നീതു പഠനത്തിൽ മിടുക്കി, ചിത്രകാരി, കാക്കേണ്ടവർ നേരത്തെ പോയി; ഒടുവിൽ ദാരുണമരണം

neethu-nitheesh
SHARE

തൃശൂർ ചിയ്യാരത്ത് സുഹൃത്ത് തീ കൊളുത്തി കൊന്ന നീതുവിന്റെ ജീവിച്ചത് ബന്ധുക്കളുടെ തണലിൽ. അച്ഛനെയും അമ്മയെയും രണ്ടാംവയസിൽ പിരിയേണ്ടി വന്നയാളാണ് നീതു. 20 കൊല്ലം മുൻപ് അമ്മ മരിച്ചതിനു തൊട്ടുപിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീടിതുവരെ നീതുവിനെ പോറ്റിവളർത്തിയതും കാത്തുസൂക്ഷിച്ചതും അമ്മൂമ്മയും അമ്മാവനും ചേർന്നാണ്. നീതുവും പോയതോടെ ഇവർ ഒറ്റയ്ക്കായി. 

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർഥയായിരുന്നു നീതുവെന്നു ബന്ധുക്കളും നാട്ടുകാരും ഓർമിക്കുന്നു. നന്നായി ചിത്രം വരയ്ക്കും. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിലും മികവുകാട്ടി. യാത്രകളിലുള്ള താൽപര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കൾ പറയുന്നു.

യാത്രാതൽപ്പരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ ഇരുവരും അംഗമായിരുന്നതായി പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങൾ പതിച്ചിരുന്നു. നിധീഷിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും നീതുവിനൊപ്പമുള്ള ചിത്രമാണ് പ്രൊഫൈൽ പിക്ചർ. നീതു കൊല്ലപ്പെടുന്ന സമയത്ത് അമ്മൂമ്മ വത്സലയും അമ്മാവൻ സഹദേവനും വീട്ടിലുണ്ടായിരുന്നു.  ബഹളം കേട്ട് ഇവർ ഓടിയെത്തുമ്പോഴേക്കും തീയാളിപ്പടർന്നിരുന്നു

ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോൾ കൊണ്ടുവന്നത് നീതുവിന്റെ ജീവനെടുക്കാനും വിഷം  കരുതിയത് സ്വയം ജീവനൊടുക്കാനും.നീതുവിന്റെ ജീവനെടുക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ആസൂത്രണം കൃത്യമായിരുന്നെങ്കിലും പിന്നീടങ്ങോട്ടു നിധീഷ് വിചാരിച്ചതു പോലെയല്ല നടന്നത്. നീതുവിന്റെ ബന്ധുക്കൾ പിടിച്ച‍ുകെട്ടിയതോടെ വിഷം കഴിച്ചു മരിക്കാനുള്ള നിധീഷിന്റെ ആലോചന പൊളിഞ്ഞു.

കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നിധീഷ് ചിയ്യാരത്തു നീതുവിന്റെ വീട്ടിൽ എത്തിയതെന്നു പൊലീസിനു ബോധ്യപ്പെട്ടു. രാവിലെ നാലരയോടെ തന്നെ ഇയാൾ വീടിന്റെ പരിസരത്തെത്തിയിരുന്നെങ്കിലും അടുക്കള വാതിൽ തുറക്കുന്നതുംകാത്ത് 2 മണിക്കൂറോളം പുറത്തു ചെലവഴിച്ചു.  ബൈക്ക് വീടിനു മുൻഭാഗത്തു പാർക്ക് ചെയ്യുന്നതിനു പകരം സമീപത്തെ ഇടറോഡിലാണു വച്ചത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ടിരുന്നു. ബാഗിൽ 2  കുപ്പിയിൽ പെട്രോൾ നിറച്ചു സൂക്ഷിച്ചിരുന്നു.

ഉപയോഗിച്ചു പഴകാത്ത വിലയേറിയ കത്തിയും ബാഗിനുള്ളിലുണ്ടായിരുന്നു. ഒരു ജോടി കയ്യുറയും കരുതി. വീട്ടിലേക്കു നേരിട്ടു കടക്കുന്നതിനു പകരം സമീപത്ത‍ു താമസിക്കുന്ന നീതുവിന്റെ അമ്മാവൻ വാസുദേവന്റെ വളപ്പിലൂടെ കടന്ന് നീതുവിന്റെ വീടിന്റെ പിന്നിലെത്തുകയായിരുന്നു.\ആറരയോടെ അടുക്കളവാതിൽ കടന്ന് ഉള്ളിലെത്തി. കത്തികൊണ്ടു പല വട്ടം കുത്തിയെങ്കിലും അഞ്ചിടത്താണ് സാമാന്യം ആഴത്തിലുള്ള മുറിവുകളുണ്ടായത്.

കഴുത്തിലേറ്റ മുറിവിനു സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ല. കുത്തേറ്റു വീണപ്പോഴാണ് നീതുവ‍ിനു മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.സമീപത്തെ വീടുകളിൽ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി യുവാവിന്റെ കൈകൾകെട്ടിയ ശേഷം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു

നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു.കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു

MORE IN Kuttapathram
SHOW MORE