വനിതാ ഡോക്ടറുടെ ആത്മഹത്യ: സഹപ്രവർത്തക അറസ്റ്റിൽ; 2 പേർക്കായി തിരച്ചിൽ

dr-payal-suicide-1
SHARE

ജാതി അധിക്ഷേപത്തെ തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടർ ആത്മഹത്യചെയ്ത കേസില്‍ , ഒരാൾ അറസ്റ്റിൽ. മരിച്ച പെൺകുട്ടിയുടെ സഹപ്രവർത്തകയാണ് പിടിയിലായത്. രണ്ടുപേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, സംഭവംനടന്ന ബിവൈഎൽ നായർ സർക്കാർ ആശുപത്രിക്ക് മുന്നിൽ ഇന്നും പ്രതിഷേധം അരങ്ങേറി.

ആത്മഹത്യചെയ്ത പായൽ സൽമാൻ താദ്വിയുടെ സഹപ്രവർത്തക ഭക്തി മെഹാരെയാണ് പിടിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇവർ മുംബൈയിൽനിന്ന് പോകാൻ ശ്രമിക്കവേ കുടുക്കുകയായിരുന്നുവെന്ന് പൊലീസ്പറ‍ഞ്ഞു. ആത്മഹത്യയിലേക്ക് വനിതാഡോക്ടറെ എത്തിച്ചതിൽ ഭക്തിയടക്കം മൂന്നുപേർക്ക് കൃത്യമായ പങ്കുണ്ടന്നാണ് കണ്ടെത്തൽ. മറ്റ് പ്രതികളായ ഹേമ അഹൂജ, അങ്കിത ഖണ്ഡൽവൽ എന്നിവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. ആത്മഹത്യാ പ്രേരണ, ദലിത് പീഡനം, റാഗിങ്, ഐടി വകുപ്പുകൾ ചേർത്താണ് മൂവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം, ആദിവാസിയാണെന്ന പേരിൽ ഒരുവർഷത്തോളമായി പായൽ അധിക്ഷേത്തിന് ഇരയായെന്നും, കോളജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ പരിശോധിക്കണമെന്നും, പ്രതികൾക്കെതിരെ കർശനനടപടി എടുക്കണമെന്നും പെൺകുട്ടിയുടെ മാതാവും, ബന്ധുക്കളും ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. 'ജസ്റ്റിസ് ഫോർ പായൽ' എന്ന മുദ്രാവാക്യമുയർത്തി വിവിധ രാഷ്ട്രീയകക്ഷികളും, സംഘടനകളും ആശുപത്രിക്ക് മുന്നിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപിപ്പിച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാകമ്മിഷൻ ആശുപത്രി അധികൃതർക്ക് നോട്ടീസ് അയച്ചു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.