കെവിൻ വധം: നിർണായക സാങ്കേതിക തെളിവുകള്‍ പരിശോധിച്ചു; കുരുക്ക് മുറുകുന്നു

kevin-murder-case-1
SHARE

കെവിൻ വധക്കേസില്‍ അന്വേഷണ സംഘം ഹാജരാക്കിയ സാങ്കേതിക തെളിവുകള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിശോധിച്ചു. കോട്ടയത്തും കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിലും പ്രതികള്‍ എത്തിയതിന്‍റെ തെളിവുകളാണ് കോടതി പരിശോധിച്ചത്. വിചാരണ 11 ദിവസം പിന്നിടുമ്പോള്‍ മുപ്പത് സാക്ഷികളെ വിസ്തരിച്ചു.

കോട്ടയത്തും കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിലും പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 2018 മെയ് 27ന് കോട്ടയത്ത് പ്രതികള്‍ എത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കാമറയിലെ ദൃശ്യങ്ങള്‍ തെളിവായി. കോടിമതയില്‍ സ്ഥാപിച്ച കാമറകളില്‍ അമിത വേഗതയില്‍ പാഞ്ഞ രണ്ട് വാഹനങ്ങളുടെ ചിത്രങ്ങളാണ് പതിഞ്ഞത്. സാനു ചാക്കോയുടെ ഉടമസ്ഥതയിലുള്ള കാറും കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുമാണ് ചിത്രങ്ങളില്‍. കെവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്‍പതാം പ്രതിയുടെ കാര്‍ രണ്ട് തവണയാണ് ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞത്. കോട്ടയതെത്തി കൊല്ലത്തേക്ക് മടങ്ങുമ്പോള്‍ കാറിന്‍റെ നമ്പര്‍ ചെളി തേച്ച് മറച്ച നിലയിലായിരുന്നു. 

കാക്കനാടുള്ള കണ്‍ട്രോള്‍ റൂമിന്‍റെ ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ കെ.എം. നജീബ് ഈ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞു. നിയമ ലംഘനത്തിന് വാഹന ഉടമകള്‍ക്കെതിരെ നോട്ടിസ് അയച്ചിരുന്നതായും നജീബ് കോടതിയെ അറിയിച്ചു. കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയില്‍ നിന്ന് പ്രതികള്‍ മടങ്ങുന്നതിന്‍റെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയതിന് മൂന്നര കിലോമീറ്റര്‍ അകലെയുള്ള കടയില്‍ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 27ന് രാവിലെ ആറരയ്ക്കും ഏഴിനും ഇടയിലാണ് ഓരോ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്ന് വാഹനങ്ങള്‍ കടന്നു പോയത്. ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയത് കടയുടമ രാജീവാണ്. രാജീവ് കോടതിയില്‍ ഹാജരായി ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു. 

കെവിന്‍റെ വീടിന് സമീപം മാന്നാം കെഇ സ്കൂളിന് മുന്നില്‍ നിന്നുള്ള ദൃശ്യമാണ് മറ്റൊന്ന്. കെവിനെ തട്ടിക്കൊണ്ടുപോയ ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് സാനുവിന്‍റെ വാഹനം സ്കൂളിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിന്നാലെ ഒരു പൊലീസ് ജീപ്പ് വരുന്നതും കാര്‍ ഈ വാഹനത്തെ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവദിവസം സാനുവിന്‍റെ വാഹനം മൂന്ന് തവണ മാന്നാനം മേഖലയില്‍ കണ്ടെന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന അജയകുമാര്‍ മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് സ്കൂളിലെ ദൃശ്യങ്ങള്‍. 

മെഡിക്കല്‍ കോളജിന് സമീപത്തെ ഹോട്ടലില്‍ നിന്നും അന്വേഷണം സംഘം ശേഖരിച്ച പ്രതികളുടെ കൂടുതല്‍ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പ് ഗാന്ധിനഗര്‍ എഎസ്ഐ ബിജു ഒന്നാം പ്രതി ഷാനു ചാക്കോയെ ചോദ്യം ചെയ്തിരുന്നു. ഈ സമയം പകര്‍ത്തിയ ഇവരുടെ ചിത്രങ്ങള്‍ എഎസ്ഐ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് അയച്ചു നല്‍കിയിരുന്നു. ഈ ചിത്രങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അനില്‍കുമാര്‍ തിരിച്ചറിഞ്ഞു. സൈബര്‍ വിദഗ്ധര്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിസ്തരിക്കും.

MORE IN Kuttapathram
SHOW MORE