ക്രൂരമായി തല്ലി; അമ്മേയെന്ന് വിളിച്ചു കരഞ്ഞത് ഇഷ്ടപ്പെട്ടില്ല; കണ്ണില്ലാക്രൂരത

child-murder-aluva
SHARE

കുരുന്നുകളെ ക്രൂരതയിലേക്ക് തള്ളിവിടുന്ന വേട്ടക്കാര്‍ ഒാരോ രൂപത്തില്‍ പ്രത‍ൃക്ഷപ്പെടുകയാണ്. അമ്മയുടേയും  പിതാവിന്‍റേയുമൊക്കെ  മുഖംമൂടി ധരിച്ച്. തൊടുപുഴയിലെ ഏഴുവയസുകാരന്‍  അതിക്രൂരമര്‍ദത്തിന് ഇരയായി  കൊല്ലപ്പെട്ട്  ആഴ്ചകള്‍ക്കുള്ളില്‍ തന്നെയാണ് ആലുവയിലെ സംഭവും പുറംലോകമറിയുന്നത്. ഒരിടത്ത് അഛനെന്ന് വിളിക്കാത്തതിന്‍റെ പേരിലായിരുന്നു മര്‍ദനമെങ്കില്‍ ഇവിടെ അമ്മേയെന്ന് വിളിച്ചതിന്‍റെ പേരിലാണ് കൊടിയമര്‍ദനം.. അകാലത്തില്‍ പൊലിഞ്ഞ രണ്ടുകുരുന്നുകളുടേയും മര്‍ദനത്തിന്‍റെ കഥകള്‍ക്ക് സമാനതകളേറെ.

തൊടുപുഴ കുമാരമംഗലത്ത് ആ ഏഴുവയസുകാരനെ കൊടിയ മര്‍ദനത്തിന് ഇരയാക്കിയ പിശാചിന്‍റെ പേര് അരുണ്‍ ആനന്ദ്. ആലുവയില്‍ മൂന്നുവയസുകാരനെ  തുടര്‍ച്ചയായി മര്‍ദിച്ചിരുന്നത് ജന്‍മം നല്‍കിയ അമ്മ 28 കാരി ഹെന്നാ ഖാദുണ്‍. തൊടുപുഴയിലെ ഏഴുവയസുകാരന് മര്‍ദനമേറ്റിരുന്നത് വോക്കിങ് സ്റ്റിക്കുകൊണ്ടും അരുണ്‍ ആനന്ദിന്‍റെ കൈക്കരുത്തുകൊണ്ടും.

ആലുവയില്‍ മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും. ഏഴുവയസുകാരന് മര്‍ദനമേറ്റതിന്‍റെ കാരണം എവിടെനിന്നോ അമ്മ അവരുടെ പ്രിയപ്പെട്ട അഛന് പകരം കൊണ്ടുവന്ന ക്രൂരതയുടെ ആള്‍രൂപത്തെ  അഛനെന്ന് വിളിക്കാത്തതിന്‍റെ പേരില്‍.

ആലുവയിലെ മൂന്നുവയസുകാരനെ തല്ലാന്‍ അമ്മയുടെ കാരണം അവന്‍റെ കുസൃതിയായിരുന്നെത്രേ. ഉരുണ്ട തടികൊണ്ട് തലക്കടിയേല്‍ക്കുമ്പോള്‍ അവന്‍ ഉച്ചത്തില്‍ അമ്മേയെന്ന് വിളിക്കുന്നത് ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെത്രേ. ചട്ടുകം പഴുപ്പിച്ച് ബലമായി പിടിച്ച് അവന്‍റെ പിഞ്ചുശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുമ്പോള്‍ കുതറി മാറാന്‍ ശ്രമിച്ചത് ഇഷ്ടപ്പെട്ടില്ലെത്രേ. കൊടിയ പീഡനം ഏല്‍ക്കുമ്പോള്‍ അവന്‍ അലറിക്കരയുന്നത് മറ്റുവള്ളവര്‍ കേള്‍ക്കുന്നത് കുറവാണെന്ന് ആ സ്ത്രീ കരുതിക്കാണും.

ഏഴുവയസുകാരനെ തുടര്‍ച്ചയായി ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നത് കണ്ട് രസിക്കുകയായിരുന്നു അമ്മയെന്ന് പറയുന്ന ആ സ്ത്രീ. ഒരിക്കല്‍പോലും  തന്‍റെ സ്വന്തം ചോരയെ രക്ഷപെടുത്താന്‍ ശ്രമിച്ചില്ല...കുരുന്ന് മരണത്തിന് കീഴടങ്ങിയപ്പോള്‍ ആസ്ത്രീയും പറഞ്ഞു താന്‍ ഒന്നും അറിഞ്ഞില്ലെത്രേ.... ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായ മകനെ ആശുപത്രിയിലെത്തിച്ച പിതാവെന്ന് വെളിപ്പെടുത്തിയ യുവാവും പറയുന്നു താനൊന്നും അറിഞ്ഞിരുന്നില്ലെന്ന്.

രണ്ടുപേരുടേയും പിഞ്ചുശരീരങ്ങള്‍ ആശുപത്രിക്കിടക്കയിലേക്ക്എത്തുമ്പോള്‍ തിരിച്ചുനടത്താന്‍ കഴിയാത്ത വിധം പരുക്കുകളായിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചു..   കേരളജനത പ്രാര്‍ഥനയോടെ ഒപ്പം നിന്നു..എന്നിട്ടും ആ കുരുന്നുകള്‍ രണ്ടും പീഡനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രപറഞ്ഞു. അവരെ ക്രൂരമായി പീഡിപ്പിച്ചവര്‍ ,ബാല്യത്തിലേ അവരുടെ ജീവന്‍ പന്താടിയവര്‍ ,,അമ്മയെന്ന് വിളിപ്പേരുള്ളവര്‍ ..അവര്‍ നിയമനടപടികളില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഏഴുവയസുകാരനെ കൊടിയപീഡനത്തിന് ശേഷം മരണത്തിലേക്ക് വിട്ടുകൊടുക്കാന്‍ കൂട്ടുനിന്ന ആ യുവതിക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. പൊലീസിന്‍റെ കൈകള്‍ക്ക് ഉന്നതര്‍ വിലങ്ങിട്ടു.  ആ കാമുകനെതിരെ പീഡനത്തിന് പരാതി കൊടുത്താല്‍ താന്‍ രക്ഷപെടുമെന്ന വക്കീലുപദേശം അനുസരിച്ച് നീങ്ങുകയാണ് ആ യുവതി. ആലുവയില്‍ മൂന്നുവയസുകാരനെ കൊന്ന ആ ഇരുപത്തിയെട്ടുകാരിക്കും രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കി അഭിഭാഷകര്‍ തയാറായി നില്‍ക്കുന്നുണ്ട്...യുവതിക്ക് മനോദൗര്‍ബല്യമെന്ന് വരുത്തിതീര്‍ക്കാനും എളുപ്പം സാധിക്കും..

പ്രതികള്‍ പതിവുപോലെ രക്ഷപെടുമെന്ന് ചുരുക്കം.. ആ ഏഴുവയസുകാരനും മൂന്നുവയസുകാരനും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്ന് സമാധാനിക്കേണ്ടി വരും...ഇനിയും വേട്ടയാടപ്പെടും നമ്മുടെ കുരുന്നുകള്‍ ....പുറമെ നിന്നല്ല,,,, അവര്‍ സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളില്‍ തന്നെ...അപ്പോഴും നമുക്ക് കണ്ണീര്‍ വാര്‍ക്കാം ..നൊമ്പരപ്പെടാം...മാപ്പുപറയാം....

MORE IN Kuttapathram
SHOW MORE