ഗൗരി ലങ്കേഷിനെ കൊല്ലാന്‍ വിശദ ആസൂത്രണം; പേര് ‘ഇവന്റ്’; വെളിപ്പെടുത്തല്‍ ഇങ്ങനെ

gauri-lankesh
SHARE

രാജ്യത്തെ ഞെട്ടിച്ച ഗൗരി ലങ്കേഷ് കൊലപാതകത്തിന്‍റെ ചുരുളുകൾ അഴിയുന്നു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരദ് കലാസ്കറിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

'ഇവന്റ്' എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയതെന്നും വലതുപക്ഷ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാൾ വ്യക്തമാക്കി. ധാബോൽക്കർ, പൻസാരെ എന്നിവരുടെ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക വിവരങ്ങളും ഇയാളിൽ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ട്. ഇവരുടെ കൊലപാതകങ്ങളിൽ പങ്കുള്ളതായും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ആസൂത്രണം, ആയുധങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു ശരദ് കലാസ്‌കറുടെ ദൗത്യം. ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്ത പരശുറാം വാഗ്മാരെ ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചതും ഇയാളായിരുന്നു. നരേന്ദ്ര ധാബോല്‍കറെ വെടിവെച്ചുകൊന്നത് താനാണെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്..

2017 സെപ്തംബർ 5 ന് രാത്രിയിലാണ് വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടയിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് വീഴുന്നത്. 2016 ഓഗസ്റ്റില്‍ ബെൽഗാമിൽ ചേർന്നൊരു യോഗത്തിൽ ഹിന്ദുത്വത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയും ഇവിടെവച്ച് ഗൗരി ലങ്കേഷിനെ വധിക്കാൻ തീരുമാനിക്കുകയുമായിരുന്നെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

പ്രതികളിൽ ഒരാളായ ഭരത് കുർണെയുടെ വീട്ടിൽ വച്ചാണ് കൂടുതൽ ഗൂഢാലോചന നടന്നത്. കൊലപാതകം സംബന്ധിച്ച് സുദീർഘമായ പദ്ധതി തയ്യാറാക്കിയതും ഇവിടെവച്ചാണ്. അമോൽ കാലെ എന്നയാൾ ഒരോരുത്തർക്കും ചുമതലകൾ വീതിച്ചുകൊടുത്തു. പദ്ധതിയ്ക്ക് ഇവന്റ് എന്ന പേരും നൽകി. മാത്രമല്ല  ശരദ് കലാസ്കർ, പരശുറാം വാഗ്മാരെ, മറ്റൊരു പ്രതിയായ മിഥുൻ ഭരത് എന്നിവർക്ക് കുർനാ മലമുകളിൽ വെടിവയ്പ്പിനുള്ള പരിശീലനവും നൽകി.

കൊലപാതകത്തിന് മുൻപ് കൂടുതൽ കരുതലുകളും എടുത്തിരുന്നു. അമോൽ കാലെയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. അങ്ങനെ പരിശീലനത്തിനു ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങി. ഇവന്റിന് ഒരു ദിവസം മുൻപ് മാത്രം തിരികെയെത്താനും നിർദേശം നൽകിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവരിൽ ഉൾപ്പെട്ടയാളാണ് അമോൽ കാലെ. കൊലപാതകത്തിനു ശേഷം ‌കലാസ്കർ  തോക്ക് പല കഷ്ണങ്ങളാക്കി മുംബൈ–നാസിക് ഹൈവേയിലുള്ള പല ഇടങ്ങളിലായി ഉപേക്ഷിച്ചു. വിദഗ്ധരുടെ സഹായത്തോടെ സിബിഐയാണ് പിന്നീട് തോക്ക് കണ്ടെടുത്തത്.

2018–ൽ ആയുധം കൈവശംവച്ച കേസിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് ശരദ് കലാസ്കറിനെ പിടികൂടിയത്

MORE IN Kuttapathram
SHOW MORE
Loading...
Loading...