ഭർത്താവ് ജീവിച്ചിരിക്കെ വിധവ പൂജ, ജീവജ്യോതിക്കായി കോടികളുടെ ആഭിചാരം; ദോശരാജാവിന്റെ ക്രൂരത

rajagopal-jeevajyothi
SHARE

ജയം വേട്ടയാടിപ്പിടിക്കുന്നതായിരുന്നു ശരവണ ഭവൻ ഉടമ പി.രാജഗോപാലിന്റെ ശീലം. ബ്രാഹ്മണർ വാണിരുന്ന സസ്യാഹാര വിപണന മേഖലയിൽ രാജഗോപാൽ നടത്തിയ മുന്നേറ്റം സമാനതകളില്ലാത്തതായിരുന്നു. ‘മസാലദോശയുടെ തലതൊട്ടപ്പൻ’ എന്നാണു ന്യൂയോര്‍ക്ക് ടൈംസ് രാജഗോപാലിനെ വിശേഷിപ്പിച്ചത്. ജീവജ്യോതി എന്ന പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിനു മുൻപിൽ മാത്രമാണ് അയാൾക്കു തോറ്റത്. ഇന്ത്യയിൽ മാത്രം 25 ഹോട്ടലുകൾ, രാജ്യത്തിനു പുറത്തും വ്യവസായ സ്ഥാപനങ്ങൾ. ജ്യോതിഷിയായിരുന്നു മാർഗദർശി. ജ്യോതിഷി ചൂണ്ടിക്കാണിക്കുന്നതെല്ലാം വെട്ടിപ്പിടിക്കാൻ രാജഗോപാൽ അമാന്തം കാണിച്ചില്ല. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പി. രാജഗോപാല്‍ ആശുപത്രിയിലാണ് അന്തരിച്ചത്. കോടതിയില്‍ കീഴടങ്ങിയശേഷം ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. 

1981–ൽ കെകെ നഗറിൽ പലചരക്കുകട നടത്തിയിരുന്ന രാജഗോപാലിനോടു തീ ഉപയോഗിക്കുന്ന മേഖലയിലേയ്ക്കു മാറാൻ ഉപദേശിച്ചത് ജ്യോതിഷിയായിരുന്നു. കാമാച്ചി ഭവൻ എന്ന ഭക്ഷണശാലയുടെ തുടക്കം പക്ഷേ പാളി. ശരവണ ഭവൻ എന്നു പുനർനാമകരണം ചെയ്തതും ജ്യോതിഷിയുടെ ഉപദേശപ്രകാരം. പിന്നെ തൊട്ടതെല്ലാം പൊന്നായി. ജീവജ്യോതിയെന്ന ഇരുപതുകാരിയെ സ്വന്തമാക്കാനുള്ള ജ്യോതിഷിയുടെ ഉപദേശമാണു രാജഗോപാലിന്റെ ബിസിനസ് സാമ്രാജ്യത്വത്തിന്റെ അടിവേരിളക്കിയത്. 

പണവും ആൾബലവും ആവോളമുണ്ടായിരുന്നു രാജഗോപാലിന്. കോടികൾ വാരിയെറിഞ്ഞു കൊലപാതകത്തിൽനിന്നു രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ ജീവജ്യോതിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വീണടിഞ്ഞു. ജാമ്യത്തിലിറങ്ങിയപ്പോൾ ജീവജ്യോതിയെ വിലയ്ക്കെടുക്കാനായിരുന്നു ആദ്യ ശ്രമം. ആറു ലക്ഷമായിരുന്നു ഓഫർ. വഴങ്ങാതെ വന്നപ്പോൾ ലക്ഷങ്ങളുടെ എണ്ണം കൂടി. ഭീഷണിയും അനുനയവും പീഡനപരമ്പരകളും. രാജഗോപാൽ ജീവപര്യന്തം അനുഭവിച്ചേ പറ്റൂയെന്ന സുപ്രീംകോടതി വിധി ജീവജ്യോതി പൊരുതി നേടിയതാണ്.

1999–ൽ സ്കൂൾ വിദ്യാർഥിയായിരിക്കെയാണു ജീവജ്യോതിയെ  രാജഗോപാലിന് ഇഷ്ടപ്പെട്ടത്. ജീവജ്യോതി സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്ന ജ്യോതിഷിയുടെ വാക്കുകൾ, എന്തു വില കൊടുത്തും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം ജനിപ്പിച്ചു. ജീവജ്യോതിയുടെ സൗന്ദര്യത്തേക്കാൾ അവരിലൂടെ തനിക്കു വന്നുചേരുന്ന സൗഭാഗ്യങ്ങളിലായിരുന്നു കണ്ണ്. ശരവണ ഭവനിൽ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകളായ ജീവജ്യോതിയും സഹോദരനെ ട്യൂഷന്‍ പഠിപ്പിച്ചിരുന്ന പ്രിൻസ് ശാന്തകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു. ശാന്തകുമാറിനെ വിവാഹം ചെയ്യാൻ ജീവജ്യോതിയുടെ വീട്ടുകാർ സമ്മതിച്ചില്ല. 1999ല്‍ ഇരുവരും രാമസ്വാമിയുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായി.

വലിയ സാമ്പത്തിക ചുറ്റുപ്പാടുളള കുടുംബമായിരുന്നില്ല പ്രിൻസിന്റേത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ഇരുവരും ജീവജ്യോതിയുടെ അമ്മാവനേയും രാജഗോപാലിനേയും പണത്തിനായി സമീപിച്ചു. ട്രാവൽ ഏജൻസി തുടങ്ങി ജീവിതം കരുപ്പിടിപ്പിക്കാനാണു രാജഗോപാലിന്റെ അടുത്തെത്തിയത്. ഈ അവസരം രാജഗോപാൽ ഉപയോഗിച്ചു. പണം നൽകി. ജീവജ്യോതിയോടുളള താൽപര്യം വിവാഹശേഷവും തെല്ലും കുറഞ്ഞിട്ടില്ലെന്ന് അവളെ ബോധ്യപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. പ്രിൻസിനെ ഉപേക്ഷിച്ചു തിരിച്ചെത്തിയാൽ രാജകുമാരിയെ പോലെ വാഴിക്കാമെന്നു പറഞ്ഞു. എന്നാൽ രാജഗോപാലിന്റെ പ്രലോഭനത്തിൽ ജീവജ്യോതി വീണില്ല.

മടിപ്പാക്കം സ്വദേശി രവിയെന്ന ജ്യോതിഷിയായിരുന്നു രാജഗോപാലിന്റെ മാർഗദർശി. ജീവജ്യോതിയെ കല്യാണം കഴിച്ചാൽ ലോകത്തെ ഏറ്റവും വലിയ പണക്കാരനാകും രാജഗോപാലെന്നു രവി അയാളെ വിശ്വസിപ്പിച്ചു. പ്രിൻസിനെ ജീവജ്യോതി മറക്കാൻ ലക്ഷങ്ങൾ മുടക്കി രാജഗോപാൽ ആഭിചാര ക്രിയകൾ ചെയ്തു. പ്രിൻസിനോടു ജീവജ്യോതിയെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. ജീവജ്യോതിയെ കൊല്ലുമെന്ന് ആൾക്കാരെ അയച്ച് പറയിപ്പിച്ചു. ഭീഷണിയും വിലപേശലും സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ജീവജ്യോതിയുമായി ഒളിച്ചോടി എവിടെയെങ്കിലും പോയി സമാധനമായി ജീവിക്കാൻ പ്രിൻസ് ആഗ്രഹിച്ചു.

ദമ്പതികൾ തിരുചെണ്ടൂരിലേക്ക് ഒളിച്ചോടിയതായി രാജഗോപാൽ അറിഞ്ഞു. പ്രിൻസിനെ ഗുണ്ടകളെ വിട്ടു തല്ലിച്ചു. ഭാര്യയെ വെറുതെ വിടണമെന്ന അഭ്യർഥന കേട്ടില്ല. പ്രിൻസിനെ തിരുചെണ്ടൂരിൽനിന്നു രാജഗോപാലിന്റെ ഗൂണ്ടകൾ തട്ടിക്കൊണ്ടു പോയി. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ തുടരെ നിർബന്ധിക്കുന്നതിനാൽ 2001–ൽ പൊലീസിൽ പരാതി നൽകിയതിനു തൊട്ടുപിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകൽ.

പ്രിൻസിന് എയ്‍ഡ്‌സ് ഉണ്ടെന്ന് പ്രചരിപ്പിക്കാനും രാജഗോപാൽ ശ്രമിച്ചു. ജീവജ്യോതിക്ക് രാജഗോപാല്‍ സ്വര്‍ണവും മൊബൈല്‍ ഫോണും ഉൾപ്പെടെ സമ്മാനമായി നല്‍കി. തന്റെ രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു വിവാഹം കഴിക്കുന്നത് എന്നും അവരിപ്പോള്‍ രാജ്ഞിയുടെ ജീവിതമാണ് ജീവിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. നിങ്ങളുടെ ഭാര്യയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നു പ്രിന്‍സിനോടും പറഞ്ഞു. രാജഗോപാലിന്റെ കയ്യിൽനിന്ന് പണം വാങ്ങി ജീവജ്യോതിയുമായുളള ബന്ധത്തിൽ നിന്ന് പ്രിൻസ് പിൻമാറിയതായി രാജഗോപാൽ ജീവജ്യോതിയെ ധരിപ്പിച്ചിരുന്നു. ബ്രാഞ്ച് മാനേജറുമായി ചേർന്ന് രാജഗോപാൽ തയാറാക്കിയ നാടകായിരുന്നു അത്.

ജീവജ്യോതിയിൽ വിധവാ പൂജ നടത്താനും രാജഗോപാലും ജ്യോതിഷിയും ശ്രമിച്ചതോടെയാണു കള്ളക്കളി പൊളിഞ്ഞത്. കൊടൈക്കനാല്‍ വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണു പ്രിന്‍സ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ഡാനിയേല്‍, കര്‍മഗം, സക്കീര്‍ ഹുസൈന്‍, കാശി വിശ്വനാഥന്‍, പാട്ട് രാജന്‍ തുടങ്ങി എട്ട് വാടകക്കൊലയാളികളെയാണ് പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്താന്‍ രാജഗോപാല്‍ അയച്ചത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

രാജഗോപാലിനെതിരെ 18 വര്‍ഷം നീണ്ട നിയമയുദ്ധത്തില്‍ ജീവജ്യോതിക്ക് ഏറെ കഷ്ടപ്പാടും നഷ്ടങ്ങളുമുണ്ടായി. സഹോദരന്‍ അടക്കമുള്ളവര്‍ എതിരായി. പ്രിൻസിന്റെ സഹോദരൻ പോലും കൂറുമാറിയ കേസിൽ ജീവജ്യോതിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണ് വിജയമുറപ്പിച്ചത്. പണവും സ്വാധീനവും ഉപയോഗിച്ച് രാജഗോപാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും രാജഗോപാലിന്റെ ശിക്ഷ ശരിവച്ചതോടെ ജീവജ്യോതി, സത്യത്തിന്റെ ജ്യോതിയാവുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...