കൊലക്കായി സൗഹ‍ൃദം, ചതുപ്പിൽ താഴ്ത്തി; അന്ന് രാത്രി 2 മണിക്ക് സംഭവിച്ചതെന്ത് ?

nettor-murder
SHARE

യുവാവിനെ കൊന്നു ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ കേസിൽ കൊലപാതകത്തിലേക്കു നയിച്ചത് ഒന്നാം പ്രതി നിബിനു സഹോദരൻ എബിന്റെ അപകട മരണത്തിലുണ്ടായ സംശയമാണെന്നു  പൊലീസ് പറഞ്ഞു.  സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട അർജുനും എബിനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് അർജുനുമൊത്തു ബൈക്കിൽ പോകുമ്പോൾ കളമശേരിയിലുണ്ടായ അപകടത്തിൽ എബിൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അർജുൻ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, ഇത് അപകടമല്ലെന്നും ആസൂത്രിത കൊലപാതമാണെന്നും നിബിൻ വിശ്വസിച്ചു. ഇതിനു പ്രതികാരം ചെയ്യുമെന്ന് സുഹ‍ൃത്തുക്കളോടു പറയുകയും ചെയ്തു. ഈ ലക്ഷ്യത്തോടെ കുറെനാൾ മുൻപ് അർജുനോടു സൗഹൃദം സ്ഥാപിക്കുകയായിരുന്നു

ഈ മാസം 2നു രാത്രി 10നു നിബിനും പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആളും പെട്രോൾ വാങ്ങാനെന്നു തെറ്റിദ്ധരിപ്പിച്ച് അർജുനെ കൂട്ടിക്കൊണ്ടുപോയി. കാത്തുനിന്നിരുന്ന മറ്റു 3 പ്രതികളുടെ അടുത്ത് അർജുനെ എത്തിച്ചശേഷം പ്രായപൂർത്തിയാകാത്ത ആൾ മടങ്ങി. മറ്റുള്ളവർ ചേർന്നു ബലമായി അർജുനെ നെട്ടൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള വിജനമായ പ്രദേശത്തെത്തിച്ചു. ഇവിടെ വച്ചു പട്ടികയും കല്ലും ഉപയോഗിച്ചു മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ ശേഷം ഉയർന്നു വരാതിരിക്കാൻ മുകളിൽ കല്ലുകളും വേലിയുടെ തൂണും വച്ച ശേഷം മടങ്ങി.പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കാൻ ദൃശ്യം സിനിമ മാതൃകയാക്കി ചില ആസൂത്രണങ്ങൾ പ്രതികൾ നടത്തി. അർജുനെ കാണാതായതിന്റെ പിറ്റേന്നു പിതാവ് വിദ്യൻ പ്രതികളെ സംശയമുണ്ടെന്നു പരാതി നൽകി.

ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തെങ്കിലും പെട്രോൾ വാങ്ങിയ ശേഷം അർജുൻ മടങ്ങിയെന്നും പിന്നീടു കണ്ടിട്ടില്ലെന്നുമായിരുന്നു മൊഴി. ഇതെ തുടർന്ന് ഇവരെ ആദ്യം വിട്ടയച്ചു. സംശയിച്ചു വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴി നൽകിയയെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാൽ, അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായതെന്നും തുടർന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തുവെന്നും സംസാരമുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം നെട്ടൂർ ശാന്തിവനത്തിൽ സംസ്കരിച്ചു. അർജുന്റെ മാതാവ്: സിന്ധു. സഹോദരി: അനഘ.

ജഡം കിട്ടിയത് ഹേബിയസ് കോർപസ് പരിഗണനയിലിരിക്കെ 

അർജുന്റെ മൃതദേഹം കണ്ടെത്തിയതു പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ. കഴിഞ്ഞ രണ്ടിനു കാണാതായ മകനെ കണ്ടെത്താൻ കുമ്പളം സ്വദേശി എം. എസ്. വിദ്യൻ സമർപ്പിച്ച ഹർജി ഇന്നു പരിഗണിക്കാൻ മാറ്റിയിരുന്നു. കുമ്പളം സ്വദേശി നിബിന്റെയും സംഘത്തിന്റെയും അന്യായ കസ്റ്റഡിയിൽ മകൻ പെട്ടുപോയതായി സംശയമുണ്ടെന്നു പിതാവിന്റെ ഹർജിയിലുണ്ട്. രണ്ടിനു രാത്രി ദുരൂഹമായതെന്തോ സംഭവിച്ചിട്ടുണ്ട്. പനങ്ങാട് പൊലീസിൽ പരാതിപ്പെട്ടു. എവിടെയാണെന്നു കണ്ടെത്തി അറിയിച്ചാൽ മോചിപ്പിക്കാമെന്നാണു പൊലീസ് പറഞ്ഞത്. സംഘത്തിന്റെ കയ്യിൽ മകന്റെ ജീവൻ അപകടത്തിലാണെന്നു കാണിച്ചായിരുന്നു ഹർജി.

പൊലീസിനു വീഴ്ചയില്ല: ഡിസിപി പൂങ്കുഴലി

അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു. പരാതി കിട്ടിയ 3ന് തന്നെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് അനാസ്ഥ സംബന്ധിച്ചുള്ള പിതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അർജുനെ കാണാതായതിനെത്തുടർന്ന് ആദ്യം കിട്ടിയ പരാതിയിൽ സുഹൃത്തുക്കളെക്കുറിച്ചു പരാമർശം ഉണ്ടായിരുന്നില്ല. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പൊലീസ് തന്നെയാണു പ്രതികളെ കണ്ടെത്തിയതെന്നും ഡിസിപി പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...