ട്രാൻസ്‌ജെൻഡറെ തട്ടിക്കൊണ്ടു പണം തട്ടി; പ്രതികളെ സാഹസികമായി പിടികൂടി

transgender-kidnap-case-1
SHARE

കാസര്‍കോട് കാഞ്ഞങ്ങാടിന് സമീപം ട്രാൻസ്‌ജെൻഡര്‍ യുവതിയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ വച്ചു പണം തട്ടിയ പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി. നാലു യുവാക്കളെയാണ് ഹൊസ്ദുർഗ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മഡിയന്‍ സ്വദേശികളായ നിസാമുദ്ദീൻ, മിഥ്‌ലാജ്, കൊട്ടിലങ്ങാട്ടെ പി.കെ.മുഹമ്മദ് ഷെരീഫ്, ചിത്താരി സ്വദേശി ആഷിഖ് എന്നിവരാണ് പൊലീസിന്റെ വലയിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ ട്രാൻസ്ജെൻഡര്‍ യുവതിയെ ഒന്നാം പ്രതി നിസാമുദ്ദീൻ കഴിഞ്ഞ ദിവസം രാത്രി സൗഹൃദം നടിച്ചു ചിത്താരിയിലേക്കു വിളിച്ചു വരുത്തി.

തുടര്‍ന്ന് ഇയാള്‍ ഫോണിലൂടെ സന്ദേശമയച്ചതോടെ വാഹനവുമായി മറ്റു മൂന്നു പേർ കൂടിയെത്തി. ഇവര്‍ സദാചാര പൊലീസ് ചമഞ്ഞു നിസാമുദീന്റെയും, ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവം വീട്ടില്‍ അറിയിക്കുമെന്നും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഘം 10ലക്ഷം രൂപ ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ബലമായി കാറിയില്‍ കയറ്റി. പേഴ്സിലുണ്ടായിരുന്ന 1500 രൂപയും എടിഎം കാർഡുമെടുത്തു. ഭീഷണിപ്പെടുത്തി പിൻ നമ്പറും കൈക്കലാക്കി.

നഗരത്തിലെ 3 എടിഎമ്മുകളിൽ നിന്നായി 45,000 രൂപ പിന്‍വലിച്ചു. തുടർന്നു വിട്ടയച്ചെങ്കിലും ഇന്നലെ രാവിലെ വീണ്ടും യുവതിയെ ഫോണിൽ ബന്ധപ്പെട്ടു ഭീഷണി തുടർന്നു. 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതോടെ ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പ്രതികളെ കുടുക്കാന്‍ പൊലീസ് പഴുതടച്ച തിരക്കഥയാണ് ഒരുക്കിയത്. ആവശ്യപ്പെട്ട പണം നല്‍കാമെന്നു പറഞ്ഞ്  ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെക്കൊണ്ടു പ്രതികളെ വിളിച്ചു.

പണം കൈപ്പറ്റാന്‍ എത്തേണ്ട സ്ഥലവും കൃത്യമായി പറഞ്ഞു. ഇതിനായി തട്ടിക്കൊണ്ടു പോകാന്‍ തിര‍ഞ്ഞെടുത്ത സ്ഥലം തന്നെ പൊലീസും തിരഞ്ഞെടുത്തു. പൊലീസ് മഫ്ടിയില്‍ സ്ഥലത്തെത്തി ക്യാമ്പു ചെയ്തു. പണം വാങ്ങാന്‍ സംഘമെത്തിയതോടെ പൊലീസ് ഇടപെട്ടു. പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  വിട്ടില്ല. സംഘട്ടത്തിനു മുതിര്‍ന്നപ്പോള്‍ നാലു പേരെയും കീഴ്പെടുത്തി കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.