കേസ് അന്വേഷിച്ചവർ പ്രതികളായി; പൊലീസ് സ്റ്റേഷൻ തെളിവെടുപ്പുകേന്ദ്രമായി

idukki-lockup-murder1
SHARE

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ട് 12 ദിനങ്ങൾ. അതിനു 12 ദിവസം മുൻപ് ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥർ തന്നെ കസ്റ്റഡി മരണക്കേസിൽ പ്രതികളായെന്ന പ്രത്യേകതയും. തെളിവെടുപ്പിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പുറപ്പെട്ട സ്ഥലം പിന്നീട് തെളിവെടുപ്പുകേന്ദ്രവുമായി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേഷനിൽ തെളിവെടുപ്പിനായി സഹപ്രവർത്തകർക്കു മുന്നിൽ എത്തിച്ചത്. 

എഎസ്ഐ സി.ബി. റെജിമോൻ, പൊലീസ് ഡ്രൈവർ എസ്. നിയാസ് എന്നിവരെ ചോദ്യം ചെയ്യലിനു പിന്നാലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ചു തെളിവെടുത്തു.  മർദനം നടന്ന വിശ്രമ മുറി, ശുചിമുറിക്കു സമീപത്തെ വിശ്രമകേന്ദ്രം എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുത്തത്. 12 ദിവസം മുൻപു വരെ ഒരുമിച്ച് ജോലി ചെയ്ത ഉദ്യോഗസ്ഥരാണ് കേസിലെ ഒന്നു മുതൽ 4 വരെ പ്രതികൾ. എസ്ഐ കെ.എ.സാബു, സജീവ് ആന്റണി എന്നിവരെ 3ന് അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ പ്രതികളുടെ എണ്ണവും വർധിക്കുമെന്നാണു സൂചന. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കടുത്ത സമ്മർദത്തിലാണ്. 

കുമാറിനെ മണിക്കൂറുകളോളം മർദിച്ചെന്ന് പ്രതികളുടെ  കുറ്റസമ്മത മൊഴി 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയിൽ കോലാഹലമേട് സ്വദേശി കുമാറിനെ (രാജ്കുമാർ) കൈകൾ പിന്നിലേക്കു വച്ച് കട്ടിലിൽ കെട്ടിയിട്ട് ലാത്തികൾ കൊണ്ടു മണിക്കൂറുകളോളം ക്രൂരമായി മർദിച്ചെന്ന് അറസ്റ്റിലായ എഎസ്ഐ സി.ബി. റെജിമോന്റെയും ഡ്രൈവർ എസ്. നിയാസിന്റെയും കുറ്റസമ്മത മൊഴി. കേസിലെ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ് ഇരുവരും. ക്രൂരതകൾക്കു നേതൃത്വം കൊടുത്തതു നിയാസും നിർദേശം നൽകിയതു റെജിമോനുമായിരുന്നുവെന്നു ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കുമാറിന്റെ ശരീരത്തിൽ കുരുമുളക് പ്രയോഗം നടത്തിയതായും പ്രതികൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.  കൊലപാതകം, ദേഹോപദ്രവം ഏൽപിക്കൽ, ആയുധമോ വസ്തുക്കളോ ഉപയോഗിച്ച് പരുക്കേൽപിക്കൽ, മൂന്നോ അതിലധികമോ ദിവസം ഒരാളെ അന്യായമായി തടങ്കലിൽ വയ്ക്കൽ, കസ്റ്റഡിയിൽ വച്ചു കുറ്റസമ്മതം നടത്തിക്കുന്നതിനോ തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനോ ദേഹോപദ്രവമേൽപിക്കൽ, ഒന്നിലധികം പേർ ചേർന്നുള്ള കുറ്റകൃത്യത്തിൽ പങ്കാളിയാകൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...