സ്കൂളിൽ നിന്ന് ഈട്ടിത്തടി മോഷ്ടിച്ച കേസ്; പഞ്ചായത്തംഗത്തിനെതിരെ കേസ്

tree-stole
SHARE

തിരുവനന്തപുരം കിളിമാനൂരില്‍ ബഡ്സ് സ്കൂളില്‍ നിന്ന് ഈട്ടിത്തടി മോഷ്ടിച്ചതിന് പഞ്ചായത്തംഗത്തിന് എതിരെ കേസ്. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് അംഗവും സിപിഎം അടയമണ്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ.ഷിബുവാണ് തടിമോഷണക്കേസിലെ പ്രതി. ഷിബുവും സഹായിയും ഒളിവിലാണെന്ന് കിളിമാനൂര്‍ പൊലീസ് പറയുന്നു. 

ഷിബുവും സഹായി വിനോദും ചേര്‍ന്നാണ് ബഡ് സ്കൂള്‍ വളപ്പില്‍ നിന്ന രണ്ടുലക്ഷത്തോളം രൂപ വില വരുന്ന ഈട്ടിമരം മുറിച്ചുകടത്തിയത്. അഞ്ചാം തീയതിയാണ് ഷിബു വിനോദിനെ വിളിപ്പിച്ച് മരം മുറിച്ചത്. തുടര്‍ന്ന് മില്ലില്‍ കൊണ്ടുപോയി മുറിച്ച് ഉരുപ്പടികളാക്കി തന്റെ സുഹൃത്ത് തുളസീധരന്റെ വീട്ടില്‍ സൂക്ഷിച്ചു. മരംവീണു നശിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ മുറിച്ചതിന്റെ ബാക്കിയും വിറകും സ്കൂള്‍ വളപ്പില്‍ കൊണ്ടുപോയിടുകയും ചെയ്തു. 

സ്കൂളിന് ഫര്‍ണിച്ചര്‍ പണിയുന്നതിനാണ് മരം മുറിക്കുന്നതെന്നാണ് സഹായിയായി കൂട്ടിയ വിനോദിനോട് ഷിബു പറഞ്ഞത്. ചെമ്പകശേരി വാര്‍ഡ് മുന്‍ അംഗം ഈട്ടിത്തടി എവിടെയെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് വിവരാവകാശപ്രകാരം ചോദിച്ചിരുന്നു. ഇതോടെ തടിമോഷണം പോയെന്നുകാണിച്ച് പഞ്ചായത്ത് സെക്രട്ടറി കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. വനംവകുപ്പിനെ കൊണ്ട് വിലനിശ്ചയിച്ച് പരസ്യം നല്‍കി ലേലം ചെയ്തു മാത്രമേ സര്‍ക്കാര്‍ഭൂമിയില്‍ മരം മുറിക്കാവൂ എന്നാണ് ചട്ടം. കസ്റ്റഡിയിലെടുത്ത തടി ഉരുപ്പടികള്‍ ഇപ്പോള്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...