വീടിനുള്ള പാറപ്പൊടിയും കല്ലും വാങ്ങാൻ പോയി; പിന്നെ കേട്ടത് കുമാർ തട്ടിപ്പുകാരനായ കഥ

rajkumar-update
SHARE

നെടുങ്കണ്ടത്തു ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ച കുമാറിന്റെ(രാജ്കുമാർ) ഭാര്യയ്ക്കു സർക്കാർ ജോലിയും കുടുംബാംഗങ്ങൾക്കു 16 ലക്ഷം രൂപയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുമാറിന്റെ ഭാര്യ വിജയയ്ക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയാണു നൽകുക. നഴ്സിങ് വിദ്യാർഥിനിയായ മകൾ ജെസ്സി, ബികോമിനു പഠിക്കുന്ന മകൻ ജോഷി, ഹൈസ്കൂൾ വിദ്യാർഥി ജോബി, മാതാവ് കസ്തൂരി എന്നിവർക്കാണ് 4 ലക്ഷം രൂപ വീതം(ആകെ 16 ലക്ഷം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുക.

കോലാഹലമേട്ടിലെ എസ്റ്റേറ്റ് ലയത്തിലെ ഒറ്റമുറിവീട്ടിൽ ഭാര്യയും അമ്മയും 3 മക്കളുമായാണു രാജ്കുമാർ കഴിഞ്ഞിരുന്നത്. ആ കുടുംബത്തിന്റെ വലിയ സ്വപ്നമായ പാതി പണി തീർന്ന വീടിനായി പാറപ്പൊടിയും കല്ലും വാങ്ങാനായാണ് ഏപ്രിൽ 17നു രാവിലെ വീട്ടിൽ നിന്നു കുമാർ പോയത്. എന്നാൽ ദിവസങ്ങളായിട്ടും കുമാർ തിരിച്ചെത്തിയില്ല. 

ഫോൺ ഓഫ് ചെയ്തിരുന്നു. കുമാറിന്റെ അമ്മ മറ്റു വീടുകളിൽ പണിയെടുത്തു കിട്ടുന്ന തുച്ഛമായ തുകയും ഇവർ കൊളുന്തു നുള്ളി ഉണ്ടാക്കുന്ന ചെറിയ പൈസയും കൊണ്ടു മൂന്നു മക്കളടങ്ങുന്ന കുടുംബം നട്ടം തിരിഞ്ഞ നാളുകൾ. വിധിയെ പഴിച്ചുകഴിഞ്ഞ ഭാര്യ വിജയയുടെ മുന്നിലേക്കു പാതിരാത്രി കുമാറുമായി പൊലീസ് എത്തിയതു ജൂൺ 12നാണ്. അപ്പോഴേക്കും വലിയ സാമ്പത്തികത്തട്ടിപ്പിന്റെ സൂത്രധാരനെന്നു കുമാറിനെ പൊലീസ് വിധിയെഴുതിയിരുന്നു. ഒറ്റമുറിവീട്ടിലെ ചട്ടിക്ക് അടിയിൽ വരെ കുമാർ ഒളിപ്പിച്ചെന്നു കരുതിയ 40 ലക്ഷം രൂപയ്ക്കായി പൊലീസ് തിരഞ്ഞു. പണം കിട്ടാതായപ്പോൾ അമ്മ കസ്തൂരിയുടെയും വിജയയുടെയും ബാങ്ക് പാസ്ബുക്കുകളുമായി പൊലീസ് മടങ്ങി.

പിന്നെ 4 ദിവസത്തിനു ശേഷം പഞ്ചായത്ത് മെംബർ പറയുമ്പോഴാണ് അറിയുന്നത്, കുമാർ ‘രോഗം’ പിടിച്ചു മരിച്ചു എന്ന്.  ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, സ്മാർട് ഫോൺ ഉപയോഗിക്കാൻ അറിയാത്ത, വലിയ തുകകൾ കൈകാര്യം ചെയ്തിട്ടില്ലാത്ത കുമാർ 4 കോടി രൂപയുടെ തട്ടിപ്പു നടത്തിയതെങ്ങനെ എന്നാണു വിജയയും കസ്തൂരിയും ചോദിക്കുന്നത്. കുമാർ കുടുംബത്തോടൊപ്പം കോലാഹലമേട്ടിൽ എത്തിയിട്ടു 10 വർഷമേ ആയിട്ടുള്ളൂ. ഭാര്യ വിജയയുടെ നാടാണിത്. ബോണാമീയിലെ എംഎംജെ എസ്റ്റേറ്റ് തൊഴിലാളി ആയിരുന്ന കുമാറും കുടുംബവും എസ്റ്റേറ്റ് പൂട്ടിയ ശേഷമാണു കോലാഹലമേട്ടിൽ എത്തിയത്. 

‘‘ഞങ്ങളറിയുന്ന കുമാറിനെയല്ല വാർത്തകളിൽ കണ്ടത്. ഏപ്രിൽ 17നും ജൂ‍ൺ 12നും ഇടയിൽ ഒരു പാവം എസ്റ്റേറ്റ് പണിക്കാരൻ കോടികളുടെ തട്ടിപ്പുകാരനായത് എങ്ങനെയെന്നറിയില്ല’’– കോലാഹലമേട്ടിലെ കുമാറിനെ അറിയുന്നവർ എല്ലാവരും പറയുന്നതിങ്ങനെ.

MORE IN Kuttapathram
SHOW MORE
Loading...
Loading...