കൊലക്കളമായ നെട്ടൂരിലെ ചതുപ്പ്; ദുരൂഹത മൂടിപ്പുതച്ച് നഗരപ്രാന്തത്തിലെ ക്രൂരതാവളം

arjun-nettoor
SHARE

കൊച്ചി നെട്ടൂരിൽ ചതുപ്പിൽ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അർജ്ജുൻ എന്ന യുവാവിന്റെ മൃതദേഹമാണ് ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. ഈ പ്രദേശം പകൽസമയത്ത് പോലും നാട്ടുകാരുടെ പേടിസ്വപ്നമാണെന്ന്് മരട് കൗൺസിലർ ജാബർ പാപ്പന പറഞ്ഞു. പത്തുവർഷം മുൻപ് ബെംഗളൂരിൽ ഉള്ള ഒരു കമ്പനി നിർമാണപ്രവർത്തനത്തിന് വേണ്ടിയാണ് ഏക്കറുകണക്കിന് സ്ഥലം വാങ്ങിയത്. പണ്ട് ഇവിടം പാടശേഖരമായിരുന്നു. കമ്പനി കുറച്ചുഭാഗം നികത്തി. എന്നാൽ നിയമം മൂലം മുഴുവൻ നികത്താൻ സാധിക്കാതെ നിർമാണപ്രവർത്തനം നിലച്ചു. 

നഗരത്തിന്റെ വിവിധ ഭാഗത്തുനിന്നും ലഹരി മാഫിയയിൽ അംഗമായിട്ടുള്ള യുവാക്കൾ ഉച്ചകഴിഞ്ഞാൽ തമ്പടിക്കുന്ന സ്ഥലമാണിത്. കണ്ടൽകാടിന്റെ ഇടയ്ക്ക് സ്ഥലമൊരുക്കി അവിടെയിരുന്ന് ചീട്ടു കളിയും മദ്യപാനവും പതിവാണ്. സ്ത്രീകൾക്ക് ഉച്ചസമയത്ത് പോലും ആ വഴി നടക്കാനാകില്ല. പട്ടാപ്പകൽ പോലും എന്തും സംഭവിക്കാം. ആ സ്ഥലത്തെക്കുറിച്ച് കൃത്യമായിട്ടുള്ള വിവരം കൊലപാതകികൾക്ക് അറിയാം. അതുകൊണ്ടാണ് മൃതദേഹം മറവുചെയ്യാൻ ഈ സ്ഥലം തിരഞ്ഞെടുത്തത്. 

നഗരമധ്യത്തിൽ ഇത്രയും ദുരൂഹമായൊരുസ്ഥലമുള്ളത് കേൾക്കുന്നവർക്ക് അദ്ഭുതമാണ്. സാമൂഹികവിരുദ്ധരുടെ താവളമാണ് ഇവിടെമെന്ന് പൊലീസിനും അറിയാവുന്നതാണ്. എന്നാൽ അവിടേക്ക് വണ്ടി കടന്നുചെല്ലാൻ പ്രയാസമാണെന്ന കാരണം പറഞ്ഞ് പൊലീസുകാർ നടപടികൾ ഒന്നും എടുത്തിട്ടില്ലെന്ന് പ്രദേശത്തുകാര്‍ പറയുന്നു. നേരത്തെ നെട്ടൂർ റെയിൽവേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നപ്പോൾ ആ ഭാഗത്ത് വെളിച്ചമെങ്കിലും ഉണ്ടായിരുന്നു. റെയിൽവേസ്റ്റേഷൻ നഷ്ടത്തിലാണെന്ന കാരണം കാട്ടി അടച്ചതോടെ ആ ഭാഗത്ത് വെളിച്ചവുമില്ലാതായി. നഗരസഭ റെയിൽവെസ്റ്റേഷനിലെ ജീവനക്കാരനുള്ള ശമ്പളം നൽകാമെന്ന് അറിയിച്ചിട്ട് പോലും നടപടിയുണ്ടായിട്ടില്ല. 

ഒരു വർഷം മുൻപ് നഗരസഭയും നെട്ടൂരുള്ള സാമൂഹികപ്രവർത്തകരും ക്ലബ്ബുകാരും ചേർന്ന് സാമൂഹികവിരുദ്ധരെ ഇവിടെ നിന്നും അകറ്റിയിരുന്നു. അന്ന് അതിൽ പങ്കാളികളായവർക്ക് ഭീഷണയുണ്ടായിരുന്നു-  ജാബർ പാപ്പന പറഞ്ഞു.

ഒന്നാംപ്രതി നിബിന്റെ സഹോദരൻ എബിനും കൊല്ലപ്പെട്ട അർജ്ജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് കളമശേരിയിൽവെച്ചുനടന്ന അപകടത്തിൽ എബിൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അർജ്ജുന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജ്ജുന്റെ ചികിൽസയ്ക്കായി ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ചിലവായത്. എന്നാൽ എബിനെ അർജ്ജുൻ മനപൂർവ്വം കൊന്നതാണെന്ന സംശയത്തിന്റെ പേരിലാണ് നിബിൻ അർജ്ജുനെ കൊന്ന് ചതുപ്പിൽ ചവിട്ടി താഴ്ത്തുന്നത്. നിബിനുമായും അർജ്ജുൻ കൂട്ടായിരുന്നു. നിബിന്റെ കോൾ വന്ന പിറകിനാണ് അർജ്ജുൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം രണ്ടാം തീയതി മുതലാണ് അർജ്ജുനെ കാണാതാകുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...