സെമിത്തേരിയെ ചൊല്ലി തർക്കം: വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാനായില്ല

old-woman-funeral
SHARE

സെമിത്തേരിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം നെടിയവിളയില്‍ വൃദ്ധയുടെ മൃതദേഹം എട്ടുദിവസമായിട്ടും സംസ്കരിക്കാനായില്ല. ജറുസലേം പള്ളി സെമിത്തേരിയിൽ തർക്കം തുടരുന്നതിനാൽ അന്നമ്മയുടെ മൃതദേഹം മറ്റൊരു സ്ഥലത്ത് സംസ്കരിക്കാമെന്ന് ഇന്നുചേർന്ന സർവകക്ഷി യോഗത്തില്‍ ധാരണയായി. മർത്തോമ്മാസഭ യോഗ തീരുമാനം അംഗീകരിച്ചെങ്കിലും മൃതദേഹം എവിടെ സംസ്കരിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. 

തുരുത്തിക്കര ജെറുസലേം മര്‍ത്തോമ പള്ളി ഇടവകാംഗമായ അന്നമ്മ  കഴിഞ്ഞ ചൊവ്വഴ്ച്ചയാണ് മരിച്ചത്. മൃതദേഹം കൊല്ലറയിലുള്ള സെമിത്തേരിയില്‍ അടക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാലിത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മൃതദേഹമവിടെ മറവു ചെയ്യാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തി. പ്രശ്ന പരിഹാരത്തിനായി കൊല്ലം ജില്ലാ കലക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. വിട്ടുവീഴ്ച്ചയ്ക്ക് ഇരുകൂട്ടരും തയാറാകാഞ്ഞതോടെ മൃതദേഹം സംസ്കരിക്കാനായില്ല.കോടതി ഉത്തരവിനെ തുടര്‍ന്ന്  2014 ല്‍ കൊല്ലം ജില്ലാ കലക്ടര്‍ നല്‍കി നിര്‍ദേശങ്ങള്‍ പാലിക്കാതെ കൊല്ലറ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം  നിലപാടെടുത്തു. 

മുന്‍ കാലങ്ങളിലേത് പോലെ തുരുത്തിക്കര ഇമ്മാനുവല്‍ മര്‍ത്തോമ പള്ളി വക സെമിത്തേരിയില്‍ മൃതദേഹം ഉടന്‍ മറവു ചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ കല്ലറ ഒഴിവില്ലെന്ന് പറഞ്ഞു പള്ളി ഇതിനെ എതിര്‍ത്തു. ജനപ്രതിനിധികളുടെ സാനിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം മറ്റൊരു സ്ഥലം കണ്ടെത്തി മൃതദേഹം മറവും ചെയ്യാന്‍ തീരുമാനിച്ചു. ഏത് സെമിത്തേരിയിലായിരിക്കുമെന്നത് ആലോചിച്ച് അറിയിക്കാമെന്നാണ് മര്‍ത്തോമ സഭ യോഗത്തില്‍ അറിയിച്ചത്. പ്രശ്നത്തില്‍ സ്വമേധയ േകസെടുത്ത വനിതാ കമ്മിഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE