എസി കത്തിയുള്ള ആ 3 മരണം കൊലപാതകം; ഞെട്ടിക്കുന്ന ആസൂത്രണം; തിരക്കഥ ഇങ്ങനെ

ac-accident
SHARE

ചെന്നൈ തിണ്ടിവനം കാവേരിപ്പാക്കത്ത് എയർ കണ്ടീഷനറിൽ (എസി) തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കെ.രാജി (60) ഭാര്യ കല (52), മകൻ ഗൗതം (24)  എന്നിവരാണു മരിച്ചത്. ഇവരുടെ മൂത്തമകൻ ഗോവർധനാണ് മൂന്നുപേരെയും ആസൂത്രിതമായി കൊലപ്പെടുത്തിയത്. അടുത്ത മുറിയിൽ കിടന്നുറങ്ങിയ ഗോവർധനും ഭാര്യയും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് സംശയത്തിനിടയാക്കി.

അപകടം നടന്ന മുറിക്ക്‌ പുറത്തു നിന്ന്‌ മണ്ണെണ്ണക്കുപ്പി കണ്ടെടുത്തതോടെ സംഭവം ആസൂത്രിതമാണെന്ന് പോലീസ് ഉറപ്പിച്ചു. വിശദപരിശോധനയിൽ എ.സിക്ക് തകരാറില്ലെന്ന് കണ്ടെത്തി. എ.സി.ക്കാണ് തീപിടിച്ചിരുന്നതെങ്കിൽ മുറിക്കു പുറത്ത്‌ സ്ഥാപിച്ചിരിക്കുന്ന ഭാഗവും പൊട്ടിത്തെറിക്കുമെന്ന്‌ വിദഗ്ധ സംഘം പറഞ്ഞു. എന്നാൽ അത്തരമൊരു തകരാറിന്റെ അടയാളങ്ങൾ കണ്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിലാണ് ഗോവർധൻ കുറ്റം സമ്മതിച്ചത്.

ഗോവർധന് കാര്യപ്രാപ്തി പോര എന്നുപറഞ്ഞ് മാതാപിതാക്കൾ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ ചുമതല ഇളയ മകനെ ഏൽപ്പിച്ചു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. സംഭവദിവസം പിതാവുമായി ഗോവർധൻ രാത്രി വൈകിയും വഴക്കിട്ടിരുന്നതായും പോലീസ് കണ്ടെത്തി. 

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് എസിയുടെ കണ്ടൻസർ തീപിടിച്ചു പൊട്ടിത്തെറിച്ചിരിക്കാം എന്നായിരുന്നു പ്രാഥമിക നിഗമനം. രണ്ട് ദിവസം മുൻപ് രാവിലെ 3 മണിയോടെയാണ് അപകടമുണ്ടായത്. തീയും പുകയും ഉയർന്നതോടെ മൂവർക്കും മുറിക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് എസിയിൽ നിന്നു പരന്ന വിഷ വാതകം ശ്വസിച്ചു മൂവരും ബോധരഹിതരായി. പുക ഉയർന്നതോടെ  ഗോവർധൻ തന്നെയാണ് പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്ത് എത്തിയ അഗ്നിശമന സേന തീയണച്ചു. വീടിന്റെ മറ്റു ഭാഗങ്ങളിലേക്കു തീ പടർന്നിട്ടില്ല. മൃതദേഹങ്ങൾ വില്ലുപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. തിണ്ടിവനം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE