കൊച്ചിയിൽ ഇങ്ങനെയും... മൊബൈൽ ഫോൺ തട്ടിയെടുക്കൽ, ‘ഉത്തരേന്ത്യൻ പിരിവ്’..

kochi-crime
SHARE

കൊച്ചി നഗരത്തിലെ  4 റെയിൽവേ മേൽപാലങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായിട്ടും തടയിടാൻ കഴിയാതെ പൊലീസും റെയിൽവേയും. നോർത്ത്, പുല്ലേപ്പടി, എ.എൽ. ജേക്കബ്, സൗത്ത് പാലങ്ങളുടെ അടിവശം കേന്ദ്രീകരിച്ചാണു ലഹരി മരുന്നു വിതരണം, പിടിച്ചു പറി, ആക്രമണം എന്നിവ അരങ്ങേറുന്നത്. നോർത്ത് മേൽപാലത്തിനു സമീപം കാൽനട യാത്രക്കാർക്കു മേൽനടപ്പാലം ഉണ്ടെങ്കിലും യാത്രക്കാർ പാലം ഉപയോഗിക്കാതെ രാത്രിയും പകലുമെന്നില്ലാതെ പാളങ്ങൾ കുറുകെ കടക്കുകയാണ്. സന്ധ്യ മയങ്ങിയാൽ പാലത്തിനടിയിലൂടെ നടക്കുന്നതു സുരക്ഷിതമല്ല. 

ഇവിടെ ആവശ്യത്തിനു വെളിച്ചമില്ലാത്തതും സാമൂഹിക വിരുദ്ധർക്കു തണലാണ്. ടൗൺ ഹാൾ ബസ് സ്റ്റോപ്പ്, ലിസി മെട്രോ സ്റ്റേഷൻ, നോർത്ത് സ്റ്റേഷൻ എന്നിവടങ്ങളിൽ‍ നിന്നുളള യാത്രക്കാർ‍ പാലത്തിനടിയിലൂടെ ഇരുവശത്തേക്കും സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിനു കഴിയുന്നില്ല. പാലത്തിനടിയിൽ വെളിച്ചമില്ലാത്തതിനാൽ ഭിക്ഷക്കാരും നാടോടികളുമാണ് ഇവിടം താവളമാക്കുന്നത്. പാലങ്ങളുടെ അടിവശം പൂർണമായി പാർക്കിങ്ങിനു വിട്ടുനൽകുകയോ പൂന്തോട്ടങ്ങൾ നിർമിക്കുകയോ വേണമെന്നു പ്രദേശ വാസികൾ പറയുന്നു. 

മൊബൈൽഫോൺ തട്ടിയെടുക്കൽ

പുല്ലേപ്പടിയിൽ കോട്ടയം ഭാഗത്തുനിന്നുളള ട്രെയിനുകൾ നോർത്തിലേക്കു തിരിയുന്ന ഭാഗത്തു വടിയുമായി നിന്നു മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന സംഘമാണു പുതിയത്. ട്രെയിന്റെ വാതിൽപ്പടിയിൽ ഫോണുമായി ഇരിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. അടിച്ചിടുന്ന ഫോണുമായി സംഘം കടന്നു കളയും. ട്രെയിനുകൾ ഇവിടെ  വേഗം കുറച്ചാണു സഞ്ചരിക്കുന്നതെന്നതും മോഷ്ടാക്കൾക്കു സൗകര്യമാണ്. സിനിമയിൽ മാത്രം കണ്ടു പരിചയിച്ച വിദ്യകളാണു മോഷ്ടാക്കൾ പരീക്ഷിക്കുന്നത്. ‌

സുരക്ഷാ ഭീഷണി

നോർത്തിൽ, പാലങ്ങൾക്കടിയിൽ ഇരുവശങ്ങളിലേക്കു പാളം കുറുകെ കടന്നു രക്ഷപ്പെടാമെന്നതാണു  മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ഇഷ്ട സങ്കേതമായി ഈ സ്ഥലങ്ങൾ മാറാൻ കാരണം. പൊലീസിനെ കണ്ടാൽ‍ പാളം കുറുകെ കടന്ന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ രക്ഷപ്പെടും. സാമൂഹിക വിരുദ്ധരുടെ കയ്യിൽ നിന്നു യാത്രക്കാരെ സംരക്ഷിക്കാൻ ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ ചെയ്തപോലെ റെയിൽ പാതയ്ക്ക് ഇരുവശത്തും മതിലോ വേലിയോ കെട്ടുകയാണു വേണ്ടത്. റെയിൽവേ സുരക്ഷാ സേന പല തവണ ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

പുറമേനിന്ന് ആർക്കും പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാമെന്നതു കടുത്ത സുരക്ഷാ ഭീഷണിയാണു നോർത്ത് സ്റ്റേഷനിലുണ്ടാക്കുന്നത്.  ലിസി മെട്രോ സ്റ്റേഷനിൽ നിന്നു നോർത്ത് സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിജിലേക്കു നടപ്പാലം നിർമിച്ചാൽ യാത്രക്കാർക്കു സഹായമാകും. പാളം കുറുകെ കടക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും. പുതിയ മേൽപാലം വന്നപ്പോഴാണ് ഒപ്പം നടപ്പാലവും നിർമിച്ചത്. എന്നാൽ വളരെക്കുറച്ച് ആളുകൾ മാത്രമാണു പാലത്തിലൂടെ സഞ്ചരിക്കുന്നത്. പാളം കുറുകെ കടക്കുന്നതു തടയാത്തിടത്തോളം ജനങ്ങൾ പാലത്തിൽ കയറില്ല.

ഉത്തരേന്ത്യൻ രീതിയിൽ പിരിവ്

ട്രാൻസ്ജെൻഡറുകളുടെ, കൈകൊട്ടിക്കൊണ്ടുളള പിരിവു കേരളത്തിൽ വ്യാപകമല്ലെങ്കിലും എറണാകുളത്തു സൗത്ത് സ്റ്റേഷനിൽ സജീവം. ചൊവ്വാഴ്ചകളിൽ പുലർച്ചെ 12.20 നുളള എറണാകുളം– ഹൗറ അന്ത്യോദയിലെ യാത്രക്കാരെയാണു ട്രാൻസ്ജെൻഡറുകൾ പിഴിയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായതിനാൽ  ആർപിഎഫ് പോലും ഈ ട്രെയിനിലേക്കു തിരിഞ്ഞുനോക്കാറില്ല. 30 രൂപ മുതൽ 100 രൂപ വരെയാണു  യാത്രക്കാരിൽ നിന്നു പിരിക്കുന്നത്. പണം കൊടുക്കാത്തവരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യും. കനത്ത തിരക്കു മൂലം രാത്രി ഒൻപതോടെ തൊഴിലാളികളെക്കൊണ്ടു പ്ലാറ്റ്ഫോം നിറയും. രാവിലെയുളള ആലപ്പി– ധൻബാദ് എക്സ്പ്രസിലും പിരിവു ശല്യമുണ്ട്. മലയാളി യാത്രക്കാരെക്കാൾ ട്രാൻസ്ജെൻേഡഴ്സിനു താൽപര്യം ഇതര സംസ്ഥാനക്കാരെയാണ്. 

കുട്ടിക്ക്രിമിനലുകളും.

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുളള എ.എൽ. ജേക്കബ് പാലത്തിനു സമീപം നടന്നു പോകുന്നവരെ കുട്ടിക്ക്രിമിനലുകളുടെ സംഘമാണ് ആക്രമിക്കുന്നത്. സൗത്ത് സ്റ്റേഷനിൽ നിന്നു കെഎസ്ആർടിസിയിലേക്കും തിരികെയും പോകുന്ന യാത്രക്കാരാണ് ഇവരുടെ ഇരകൾ. കാരിക്കാമുറി ഭാഗത്തു വെളിച്ചമുണ്ടെങ്കിലും വിവേകാനന്ദ റോഡിലൂടെയും പാളത്തിന്റെ അരികിലൂടെയും ബസ് സ്റ്റാൻഡിലേക്കു നടന്നു പോകുന്നവരാണു പ്രധാനമായി ആക്രമിക്കപ്പെടുന്നത്. പാലത്തിനു സമീപുളള കലുങ്കുകളിൽ രാത്രി സാമൂഹിക വിരുദ്ധർ നിലയുറപ്പിക്കും. പ്രാദേശിക സംഘങ്ങളോടൊപ്പം പുറത്തു നിന്നുളളവരും ഈ സംഘത്തിലുണ്ടാകാറുണ്ട്.

കല്ലുകളും  വടികളും ഉപയോഗിച്ചു യാത്രക്കാരനെ അടിച്ചു വീഴ്ത്തി മൊബൈൽ ഫോണും വിലപിടിപ്പുളള വസ്തുക്കളും കവർന്നെടുക്കുകയാണ് ഇവരുടെ രീതി. സെൻട്രൽ പൊലീസിന്റെ മൂക്കിനു താഴെയാണ് ഈ അതിക്രമം  ദിവസവും അരങ്ങേറുന്നത്. സ്ഥല പരിചയമില്ലാത്തവരും മറ്റു ജില്ലകളിൽ നിന്നുളളവരുമാണു സ്റ്റാൻഡിലിറങ്ങി വിവേകാനന്ദ റോഡ് വഴി നടന്നു സ്റ്റേഷനിലേക്കു പോകാൻ ശ്രമിക്കുന്നത്. ഈ ഭാഗത്തു കാര്യമായ പൊലീസ് പരിശോധനകളില്ല. അഥവാ പൊലീസെത്തിയാൽ അക്രമികൾ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ഭാഗത്തേക്കു രക്ഷപ്പെടും.

ട്രാൻസ്ജെൻഡറുകളിൽ മാന്യമായി ജീവിക്കുന്നവരുണ്ടെങ്കിലും പേരു ദോഷമുണ്ടാക്കുന്നവരും ധാരാളം. സൗത്ത്, നോർത്ത് പാലങ്ങൾക്കടിയിലും കളത്തിപ്പറമ്പ് റോഡിലും രാത്രിയായാൽ മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന ട്രാൻസജെൻഡറുകൾ സജീവം. പുല്ലേപ്പടി പാലത്തിനു സമീപം ധാരാളം വീടുകൾ ഉളളതുകൊണ്ട് അവിടെ ശല്യമില്ല. ട്രാൻസ്ജെൻഡറുകളെ തേടി വരുന്ന ചെറുപ്പക്കാരെയാണ് അവരുടെ കൂട്ടാളികൾ പ്രധാനമായി ആക്രമിക്കുന്നത്. ഇത്തരം കേസുകളിൽ ആരും പരാതി പറയില്ലെന്നതിനാൽ സംഘം ചേർന്ന് ആക്രമിക്കുകയും പണം കവരുകയും ചെയ്യുന്നതു പതിവാണെന്നു റെയിൽവേ പൊലീസ് പറയുന്നു. സൗത്ത് പാലത്തിനു സമീപമുളള 2 ആളൊഴിഞ്ഞ കെട്ടിടങ്ങളാണ് ഇവർ അനാശാസ്യ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത്. പൊലീസ് പട്രോളിങ് നേരത്തെ ശക്തമായിരുന്നപ്പോൾ വളഞ്ഞമ്പലം മേഖലയിൽ‍ ഇവരുടെ ശല്യം കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും പഴയ പോലെയായി. 

പാളം കുറുകെ കടക്കൽ

ഏതാനും മിനിറ്റ് ലാഭിക്കാനാണു സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തുന്നവർ റോഡ് ഒഴിവാക്കി പാളം കുറുകെ കടക്കുന്നത്. സൗത്ത് സ്റ്റേഷനിൽ എപ്പോഴും ഷണ്ടിങ് നടക്കുന്നതിനാൽ വിവിധ ട്രാക്കുകളിൽ ട്രെയിനുകളുണ്ടാകും. പുറകോട്ട് വരുന്ന ട്രെയിന്റെ ശബ്ദം പോലും ദൂരെ നിന്നു കേൾക്കാൻ കഴിയില്ല. ഏറ്റവും പിന്നിലുളള കോച്ചിൽ നിന്നു റെയിൽവേ ജീവനക്കാർ വിസിലടിച്ചാൽ മാത്രമേ സന്ധ്യ മയങ്ങിയാൽ ഷണ്ടിങ് നടക്കുന്നതു ശ്രദ്ധയിൽപ്പെടൂ. അപകടം ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്.

നോർത്തിലെപ്പോലെ സൗത്തിൽ കാൽനടക്കാർക്കു മേൽനടപ്പാലം ഇല്ല. അതിനു പരിഹാരം കാണാൻ നഗരസഭയ്ക്കോ പൊതുമരാമത്തു വകുപ്പിനോ കഴിയണം. അല്ലെങ്കിൽ പ്ലാറ്റ്ഫോമുകളുടെ അറ്റത്തു നിന്നു ട്രാക്കിലേക്കു കടക്കാൻ കഴിയാത്ത രീതിയിൽ വഴികൾ അടയ്ക്കണം

കാടു വളർത്തുന്ന റെയിൽവേ

റെയിൽവേ പാതകളുടെ ഇരുവശത്തും കാടു വളരാതെ സൂക്ഷിക്കേണ്ടതു റെയിൽവേയാണ്. എന്നാൽ എറണാകുളത്തു ട്രെയിനുകൾ പിടിച്ചിടുന്ന കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുളള  ചേമ്പിൻകാടും എ.എൽ. ജേക്കബ് മേൽപ്പാലത്തിനു സമീപത്തെ കുറ്റിക്കാടും സാമൂഹിക വിരുദ്ധർക്ക് അനുഗ്രമാണ്. നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വന്ന്  എറിയുന്നത് എറണാകുളം മാർഷലിങ് യാഡിനു സമീപത്തെ കാട്ടിലാണ്. ട്രെയിൻ സൗത്തിൽ എത്തുന്നതിനു മുൻപു ട്രെയിനിൽ നിന്നു നിരോധിത ഉൽപന്നങ്ങൾ കാട്ടിലേക്ക് എറിയുകയും പിന്നീട് അതിന്റെ ഏജന്റുമാർ എടുത്തു കൊണ്ടുപോവുകയുമാണു ചെയ്യുന്നത്. നേരത്ത ഓടിയെത്തുന്ന ട്രെയിനുകൾ പ്ലാറ്റ്ഫോമില്ലാതെ ഏറെ നേരമാണു ഒൗട്ടറിൽ പിടിച്ചിടുന്നത്.

ഒരു സുരക്ഷയും ഇല്ലാത്ത സ്ഥലത്താണ് അസമയത്തു ട്രെയിനുകൾ നിർത്തിയിടുന്നത്. എല്ലാ ട്രെയിനുകളെയും സ്റ്റേഷനിൽ ഒരേ സമയം സ്വീകരിക്കാൻ കഴിയാത്തതു പ്ലാറ്റ്ഫോമുകളുടെ നീള വ്യത്യാസം കൊണ്ടാണെന്നാണു റെയിൽവേ പറയുന്നത്. എന്നാൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാൻ റെയിൽവേക്കു കഴിഞ്ഞിട്ടില്ല.

പരിമിതികളിൽ ആർപിഎഫ്

റെയിൽവേ സുരക്ഷാ സേനയിൽ നല്ല  ചില ഉദ്യോഗസ്ഥരുണ്ടെങ്കിലും അവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പാലങ്ങൾ പലതും സ്റ്റേഷൻ കോമ്പൗണ്ടിനു പുറത്തായതിനാൽ അവിടെ സ്ഥിരം നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനാവുന്നില്ല. ഈ സാഹചര്യത്തിലാണു നോർത്ത് മുതൽ സൗത്ത് വരെ വേലി കെട്ടി സംരക്ഷിക്കണമെന്ന നിർദേശം ആർപിഎഫ് നേരത്തെ മുന്നോട്ടു വച്ചത്. സ്റ്റേഷനുകളെ കൂടുതൽ സുരക്ഷിതമാക്കാനും ഇതാവശ്യമാണ്.

മുൻപു വിമാനത്താവള മാതൃകയിൽ സ്റ്റേഷനുകളിൽ പരിശോധന ഏർപ്പെടുത്താൻ  ആലോചിച്ചെങ്കിലും നടപ്പാകാതെ പോകാനുളള പ്രധാന കാരണം പല വഴികളിലൂടെ സ്റ്റേഷനിൽ കയറാമെന്നതായിരുന്നു. ലക്ഷങ്ങൾ മുടക്കി സ്കാനിങ് യന്ത്രങ്ങൾ വാങ്ങിയെങ്കിലും 5 കൊല്ലം കഴിഞ്ഞിട്ടും ഇതുവരെ ഒരു ബാഗ് പോലും സൗത്ത് സ്റ്റേഷനിൽ സ്കാൻ ചെയ്തിട്ടില്ല. സിസിടിവി ക്യാമറ സ്ഥാപിച്ചതു മാത്രമാണ് ആകെയുള്ള മാറ്റം. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.