ഇല്ലാതാക്കാൻ കരുതി കൂട്ടി കൊല; തിരുവല്ല സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

thiruvalla-girl-attack-char
SHARE

തിരുവല്ലയിൽ പെൺകുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ  കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ  പ്രതി കരുതി കൂട്ടി കൊല നടത്തിയതാണെന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ജയിലിൽ കഴിയുന്ന പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിന്റെ ജാമ്യത്തിനായി ബന്ധുക്കൾ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

തിരുവല്ലയിൽ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ  കേസിൽ  പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധം  പഴുതടച്ച  കുറ്റപത്രമാണ് പോലീസ്   കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് . സിസിടിവി ദൃശ്യങ്ങൾ , ഇവരുടെ അധ്യാപകരും സുഹൃത്തുക്കളുമടക്കം 90 പേരുടെ സാക്ഷികൾ മൊഴികൾ ,തൊണ്ണുറോളം രേഖകൾ എന്നിവയെല്ലാം കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ   പ്രതി കരുതി കൂട്ടി കൊല നടത്തിയതാണെന്ന് കുറ്റപത്രത്തിൽ പറയുന്നത്. 

അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി ഐ. പി.ആർ സന്തോഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 12നായിരുന്നു അയിരൂർ സ്വദേശിനിയായ കവിതയെ തിരുവല്ലയിൽ വെച്ച് പ്രതി അജിൻ റെജി മാത്യു  പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷമായിരുന്നു തീ കൊളുത്തിയത്.പ്ലസ്ടു പഠന കാലത്ത് സഹപാഠികളായിരുന്നു കൊല്ലപ്പെട്ട കവിതയും അജിനും. 

തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധത്തിൽ നിന്നും പെൺകുട്ടി പിൻമാറിയതാണ്  കൊലപ്പെടുത്താൻ കാരണമെന്നുമായിരുന്നു പ്രതിയുടെ കുറ്റസമ്മത മൊഴി. മാവേലിക്കരയിൽ സമാന രീതിയിൽ പോലീസുകാരിയെ സുഹൃത്തായ   പോലീസുകാരൻ  കൊലപ്പെടുത്തിയ പശ്ചാതലത്തിലാണ് തിരുവല്ലയിലെ കേസിൽ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് തൃശ്ശൂരിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...