നീനു കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു; അനീഷ് രക്ഷപ്പെട്ടത് തന്റെ ഇടപെടൽ കാരണം; മുൻ എഎസ്ഐ

kevin-neenu-update
SHARE

കെവിനോടൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷ് ജീവനോടെ മടങ്ങിയെത്താന്‍ കാരണം തന്‍റെ ഇടപെടലെന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്ഐ ടി.എം. ബിജുവിന്‍റെ മൊഴി. നീനു ചാക്കോയെ മോചിപ്പിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നും ബിജു വിചാരണക്കിടെ മൊഴി നല്‍കി. ചാക്കോ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കവെ നീനു രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചുവെന്നും ബിജു കോടതിയില്‍ പറഞ്ഞു. 

കെവിനെയും അനീഷിനെയും മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് ആദ്യം സ്ഥലത്ത് എത്തിയത് എഎസ്ഐ ടി.എം. ബിജുവും സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാറുമാണ്. അക്രമത്തിന് പിന്നില്‍ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോയാണെന്ന് ആദ്യം കണ്ടെത്തിയത് നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുവാണ്. സംഭവത്തിന് മുന്‍പ് സാനുചാക്കോയുടെ വാഹനം ബിജു പരിശോധിച്ചിരുന്നു. ഈ സമയം ശേഖരിച്ച മേല്‍വിലാസമാണ് പ്രതികളെ കണ്ടെത്താന്‍ ബിജുവിനെ സഹായിച്ചത്. 

പിന്നീട് ബിജു പ്രതികളുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് കേസില്‍ മുഖ്യ തെളിവായി പരിഗണിക്കുന്നത്. സംഭവമറിഞ്ഞ് ചാക്കോയെയാണ് ബിജു ആദ്യം ബന്ധപ്പെട്ടത്. മകന്‍ സാനു വിദേശത്താണെന്നായിരുന്നു മറുപടി. പിന്നീട് സംഭവം വിവരിച്ചപ്പോള്‍ ഉടന്‍ രക്ഷപ്പെടണമെന്ന് ചാക്കോ ഭാര്യയോട് ഫോണില്‍ പറയുന്നത് കേട്ടെന്ന് ബിജു മൊഴി നല്‍കി. പിന്നീട് സാനുവിനെ ഫോണില്‍ വിളിച്ച് നിരന്തരമായി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അനീഷിനെ പ്രതികള്‍ തിരിച്ചയച്ചതെന്നും ബിജു മൊഴി നല്‍കി. 

ഒന്നാം പ്രതി സാനുചാക്കോ, മൂന്നാം പ്രതി ഇഷാന്‍, പ്രതികളുമായി നടത്തിയ മൂന്ന് ഫോണ്‍ സംഭാഷണങ്ങളും ബിജു തിരിച്ചറിഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഗാന്ധിനഗര്‍ സ്റ്റേഷനിലുണ്ടായ സംഭവങ്ങള്‍ക്കും ബിജു സാക്ഷിയാണ്ചാക്കോയുടെ കൂടെ പോകാന്‍ നീനുവിനോട് എസ്ഐ എം.എസ്. ഷിബു നിര്‍ദേശിച്ചുവെന്ന് ബിജു മൊഴി നല്‍കി.  

എസ്ഐയുടെ മുറിയില്‍ നീനുവിനോട് സംസാരിച്ച ചാക്കോ പിന്നീട് നീനുവിനെ കാറിലേക്ക് ബലമായി പിടിച്ചു കയറ്റാൻ ശ്രമിച്ചു. ചാക്കോയുടെ കൈയിൽ നിന്ന് കുതറി മാറിയ നീനു സ്റ്റേഷന് മുന്നില്‍ നിന്ന തന്റെ കാലിൽ പിടിച്ച് രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചുവെന്നുമാണ് ബിജുവിന്‍റെ മൊഴി.  പ്രതികളിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിന് ബിജുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നുണ്ടായ  അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിജു ചക്ര കസേരയിൽ ഇരുന്നാണ് മൊഴി നല്‍കിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...