മോഷ്ടിച്ച ബാഗിലെ പെന്‍ ഡ്രൈവിന് അഞ്ച് ലക്ഷം രൂപം; പ്രതികളെ കുടുക്കിയത് ഇങ്ങനെ

pendrive-clt
SHARE

കവര്‍ന്ന ബാഗിലുണ്ടായിരുന്ന പെന്‍ ഡ്രൈവ് തിരിച്ചുകിട്ടാന്‍ യുവതിയോട് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം. പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ തട്ടിപ്പിന് തയാറെടുത്ത യുവാക്കള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലയിലായി. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് ഗോവിന്ദപുരം സ്വദേശികളായ അജീഷ്, ഷഗില്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.  

അഞ്ച് ദിവസം മുന്‍പ് കോഴിക്കോട് ബീച്ചില്‍ സുഹൃത്തിനൊപ്പമെത്തിയതായിരുന്നു യുവതി. ബൈക്കില്‍ സൂക്ഷിച്ച ബാഗ് തിരിച്ചെത്തുമ്പോള്‍ നഷ്ടപ്പെട്ടിരുന്നു. യുവതിയും സുഹൃത്തും ബീച്ചിലേക്ക് ഇറങ്ങിയതിന് പിന്നാലെ അജീഷും ഷഗിലും ബാഗ് തട്ടിയെടുത്തു. സര്‍ട്ടിഫിക്കേറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പെന്‍ ഡ്രൈവും രേഖകളുമാണ് ബാഗിലുണ്ടായിരുന്നത്. പെന്‍ ഡ്രൈവ് മടക്കി നല്‍കാന്‍ അഞ്ച് ലക്ഷം വേണമെന്നാവശ്യപ്പെട്ട് അടുത്തദിവസം യുവതിയുടെ മൊബൈലിലേക്ക് വിളിയെത്തി. 

പണം തരാന്‍ തയാറായില്ലെങ്കില്‍ ചിത്രങ്ങള്‍ മോര്‍ഫ് െചയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. യുവതി വെള്ളയില്‍ പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷണത്തില്‍ മെഡിക്കല്‍ കോളജ്, നടക്കാവ്, ആനിഹാള്‍ റോഡ് എന്നിവിടങ്ങളിലെ ബൂത്തുകളില്‍ നിന്നാണ് വിളിയെത്തിയതെന്ന് തെളിഞ്ഞു. 

പൊലീസിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു പിന്നീടുള്ള യുവതിയുടെ നീക്കം. അടുത്തവിളിയില്‍ തട്ടിപ്പുകാര്‍ അന്‍പതിനായിരം വരെയെത്തി. പതിനായിരം നല്‍കാമെന്നായി യുവതി. തീരുമാനം ഇരുപത് മിനിറ്റിനുള്ളില്‍ അറിയിക്കാമെന്ന് മറുപടിയും നല്‍കി. അടുത്ത വിളിയുടെ ഇടവേളയില്‍ ആനിഹാള്‍ റോഡിലെ ബൂത്തില്‍ നിന്ന് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ബൂത്തുടമയോടും സമീപത്തെ ഹോട്ടലിലെ ജീവനക്കാരോടും യുവാക്കളെത്തിയാല്‍ അറിയിക്കണമെന്ന പൊലീസ് നിര്‍ദേശവും സഹായമായി. 

പെന്‍ ഡ്രൈവ് കളഞ്ഞ് കിട്ടിയതാണെന്ന് പറഞ്ഞ് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഷഗിലിലെ വീട്ടിലെത്തിയുള്ള പരിശോധനയില്‍ അലമാരയില്‍ യുവതിയുടെ ബാഗ് കണ്ടെത്തുകയായിരുന്നു. കാര്യമായ ജോലിയിലൊന്നുമില്ലാത്ത ഇരുവരും സംഘം ചേര്‍ന്ന് വൈകുന്നേരങ്ങളില്‍ ബീച്ചില്‍ സമയം ചെലവഴിക്കുകയാണ് പതിവ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...