനുസരിച്ച് പ്രഭാകരൻ മേശ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. 

ഇയാൾ കാറിലാണ് വന്നത്. ബാക്കി നൽകാൻ മേശ തുറന്നപ്പോൾ മേശക്കുള്ളിൽ പണം കണ്ടതിനെ തുടർന്നാവാം ഇയാൾ വീണ്ടും വന്നതെന്ന്  സംശയിക്കുന്നു. റോഡരുകിൽ കാർ പാർക്ക് ചെയ്ത ശേഷം കടയിൽ രണ്ട് തവണ മോഷ്ടാവ് എത്തുന്ന ദൃശ്യങ്ങളാണ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ളത്. ബാങ്കിലടക്കാൻ വച്ചിരുന്നതായിരുന്നു ഒരു ലക്ഷം രൂപ. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...