കല്ലടയിലെ നായാട്ട്; ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞ് സാക്ഷികള്‍; കുരുക്ക്

kallada-attack-3
SHARE

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു . എറണാകുളം ജില്ലാജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ഏഴ് പ്രതികളെയും സാക്ഷികളായ മൂന്നു പേരും തിരിച്ചറിഞ്ഞത്. 

കഴിഞ്ഞ മാസം ഇരുപതിന് രാത്രിയായിരുന്നു കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരായ മൂന്നു ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് പെരുവഴിയിലുപേക്ഷിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കമുളള െതളിവുകള്‍ പുറത്തു വന്നതിനു പിന്നാലെ ബസിലെ ജീവനക്കാരടക്കം ഏഴു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്ത ഈ ഏഴു പ്രതികളുടെ തിരിച്ചറിയല്‍ പരേഡാണ് എറണാകുളം ജില്ലാ ജയിലില്‍ ഇന്ന് നടന്നത്. ആക്രമിക്കപ്പെട്ട സച്ചിന്‍,അസ്കര്‍,അജയഘോഷ് എന്നീ സാക്ഷികളാണ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളായ ഏഴുപേരെയും തിരിച്ചറിഞ്ഞത്.

സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കേസിലെ മൂന്നാം പ്രതി ജിതിനെയും തിരിച്ചറിയല്‍ പരേഡിനായി വിളിച്ചു വരുത്തിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ് . തിരിച്ചറിയല്‍ പരേഡ് നടത്തുന്ന വിവരം കോടതിയില്‍ നിന്ന് മറച്ചുവച്ചതു കൊണ്ടാണ് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം നല്‍കുന്ന സാഹചര്യമുണ്ടായതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് തിരിച്ചറിയല്‍ പരേഡ് കഴിയും വരെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുളള ഉത്തരവ് നടപ്പാക്കരുതെന്ന് സെഷന്‍സ് കോടതി തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE