‘പ്രായം കൂട്ടുന്നതിനു’ മുൻപ് ഈ വ്യവസ്ഥകൾ വായിക്കൂ, ഇല്ലെങ്കിൽ ആപ്പിലാകും

face-app-security
SHARE

ഫെയ്സ് ആപ്പില്‍ സ്വന്തം പടത്തിന് പ്രായം കൂട്ടി കണ്ടാസ്വദിച്ചവര്‍ ആപ്പിലായേക്കും. നിങ്ങള്‍ നല്‍കിയ ഫോട്ടോ ഏതുകാലത്തും എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാന്‍ ഫെയ്സ് ആപ്പിന് കഴിയും. ഇതിനുള്ള അനുമതി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് അറി​ഞ്ഞോ അറിയാതെയോ നമ്മള്‍ തന്നെയാണ് ഫെയ്സ് ആപ്പിന് നല്‍കിയത്. രണ്ടാഴ്ചയായി ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുകയാണ് ഫെയ്സ് ആപ്പ്. രണ്ടുവര്‍ഷം മുന്‍പ് തുടങ്ങിയ ഈ മൊബൈല്‍ ഫോട്ടോ ആപ്ലിക്കേഷന്‍ പെട്ടെന്നൊരുനാള്‍ വൈറലായതിന്റെ കാരണം വ്യക്തമല്ല. പക്ഷേ സൂപ്പര്‍ താരങ്ങള്‍ മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ ജരാനര ബാധിച്ച സ്വന്തം മുഖം കണ്ടും കാണിച്ചും ആസ്വദിക്കുകയാണ്. 

ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെയാണ് ഏറെപ്പേരും ഫെയ്സ് ആപ്പില്‍ സ്വന്തം ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ എക്കാലവും റഷ്യന്‍ കമ്പനിയായ വയര്‍ലെസ് ലാബിന് സ്വന്തമാകും. അവര്‍ക്ക് ഇത് എങ്ങനേയും ഉപയോഗിക്കാനുള്ള പരമാധികാരം കൂടി നമ്മള്‍ പതിച്ചുനല്‍കിക്കഴിഞ്ഞു. ആപ്ലിക്കേഷന്‍ ഡൗണ്‍ലോ‍ഡ് ചെയ്യുമ്പോള്‍ കാണുന്ന ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ചുനോക്കാതെ അംഗീകരിക്കുന്നതുവഴിയാണ് ഇത്തരത്തില്‍ എന്തുംചെയ്യാനുള്ള അവകാശം നമ്മള്‍ തന്നെ ഫെയ്സ് ആപ്പ് ഉടമകള്‍ക്ക് നല്‍കുന്നത്.  

ഫെയ്സ് ആപ്പിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അഥവാ വ്യവസ്ഥകളും നിബന്ധനകളും എന്ന ഭാഗത്ത് നമ്മള്‍ സ്വയം അംഗീകരിച്ചുകൊടുക്കുന്നത് ഇതാണ് : 

"ഞാന്‍ നല്‍കുന്ന ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടെയുള്ള ഉള്ളടക്കം ഉപയോഗിക്കാനും പുനസൃഷ്ടിക്കാനും മാറ്റംവരുത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്താനും പ്രസിദ്ധീകരിക്കാനും പരിഭാഷപ്പെടുത്താനും അതുപയോഗിച്ച് അനുബന്ധസൃഷ്ടികള്‍ രൂപപ്പെടുത്താനും വിതരണം ചെയ്യാനും നിലവിലുള്ളതോ വരാനിരിക്കുന്നതോ ആയ എല്ലാ മാധ്യമ രൂപങ്ങളിലൂടെയും എനിക്ക് ഒരുവിധത്തിലുള്ള പ്രതിഫലവും നല്‍കാതെ പ്രദര്‍ശിപ്പിക്കാനുമുള്ള പൂര്‍ണമായ അനുമതി ഞാന്‍ ഫെയ്സ് ആപ്പിന് നല്‍കുന്നു. ഇത് എക്കാലത്തേക്കുമുള്ള, ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത, പൊതുവായ, പ്രതിഫലം വേണ്ടാത്ത, ലോകമെങ്ങും പ്രാബല്യമുള്ള, കൈമാറ്റം ചെയ്യാവുന്ന അനുമതിയായിരിക്കുമെന്നും ഞാന്‍ അംഗീകരിച്ച് ഉറപ്പുനല്‍കുന്നു."

ശേഖരിക്കുന്ന ചിത്രങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ സെര്‍വറില്‍ നിന്ന് നീക്കാറുണ്ടെന്നാണ് ഫെയ്സ് ആപ്പിന്റെ ഉടമകളായ വയര്‍ലെസ് ലാബ് മേധാവി യാരോസ്ലാവ് ഗോഞ്ചരോവ് അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. എന്നാല്‍ ഉപയോക്താക്കള്‍ അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരം ചിത്രങ്ങള്‍ ഏതുവിധത്തിലും ഉപയോഗിക്കാനുള്ള അവകാശം കമ്പനിക്കുണ്ടെന്നും ഗോഞ്ചരോവ് അവകാശപ്പെട്ടു. ഇന്റര്‍നെറ്റില്‍ റഷ്യ നടത്തുന്ന ഇടപെടലുകളും റഷ്യന്‍ ഐടി കമ്പനികള്‍ക്ക് ഇതിലുള്ള പങ്കും പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ചുരുക്കം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് അമേരിക്കന്‍ സെനറ്റര്‍ ചക്ക് ഷൂമര്‍ ഫെയ്സ് ആപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതും ഇതുമായി ചേര്‍ത്തുവായിക്കേണ്ടിവരും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...