ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരം; ഏഴുപേർ നിരീക്ഷണത്തിൽ

nadapuram-bomb-2
SHARE

കോഴിക്കോട് നാദാപുരം ചേലക്കാടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരം. ബോംബുണ്ടാക്കുന്നതിനായി പ്രവര്‍ത്തിച്ച ഏഴുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ പങ്ക് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് ശേഖരിച്ചു. 

ബോംബ് കണ്ടെത്തിയ ഇടത്തിന് സമീപത്തുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരായിരിക്കും നിര്‍മാണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ട് പുതിയ ബക്കറ്റുകളിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ബക്കറ്റുകള്‍ വാങ്ങിയ കല്ലാച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ചു. സംശയം തോന്നിയ ചിലരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഇവരുടെ ഫോണ്‍വിളിയുടെ വിശദാംശങ്ങളുമെടുത്തു. പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാക്കളായി പ്രവര്‍ത്തിക്കുന്ന ഏഴാളുകളിലേക്കാണ് അന്വേഷണമെത്തിയത്. 

വോട്ടെണ്ണലിന് ശേഷം നാദാപുരം മേഖലയില്‍ വ്യാപക സംഘര്‍ഷം ലക്ഷ്യമിട്ടാണ് വന്‍ പ്രഹര ശേഷിയുള്ള പൈപ്പ് ബോംബുകളുള്‍പ്പെടെ ശേഖരിച്ചതെന്നാണ് പൊലീസ് നിഗമനം. വേഗത്തില്‍ പ്രയോഗിക്കാന്‍ പാകത്തിലുള്ളതായിരുന്നു. രാത്രിയില്‍ തുടങ്ങി പുലരും വരെ നീളുന്ന രീതിയിലായിരുന്നു നിര്‍മാണം. നിരീക്ഷണത്തിലുള്ളവരെ ഇരുപത്തി മൂന്നിന് ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നാണ് പൊലീസ് നിലപാട്. 

കഴിഞ്ഞദിവസം വടകര റൂറല്‍ എസ്.പി നാദാപുരത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ബോംബ് ശേഖരം കണ്ടെത്തിയ ചേലക്കാട്ടും പൈപ്പ് സ്ഫോടനമുണ്ടായ പുറമേരി പഞ്ചായത്തിലെ അരൂരിലും എസ്.പിയെത്തി. മെയ് മൂന്നിന് രാവിലെയാണ് ചേലക്കാട് രണ്ട് ബക്കറ്റുകളിലാക്കി സൂക്ഷിച്ച ബോംബ് ശേഖരം കണ്ടെത്തിയത്. 13 ഉഗ്രശേഷിയുള്ള പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും വെടിമരുന്ന് ശേഖരവുമുണ്ടായിരുന്നു. വീട് നിര്‍മാണത്തിനായി മണ്ണെടുക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് ശേഖരം കണ്ട് പൊലീസിനെ അറിയിച്ചത്.  

MORE IN Kuttapathram
SHOW MORE