മൃതദേഹം കുഴിച്ചിട്ട നിലയില്‍; ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടാകാമെന്ന് പൊലീസ്

neyyattinkara-murder
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൃതദേഹം ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ട സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടാകാമെന്ന് പൊലീസ്. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. യുവാവ് കൊല്ലപ്പെട്ടത് കഴുത്തിനേറ്റ കുത്തുകൊണ്ടെന്ന് പോസ്റ്റുമോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

നെയ്യാറ്റിന്‍കര അറയൂര്‍ സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച കാണാതായ ബിനുവിനായി തിരച്ചില്‍ നടക്കുന്നതിനിടെ ബിനുവിന്റെ സുഹൃത്ത് ഷാജിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു. ഷാജിയാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാജി ഒളിവിലാണ്. ബിനുവിന്റെ കഴുത്തിനേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

മൃതദേഹം കണ്ട പറമ്പില്‍ നിന്ന് പൊട്ടിയ ബീയര്‍ കുപ്പി കിട്ടിയിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പാണ് കൊല നടന്നതെന്നും പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായി. ഷാജിയുടെ മറ്റൊരു സുഹൃത്ത് ഈ ദിവസങ്ങളില്‍  ഇവിടെ വന്നിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അതിനാലാണ് ഒന്നിലേറെപ്പേര്‍ക്ക് പങ്കെന്ന സംശയത്തിന് കാരണം. തമിഴ്നാട്ടിലെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ തുടരുന്നത്. വ്യക്തിവൈരാഗ്യമാണോ കൊലപാതകകാരണമെന്നും അന്വേഷിക്കുന്നുണ്ട്. ഷാജിയുടെ ഭാര്യ അടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്ത് വരികയാണ്. പാറശാല പൊലീസാണ് അന്വേഷിക്കുന്നത്.

MORE IN Kuttapathram
SHOW MORE