തോക്കുപയോഗിച്ച് പക തീർത്തു, വെടിയൊച്ചയിൽ ‍ഞെട്ടി കന്നാരംപുഴയും കാപ്പിസെറ്റും

nidhin-murder
SHARE

പുൽപള്ളി : അയൽവാസികൾ തമ്മിലുള്ള വാക്തർക്കത്തിനിടെ തോക്കുപയോഗിച്ച് പകതീർത്തതിന്റെ ‍ഞെട്ടലിലാണ് കാപ്പിസെററ്, കന്നാരംപുഴ ഗ്രാമങ്ങൾ. വെള്ളിയാഴ്ച രാത്രി കന്നാരംപുഴയിൽ രണ്ടാൾക്ക് വെടിയേറ്റ സംഭവം അർധരാത്രിയോടെയാണ് പുറംലോകമറിയുന്നത്. നാട്ടിലെല്ലാവർക്കും പ്രിയങ്കരനായ കാട്ടുമാക്കൽ നിധിന്റെ(34) മരണം ഞെട്ടലോടെയാണ് സുഹൃത്തുക്കളറിഞ്ഞത്. കാട്ടുമാക്കൽ പത്മനാഭന്റെ കുടുംബവും അയൽവാസി പുളിക്കൽ സുകുമാരന്റെ കുടുംബവും തമ്മിൽ അതിർത്തി സംബന്ധിച്ച് ചില തർക്കങ്ങളുണ്ടായിരുന്നു. റീസർവെ പ്രാബല്യത്തിലായതിന് ശേഷം ഈ തർക്കം നാട്ടിലെ പൊതുപ്രവർത്തകർ പലവട്ടം സംസാരിച്ച് തീർത്തതാണ്. എന്നാൽ തർക്കം വൈരാഗ്യമായി വളർന്നതിന്റെ ഫലമാണ് രാത്രിയുണ്ടായ തർക്കവും വെടിവെയ്പും.

വെള്ളിയാഴ്ച രാത്രി പത്മനാഭന്റെ വീടിന്റെ മുന്നിലെത്തി പുളിക്കൽ ചാർളി ഭീഷണി മുഴക്കിയതിനെ തുടർന്ന് വാക്തർക്കമുണ്ടായി. ഇയാളെ പറഞ്ഞയയ്ക്കാൻ പലരും ശ്രമിച്ചുവെങ്കിലും മദ്യലഹരിയിലായിരുന്ന ചാർളി പോകാൻ തയാറായില്ല. വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞാണ് പത്മനാഭന്റെ ഏകമകൻ നിധിനും അയൽക്കാരും സഹോദരങ്ങളുമെത്തിയത്. ഇവർ തമ്മിൽ ഉന്തും തള്ളും അടിപിടിയുമുണ്ടായി. വൈരാഗ്യം മൂത്ത് ചാർളി വീട്ടിൽപോയി തോക്കുമായി തിരിച്ചെത്തി നിധിന് നേരെ ആദ്യം നിറയൊഴിച്ചു. രണ്ടാമത് ഉതിർത്ത വെടി നിധിന്റെ ഇളയച്ഛൻ കാട്ടുമാക്കൽ കിഷോറിനും ഏറ്റു. ഓടിയെത്തിയവർ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും നിധിൻ മരിച്ചു.  കിഷോർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകട നില തരണം ചെയ്തു.

പൊലിഞ്ഞത് നാട്ടുകാരുടെ സ്വന്തം വർക്കി

നിധിനെ നാട്ടുകാരും ബന്ധുക്കളുമെല്ലാം വിളിക്കുന്നത് വർക്കിയെന്നാണ്. ഇന്നലെ രാവിലെ മുതൽ കന്നാരംപുഴയിലെ കാട്ടുമാക്കൽ വീട്ടിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു.  ഗ്രാമങ്ങളിലും ടൗണിലും വലിയ സുഹൃദ് വലയത്തിന് ഉടമയാണ് നിധിൻ. കാട്ടുമാക്കൽ പത്മനാഭന്റെ ഏകമകൻ പിതാവിന്  വലിയ സുഹൃത്തായിരുന്നു. നാട്ടുകാരുടെ എല്ലാകാര്യങ്ങളിലും നിധിൻ മുന്നിലുണ്ടായിരുന്നു.

കൂടുതൽ അത്യാഹിതം ഒഴിവായത് തലനാരിഴയ്ക്ക്

പകമൂത്ത് യുവാവ് തോക്കെടുത്ത് തലങ്ങും വിലങ്ങും വെടിയുതിർത്തപ്പോൾ പലരുടെയും ജീവൻ രക്ഷപെട്ടത് മുടിനാരിഴയ്ക്ക്. നെഞ്ചിലേക്ക് വെടിയുണ്ട പാഞ്ഞുകയറിയാണ് നിധിൻ തൽക്ഷണം പിടഞ്ഞുവീണത്. പിന്നീട് ഇളയച്ഛൻ കിഷോറിന് വെടിയേറ്റത് വയറിനായിരുന്നു. നിധിനൊടൊപ്പമുണ്ടായിരുന്ന പാറക്കടവ് സ്വദേശിയായ സുഹൃത്തും മറ്റ് ബന്ധുക്കളും കുതറിമാറിയതിനാൽ വെടിയേൽക്കാതെ രക്ഷപെട്ടു. കൃത്യമായ ഉന്നത്തോടെ കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന  പ്രതി ചാർളി അതേ ലാഘവത്തോടെയാണ് അയൽവാസികൾക്ക് നേരെയും കാഞ്ചി വലിച്ചത്. കൃത്യത്തിന് ശേഷം കാപ്പിത്തോട്ടത്തിലൂടെ വീട്ടിലേക്ക് പോയ ചാർളി തോക്ക് ഒളിപ്പിച്ച് വസ്ത്രം മാറ്റി സ്ഥലം വിട്ടു. കുറിച്യാട് വനാതിർത്തിയിലെ കൃഷിയിടത്തിലെ കാവൽപുരയിലാണ് ഇയാളുടെ താമസം. വേട്ടയ്ക്ക് പോകുന്നതും അവിടെ നിന്നാണ്. 

പ്രതിക്ക് ക്രിമിനൽ സ്വഭാവമെന്ന് പൊലീസ്

വനംവകുപ്പിന്റെ കേസുകളിൽ പ്രതിയായ പുളിക്കൽ ചാർളിക്ക് ക്രിമിനൽ സ്വഭാവമെന്ന് പൊലീസ്.  കർണാടക വനംവകുപ്പ് പിടിയിലായ ഇയാൾ കുറെക്കാലം ജയിലിലായരുന്നു. കാൽമുട്ടിനു താഴെ വെടിയും ഏറ്റിരുന്നു. അതിർത്തി വനത്തിൽ വേട്ട നടത്തി പലർക്കും കാട്ടിറച്ചി എത്തിക്കുന്ന പതിവുമുണ്ട്. വനപാലർക്ക് നേരെയും അക്രമ സ്വഭാവം കാണിച്ചതിന് കേസുണ്ട്. വണ്ടിക്കടവിലെ മുൻ ഡപ്യുട്ടി റേഞ്ച് ഓഫിസറെ വാക്കത്തിയുമായി വെട്ടാൻ ശ്രമിച്ചതിന് കേസുണ്ട്. വനത്തിലെ എല്ലാഭാഗവും നന്നായി അറിയാവുന്നയാളാണ് ചാർളി. പിതാവ് സുകുമാരനും വനം കേസുകളിൽ പെട്ടിരുന്നു. കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റ് കഴിയുന്നു. പ്രമുഖർക്കും രാഷ്ട്രീയ നേതാക്കൾക്കും കാട്ടിറച്ചി എത്തിച്ച് വശത്താക്കുന്നതിനാൽ മിക്ക നേതാക്കളും ചാർളിയുടെ ഇഷ്ടക്കാരാണെന്നും പറയുന്നു.</p>

പ്രതിയെ തേടി  വനത്തിലും തിരച്ചിൽ

രണ്ടാളെ വെടിവച്ച് വീഴ്ത്തിയ ശേഷം കാട് കയറിയ പ്രതിയെ തേടി അതിർത്തി വനപ്രദേശത്ത് വനപാലകരും നാട്ടുകാരും തിരച്ചിൽ നടത്തി. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ  ഉച്ചവരെ കാട് പരതി. കർണാടക വനപാലകരും തങ്ങളുടെ പരിധിയിൽ പരിശോധന നടത്തി. അമരക്കുനി ഭാഗത്തെ നാട്ടുകാരും പ്രതിയെ തേടി കാട് കയറി. പൊലീസ് നായ കന്നാരംപുഴ കടന്ന് വനത്തിൽ കയറി കുറെ ദൂരം സഞ്ചരിച്ച് ചെത്തിമറ്റം കോളനി ഭാഗത്ത് എത്തി. ചെത്തിമറ്റത്ത് എത്തിയശേഷം ഏതെങ്കിലും വാഹനത്തിൽ കയറി രക്ഷപെട്ടിരിക്കാമെന്ന് പൊലീസ് കരുതുന്നു. ഇയാൾ പോകാനിടയുള്ള ഭഗത്തേക്കെല്ലാം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മാനന്തവാടി എഎസ്പി വൈഭവ് സക്സേന, പുൽപള്ളി പൊലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ, എസ്.ഐ. വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ക്രൈബ്രാഞ്ചും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം നടത്തി.

MORE IN Kuttapathram
SHOW MORE