‘കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട്...’; ഫോണില്‍ പ്രതി; നടുക്കം, അറസ്റ്റ്

usha-murder
SHARE

‘കോഴിക്കോട് വരെ പോവുകയാണെന്നു പറഞ്ഞാണ് ഫോണിൽ സംസാരം തുടങ്ങിയത്. കൊച്ചമ്മയുടെ വീടിന്റെ ഔട്ട് ഹൗസിൽ ടോമിച്ചന്റെ വീടിന്റെ താക്കോൽ വച്ചിട്ടുണ്ട്. അതെടുത്ത് വീട് തുറന്നു നോക്കണം. അവിടെ ഒരു സാധനം ഉണ്ട്. ഉഷയമ്മ വീട്ടിൽ ഉണ്ട്...’ പിന്നെ വർത്തമാനം നിർത്താറായപ്പോൾ ഇത്രകൂടി പറഞ്ഞു. 

‘കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം’– വീട്ടു ജോലിക്കാരൻ പ്രഭാകരൻ മൊബൈൽ ഫോണിലൂടെയാണ് ഇത് പറഞ്ഞത്.  കേട്ടപ്പോൾ വിറച്ചു പോയതായി വീട്ടുടമയുടെ സഹോദരി വൽസമ്മ പൊലീസിനോടു പറഞ്ഞു. ഇന്നലെ രാവിലെ ഏ‌‌‌ഴരയോടെയാണ് പ്രഭാകരൻ വിളിച്ചത്.

ഏറ്റുമാനൂർ എംസി റോഡിൽ വിമല ജംക്‌ഷനു സമീപം വീട്ടു ജോലിക്കാരിയെ ആൾ‍താമസമില്ലാത്ത വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഈ നാടകീയത. കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ ഉഷാ രാജനാണ്(50) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ വീട്ടിലെ ജോലിക്കാരൻ മറ്റക്കര സ്വദേശി പ്രഭാകരനെ(70) പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കൊലപ്പെടുത്തിയ വിവരം പ്രഭാകരൻ വീട്ടുടമയുടെ സഹോദരിയെ വിളിച്ചറിയിക്കുകയായിരുന്നു.

പൊതുവേ സൗമ്യ സ്വഭാവക്കാരനായ പ്രഭാകരൻ ഇങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.എങ്കിലും പ്രഭാകരന്റെ വർത്തമാന രീതിയിൽ സംശയം തോന്നി. ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. എംസി റോഡിൽ വിമല ജംക്‌ഷനു പിന്നിൽ തോപ്പിൽ തെക്കുംഭാഗത്ത് എസ്എഫ്എസ് റോഡിൽ ഏതാനും വർഷം മുൻപാണ് ഈ വീട് വാങ്ങിയത്. വീട്ടുടമയും കുടുംബവും വർഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. അതിനാൽ പ്രഭാകരനെയാണ് വീട്ടിലെ ജോലികൾ ചെയ്യാൻ ഏൽപിച്ചിച്ചിരുന്നത്.

പ്രഭാകരനാണു കൊല്ലപ്പെട്ട ഉഷയെ ജോലിക്കു കൊണ്ടു വന്നതെന്നും വൽസമ്മ മൊഴി നൽകി. വത്സമ്മ അറിയിച്ചതനുസരിച്ച് മറ്റക്കരയിലുള്ള ബന്ധുക്കൾ എത്തിയപ്പോഴേക്കും ഒരു മണിക്കൂർ കഴിഞ്ഞു. ഇവർ ടോമിച്ചന്റെ വീട്ടിൽ എത്തിയെങ്കിലും അകത്തു കയറിയില്ല. പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് വീട് തുറന്നത്.

തുടർന്നു ഇടുക്കിയിലെ ബന്ധു വീട്ടിലേക്കു പോയ പ്രഭാകരൻ രാത്രി പള്ളിക്കത്തോട്ടിലെ മറ്റൊരു ബന്ധുവീട്ടിൽ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉഷയുടെ ഭർത്താവ് രാജന്റെ കൂടെ കൂലിപ്പണിക്കു പോകാറുള്ള ആളാണ് പ്രഭാകരൻ.

MORE IN Kuttapathram
SHOW MORE