ആത്മഹത്യ സന്ദേശമടങ്ങുന്ന ശബ്ദരേഖ പുറത്തുവിട്ട ജ്വല്ലറി ഉടമയെ കാണാതായി; തിരച്ചിൽ

ima-gold-2
SHARE

ആത്മഹത്യ സന്ദേശമടങ്ങുന്ന ശബ്ദരേഖ പുറത്തുവിട്ട ബെംഗളൂരുവിലെ ജ്വല്ലറി ഉടമയെ കാണാതായി. കോണ്‍ഗ്രസ് എം എല്‍ എ റോഷന്‍ ബെയ്ഗി‌നെതിരെയെടക്കം ആരോപണങ്ങളുന്നയിച്ചാണ് ജൂവലറി ഉടമയുടെ ആത്മഹത്യാ സന്ദേശം. വിവരം പുറത്തായതോടെ നിക്ഷേപകരെല്ലാം പ്രക്ഷോഭവുമായി ജ്വല്ലറിക്കുമുന്നില്‍ തടിച്ചുകൂടുകയാണ്. ഉടമയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഉൗര്‍ജിതമാക്കി

ബെംഗളൂരു ശിവാജി നഗറിലെ ഐ എം എ ജൂവലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാനെയാണ് കാണാതായത്. ആത്മഹത്യാ സന്ദേശമടങ്ങുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെയാണിയാള്‍ പുറത്തുവിട്ടത്. പണം വാങ്ങിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തന്നെ പീഡിപ്പിക്കുകയാണെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നുമായിരുന്നു ഓഡിയോ ക്ലിപ്പിലെ സന്ദേശം. സ്ഥലം എം എല്‍ എ റോഷന്‍ ബെയ്ഗിന് 400 കോടി രൂപ കടം നല്‍കിയെന്നും തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും ക്ലിപ്പില്‍ ആരോപണമുണ്ട്. 

സ്വര്‍ണചിട്ടി നടത്തുന്ന മന്‍സൂറിന്‍റെ ജ്വല്ലറിയില്‍ മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇയാള്‍ ജീവനൊടുക്കിയെന്ന് അഭ്യൂഹം പരന്നതോടെ പണം നിക്ഷേപിച്ചവരെല്ലാം ജൂവലറിക്കുമുന്നില്‍ പ്രക്ഷോഭവുമായെത്തി. പരാതികള്‍ വ്യാപകമായതോടെ മന്‍സൂറിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സിറ്റിപൊലീസ് കമ്മീഷണര്‍ നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ സ്വീകരിക്കാന്‍ പൊലീസ് പ്രത്യേക കൗണ്ടറും തുറന്നു. നിക്ഷേപകരോട് ആവശ്യമായ രേഖകള്‍ സഹിതം കേസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ മൂവായിരത്തിലധികം പരാതികളാണ് ലഭിച്ചത്.

വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണമുണ്ടാകുമെനന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. മന്‍സൂര്‍ ജീവനൊടുക്കിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിക്ഷേപകരെയും പൊലീസിനെയും വഴിതെറ്റിക്കാന്‍ ഒാഡിയോ സംഭാഷണം തയ്യാറാക്കിയ ശേഷം ഇയാള്‍ കുടുംബത്തോടെ രാജ്യം വിട്ടിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിപ്പിനിരയായവരിലേറെയും സാധാരണക്കാരാണ് .

MORE IN Kuttapathram
SHOW MORE
Loading...
Loading...