വെട്ടിനുറുക്കും; നീ താമസിക്കുന്നത് എവിടെയെന്ന് അറിയാം’; ടാക്സി യാത്ര; പകച്ച് യുവതി

ola-taxi-bengaluru-25
SHARE

ഒല ടാക്സിയിൽ യുവതിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ബെംഗളുരുവിൽ എൻജിനിയറായി ജോലി ചെയ്യുന്ന അർജിത ബാനർജി (22) യുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. മുഹമ്മദ് അസര്‍ദീൻ എന്നയാളാണ് അറസ്റ്റിലായത്. 

ബെംഗളുരുവിൽ എൻജിനിയറാണ് അർജിത. കൊറമംഗലയിലെ സഹോദരിയുടെ വീട്ടിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങാൻ കൊൽക്കത്തയിൽ നിന്ന് അച്ഛനാണ് അർജിതക്ക് ഒല ആപ്പ് വഴി കാർ ബുക്ക് ചെയ്തുകൊടുത്തത്. പിന്നാലെ ഡ്രൈവറെ വിളിച്ച് സ്ഥലത്തെത്തുമ്പോൾ തന്നെ വിളിക്കണമെന്ന് അര്‍ജിത ആവശ്യപ്പെട്ടു. 'മാഡത്തിന് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം' എന്നായിരുന്നു ഡ്രൈവറുടെ മറുപടി. പന്തികേട് തോന്നിയെങ്കിലും ജോലിക്ക് പോകാൻ വൈകുമായിരുന്നതിനാൽ ഈ കാബിൽ തന്നെ പോകാൻ അർജിത തീരുമാനിക്കുകയായിരുന്നു. 

വളരെ പതുക്കെയാണ് ഇയാൾ കാറോടിച്ചിരുന്നത്. അതിനാൽ അർജിതയും മറ്റ് യാത്രക്കാരും വേഗം കൂട്ടാൻ ആവശ്യപ്പെട്ടു. ഇതോടെ അലക്ഷ്യമായി അമിതവേഗത്തിൽ ഇയാൾ കാറോടിക്കാൻ തുടങ്ങി. ഇതോടെ മര്യാദക്ക് വാഹനമോടിക്കണം എന്ന് യാത്രക്കാർ പറഞ്ഞു. അധികം വൈകാതെ മറ്റ് യാത്രക്കാരെല്ലാം ഇറങ്ങി, കാറിൽ അർജിത ഒറ്റക്കായി. 

ഒടുവിൽ അർജിതക്ക് ഇറങ്ങേണ്ട സ്ഥലമായി. 200 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. ഒല മണി വഴി പണം മുൻകൂട്ടി അടച്ചതാണെന്ന് മറുപടി നൽകി. ഇതോടെ അയാൾ ക്ഷുഭിതനായി അധിക്ഷേപിക്കാൻ തുടങ്ങിയെന്ന് അർജിത പറയുന്നു. 'അച്ഛനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ഞാൻ. നിങ്ങൾ അച്ഛനോട് സംസാരിക്കൂ എന്ന് ഞാൻ  പറഞ്ഞു. ഫോൺ പിടിച്ചുവാങ്ങി, മകളെ എവിടെയെങ്കിലും ഇറക്കിവിടുമെന്നും വിൽക്കുമെന്നും ഒക്കെ പറഞ്ഞു''-അർജിത പറഞ്ഞു.  

'ഞാൻ പേടിച്ചുപോയി. കാർ ലോക്ക് ചെയ്തതിനാൽ എനിക്ക് പുറത്തിറങ്ങാനും കഴിയുന്നുണ്ടായിരുന്നില്ല. 'നിങ്ങളുടെ മകളെ ഞാൻ  വെട്ടിനുറുക്കും. അവളോട് 130 രൂപ തരാൻ പറയൂ' എന്നയാൾ അച്ഛനോട് അലറി. 

ഒടുവിൽ 500 രൂപ നൽകിയ ശേഷമാണ് അയാൾ ഫോൺ തിരികെ നൽകിയത്. കാറിൽ നിന്നിറങ്ങിയ ശേഷം ഇനി നിങ്ങൾ ഒരിക്കലും ഡ്രൈവ് ചെയ്യില്ലെന്ന് ഞാൻ അയാളോട് പറഞ്ഞു. ' നീ എവിടെയാണ് താമസിക്കുന്നത് എന്നെനിക്കറിയാം. നിന്നെ ഞാൻ വെറുതെ വിടില്ല'-അയാള്‍ ഭീഷണിപ്പെടുത്തി. 

പിന്നീട് അർജിത നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവം ഒലയുടെ സുരക്ഷാ വകുപ്പിൽ റിപ്പോർട്ട് ചെയ്തെങ്കിലും ശരിയായ പ്രതികരണമുണ്ടായില്ലെന്ന് അർജിതയുടെ പിതാവ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE