ഷൂ ഊരി നടുവിന് അടിച്ചു; ഫോൺ സ്വിച്ച് ഓഫ് ചെയ്തതിന് ഭീഷണി; അജാസിന്റെ ഉപദ്രവം

ajas-cruelty
SHARE

കൊല്ലപ്പെട്ട വനിത സിവിൽ പൊലീസ് ഓഫിസർ സൗമ്യയ്ക്കുനേരെ പ്രതി അജാസ്  നിരന്തരം നടത്തിയ ഭീഷണിയും ഉപദ്രവങ്ങളുമാണ് അമ്മ ഇന്ദിരയ്ക്കു പറയാനുള്ളത്.  ‘അജാസ് മുൻപും വീട്ടിലെത്തി സൗമ്യയെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഓഫ് ചെയ്തത് എന്തിനെന്നു ചോദിച്ചാണ് അടിച്ചത്. സൗമ്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു. ഷൂ ഊരി നടുവിൽ അടിച്ചു. അജാസ് പലവിധത്തിലും ശല്യം ചെയ്തിരുന്നുവെന്നു സൗമ്യ എന്നോടു പറഞ്ഞിട്ടുണ്ട്.

‘ഒരിക്കൽ സൗമ്യ അജാസിന്റെ കയ്യിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വാങ്ങി. അതു തിരികെ നൽകാൻ സൗമ്യയോടൊപ്പം ഞാനും എറണാകുളത്തു പോയി. അന്ന് അജാസ് പണം വാങ്ങിയില്ല. തന്നെ ഉപദ്രവിച്ചതിലുള്ള കുറ്റബോധം മൂലമാണു പണം വാങ്ങാത്തതെന്നാണു സൗമ്യ അന്നു പറഞ്ഞത്. തിരികെ വീട്ടിൽ കൊണ്ടുവിട്ടത് അജാസ് ആണ്. അന്നു ബസ് സ്റ്റോപ്പിൽ വിടാതെ എന്നെ ചങ്ങൻകുളങ്ങരയിലും സൗമ്യയെ ഓച്ചിറയിലുമാണ് ഇറക്കിയത്.

അടുത്ത ദിവസം രാവിലെ ഏഴിനു ഡ്യൂട്ടിക്കു കയറേണ്ട അജാസിനെ രാവിലെ ഫോണിൽ വിളിച്ചെഴുന്നേൽപ്പിച്ചില്ലെന്നു പറഞ്ഞു സൗമ്യയെ ഭീഷണിപ്പെടുത്തുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങൾ അന്നത്തെ നോർത്ത് എസ്ഐയോടു 2 മാസം മുൻപു ഫോണിൽ സൂചിപ്പിച്ചിരുന്നു. അന്നത്തെ പണം സൗമ്യ അജാസിന്റെ ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുത്തെങ്കിലും തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കുതന്നെ ഇട്ടു.

ചോദിക്കാൻ ഞാൻ അജാസിനെ ഫോണിൽ വിളിച്ചു. മേലിൽ മകളെ വിളിക്കരുതെന്നും ഭർത്താവും മക്കളുമായി കഴിയുന്ന അവളെ ഉപദ്രവിക്കരുതെന്നും പറഞ്ഞു. വിവാഹം കഴിച്ചു ജീവിക്കാനും ഉപദേശിച്ചു.‘അജാസിന്റെ നമ്പർ സൗമ്യ ബ്ലോക്ക് ചെയ്തു. അയാൾ മറ്റു നമ്പരുകളിൽ നിന്നു രണ്ടുതവണ വിളിച്ചു. ജോലിക്കിടയിലും സൗമ്യ ഫോൺ ഓൺ ചെയ്തു വയ്ക്കണമെന്ന് അജാസ് പറയുമായിരുന്നു. മറ്റൊരു രീതിയിലുമുള്ള അടുപ്പവും മകൾ‌ക്ക് അജാസുമായി ഉണ്ടായിരുന്നില്ല. സൗമ്യ വീട്ടിൽ ഒറ്റയ്ക്കു നിൽക്കരുതെന്ന് പൊലീസ് പറഞ്ഞിരുന്നു.

അജാസിന്റെ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരിക്കൽ ഭർത്താവ് സജീവനും സൗമ്യയുമായി തർക്കമുണ്ടായി. അന്നു വല്യച്ഛന്റെ വീട്ടിൽ വച്ചു പരിഹരിക്കാനും ശ്രമിച്ചു. അജാസുമായി സൗമ്യയ്ക്ക് എത്ര നാളത്തെ പരിചയമുണ്ടെന്നു കൃത്യമായി അറിയില്ല. സജീവ് ഇല്ലാതാകുമ്പോൾ നീ ഒറ്റയ്ക്കാണെന്നു പറയുമല്ലോയെന്ന് അജാസ് സൗമ്യയോടു പറഞ്ഞിരുന്നു. മൂന്നു മക്കളുണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ പലപ്പോഴും പറഞ്ഞെങ്കിലും അവൻ എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞു...’

സൗമ്യ അജാസിൽ നിന്നു കടംവാങ്ങിയ പണം എറണാകുളത്ത് എത്തി തിരികെ നൽകാൻ ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റാൻ കൂട്ടാക്കിയില്ലെന്ന വിവരം എറണാകുളം നോർത്ത് എസ്ഐ രാജൻ ബാബുവിനോടു സൗമ്യ 2 മാസം മുൻപ് ഫോണിൽ സൂചിപ്പിച്ചിരുന്നെന്ന് സൗമ്യയുടെ അമ്മ ഇന്ദിര.

അന്നു വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു അദ്ദേഹം. ഈ പരാതി എഴുതി തനിക്കു നൽകാൻ അദ്ദേഹം അന്നു നിർദേശിച്ചിരുന്നുവെന്ന് ഇന്ദിര പറഞ്ഞു. എന്നാൽ, പരാതി എഴുതി നൽകിയില്ല. അതിനുശേഷം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സ്ഥലംമാറ്റത്തിലാണ് രാജൻ ബാബു എറണാകുളം നോർത്തിലേക്കു മാറിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...