പയ്യോളിയിലും താമരശേരിയിലുമായി വന്‍ ലഹരിമരുന്ന് വേട്ട

ganja-1
SHARE

കോഴിക്കോട് നഗരത്തിലും പയ്യോളിയിലും താമരശേരിയിലുമായി വന്‍ ലഹരിമരുന്ന് വേട്ട. പതിനൊന്നേകാല്‍ കിലോ കഞ്ചാവും ആറ് ഗ്രാം ബ്രൗണ്‍ ഷുഗറും എക്സൈസ് പിടികൂടി. മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മംഗലാപുരം സ്വദേശി അന്‍സാര്‍ ബംഗലൂരുവില്‍ നിന്ന് കോഴിക്കോട് ട്രെയിനിറങ്ങുമ്പോള്‍ വെറും യാത്രക്കാരനെന്ന ഭാവം. കാത്തുനിന്ന എക്സൈസ് സംഘം കൈയ്യോടെ പിടികൂടി പരിശോധിക്കുമ്പോള്‍ യാത്രാ ബാഗില്‍ പത്ത് കിലോ കഞ്ചാവ്. 

നഗരത്തിലെ മൊത്തക്കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതെന്ന് മൊഴി. എന്നാല്‍ ആളിനെക്കുറിച്ച് വിവരം നല്‍കാന്‍ അന്‍സാര്‍ തയാറല്ല. ഇരുപത്തി എട്ടുകാരനായ അന്‍സാര്‍ നാട്ടിലെ ചെറിയ ജോലിക്കൊപ്പം ആന്ധ്രയില്‍ നിന്ന് ബംഗലൂരു വഴി കോഴിക്കോട്ടേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവെത്തിക്കുന്ന വിരുതനുമായിരുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവ് മൊത്തക്കച്ചവടക്കാരനെ പിടികൂടിയത്. അന്‍പതിനായിരത്തില്‍ താഴെ വിലയ്ക്ക് ശേഖരിച്ച കഞ്ചാവ് ചെറുകിടക്കാര്‍ക്ക് കൈമാറുന്നത് വഴി മൂന്നര ലക്ഷം വരെ അന്‍സാറിന് സ്വന്തമാക്കാം. 

വാഹന പരിശോധനക്കിടെയാണ് താമരശേരിയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി മാവൂര്‍ സ്വദേശി സമീറിനെ എക്സൈസ് സംഘം പിടികൂടിയത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനാണ് സമീര്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൊയിലാണ്ടി സ്വദേശി റിയാസിനെയാണ് ആറ് ഗ്രാം ബ്രൗണ്‍ ഷുഗറുമായി എക്സൈസ് പിടികൂടിയത്. സ്വന്തം ആവശ്യത്തിനൊപ്പം പതിവ് ഇടപാടുകാരായ യുവാക്കള്‍ക്കും കൈമാറാനെത്തിച്ചതായിരുന്നു ലഹരി. കണ്ണൂര്‍ ജില്ലയിലും റിയാസിനെതിരെ സമാന കേസുണ്ട്. 

പിടിയിലായ മൂന്നുപേരെയും വില്‍പനയില്‍ സഹായിച്ചിരുന്നവരെക്കുറിച്ച് എക്സൈസ് വിവരം ശേഖരിച്ചു തുടങ്ങി. മൊബൈല്‍ വിളികള്‍ പരിശോധിക്കുന്നതിനൊപ്പം ഇവരുടെ ബന്ധുക്കളില്‍ നിന്നും വിശദമായ മൊഴിയെടുക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...