'നേരംവൈകിയാല്‍ വഴക്കുപറയും'; കള്ളക്കഥ മെനഞ്ഞ് കുട്ടികൾ; വട്ടംകറങ്ങി പൊലീസ്

thrithala-police
SHARE

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന വ്യാജപരാതികള്‍ പൊലീസിനെ വട്ടംകറക്കുന്നു. പല പരാതികളിലെയും അന്വേഷണം അവസാനിക്കുന്നത് കുട്ടികള്‍ തന്നെ പറഞ്ഞുണ്ടാക്കിയ കള്ളക്കഥകളിലാണ്. ഇത്തരം വ്യാജപരാതികള്‍ മറ്റ് പ്രധാനപ്പെട്ട പല കേസന്വേഷണങ്ങളെയും ബാധിക്കുന്നതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ മാസം എട്ടിന് പരുതൂരിൽ റിപ്പോര്‍ട്ട് ചെയ്ത കേസ് ഇങ്ങനെ. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു പരാതി. കൊള്ളന്നൂരിലെ മൂത്തുമ്മയുടെ വസതിയിൽ നിന്നും പാലത്തറയിലെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു വിദ്യാർഥി. 

പാലത്തറയിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഒരു വാൻ സമീപത്ത് നിർത്തുകയും തന്നെ അതിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. വാഹനത്തിനുള്ളിൽ മൂന്ന് പേരെ കണ്ടതായും കുട്ടി പറഞ്ഞിരുന്നു. വാഹനത്തുള്ളിൽ കയറ്റിയ ശേഷം മുഖത്ത് തുണി വച്ച് അമർത്തുകയും ചെയ്തെന്നായിരുന്നു കുട്ടിയുടെ മൊഴി. പിന്നീട്‌ നടന്ന അന്ന്വേഷണത്തിൽ പക്ഷെ, പരാതി വ്യാജമെന്ന് തെളി‍ഞ്ഞു.  

 ബോധരഹിതനായിപ്പോയെന്നും ബോധം തെളിയുമ്പോൾ 35 കിലോമീറ്റർ അകലെ തിരൂരിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടെന്നുമാണ് അന്ന് കുട്ടി മൊഴി നൽകിയത്. അന്ന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ വിദ്യാര്തഥി പറയുന്നത് കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന് പരാതിയുടെ വസ്തുതയെക്കുറിച്ച് സംശയമുളവാക്കിയത്. എങ്കിലും തെളിവുകൾ തേടി പോലീസ് ആഴ്ചകളോളം തൃത്താല,പട്ടാമ്പി, തിരൂർ  ഭാഗങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു. അതും രണ്ട് സംഘങ്ങളായി തിരിഞ്ഞ്. 

100  ഇൽ അധികം സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ കുട്ടി ഇരുചക്ര വാഹനങ്ങളിൽ കയറിപ്പോവുന്നതാണ് പോലീസിന് കാണാനായത്. തിരൂരിലെ സി സി ടി വി ദൃശ്യങ്ങളിലും കുട്ടി തനിയെ നടന്നു പോവുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടർ ക്ലോറോഫം പോലുള്ളവ മണപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. തുടർന്ന് വീണ്ടും കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ്  കളവ് പറഞ്ഞതാണെന്ന് കുട്ടി സമ്മതിച്ചത്. നേരംവൈകി വീട്ടിലെത്തിയാല്‍ ഉമ്മ വഴക്കുപറയുമെന്ന് ഭയന്നായിരുന്നു ഇത്. ഇത്തരം പ്രവണതകൾ കേരളത്തിലുടനീളം കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

നിലവിൽ 35 പോലീസുകാർ മാത്രമാണ് തൃത്താല സ്റ്റേഷനിൽ ഉള്ളത്. മണല്‍കടത്തുള്‍പ്പെടെ ദിവസേന നിരവധി കേസുകള്‍ക്കിടയില്‍ വ്യാജകേസുകളും പൊലീസിന് തലവേദനയാവുകയാണ്. 

പട്ടാമ്പി അമേറ്റിക്കറയിൽ സമാനമായ മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. ഒരു വർഷം മുൻപ് തിരുവേഗപ്പുറ, വല്ലപ്പുഴ, കുമരനല്ലൂർ ഭാഗങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട് ചെയ്തിരുന്നു. 

എന്നാല്‍ ചെറിയ കുട്ടികളാണ് കഥക്ക് പിന്നിലെന്നതിനാൽ തുടർ നടപടികൾ സ്വീകരിക്കാനും പോലീസിനാവുന്നില്ല.

MORE IN Kuttapathram
SHOW MORE