ലോട്ടറി വിൽപനക്കാരിയെ തലയ്ക്ക് അടിച്ച കൊന്ന കേസിൽ പ്രതി പിടിയിൽ

lottery-murder1
SHARE

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ തലയ്ക്ക് അടിച്ച കൊന്ന കേസിൽ പ്രതി പിടിയിൽ. കോഴഞ്ചേരി നാരങ്ങാനം സ്വദേശി  ടി.പി. സത്യനെയാണ് പൊലീസ്  അറസ്റ്റുചെയ്തത്. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്‍ തമ്മില്‍ ഉടലെടുത്ത വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു. 

തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെ പറമ്പിൽ പൊന്നമ്മയെ തലയ്ക്ക് അടിച്ചു കൊന്ന കേസിലാണ്  സത്യനെ പൊലീസ്  പിടികൂടിയത്. കഴി‍ഞ്ഞ 13നാണു മെഡിക്കൽ കോളജ് കാൻസർ വാർഡിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തു നിന്ന് അഴുകിയ നിലയിൽ  പൊന്നമ്മയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സത്യനെ പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത സത്യന്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. 

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ- ലോട്ടറി വില്‍പ്പനക്കാരായ സത്യനും പൊന്നമ്മയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. പത്തുവര്‍ഷമായി മെഡിക്കല്‍കോളജിലാണ് സത്യന്‍റെ താമസം.  കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സത്യന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊന്നമ്മ ഇയാളെ ആക്രമിച്ചിരുന്നു. കാലിൽ വെട്ടിപ്പരുക്കേൽപ്പിക്കകയും തലയ്ക്ക് കല്ലു കൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി പൊന്നമ്മ അടുപ്പം  കാണിക്കാതിരുന്നതോടെ സത്യന് വൈരാഗ്യമായി.  എട്ടാം തിയതി രാത്രി പൊന്നമ്മയെ വിളിച്ചുവരുത്തി കാന്‍സര്‍ വാര്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത്  കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഒാടുന്നതിനിടെ പൊന്നമ്മ കാടുപിടിച്ച സ്ഥലത്തേക്ക് വീണെങ്കിലും പ്രതി പിന്നാലെയെത്തി വീണ്ടും അടിച്ച് മരണം ഉറപ്പാക്കി. 

പൊന്നമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ വരുന്ന മാലയും ബാഗിലുണ്ടായിരുന്ന 3000 രൂപയുടെ ലോട്ടറിയും 40 രൂപയും പ്രതി കൈവശപ്പെടുത്തി രക്ഷപെട്ടു.  പിറ്റേന്ന് അതിരാവിലെ പ്രദേശത്ത് എത്തിയ ഇയാൾ കാർഡ്ബോർഡ് കൊണ്ടു മൃതദേഹം മറച്ചു വെച്ചു.  കോഴഞ്ചേരിയിലേക്ക് പോയ പ്രതിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുിന്നു. പ്രതിയുമായി പൊലീസ് സംഘം കോഴഞ്ചേരിയിലെ ജ്വല്ലറിയിൽ എത്തി മാല വീണ്ടെടുത്തു. മെഡിക്കൽ  കോളജ് ആശുപത്രി പരിസരത്തും തെളിവെടുപ്പു നടത്തി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...